പോത്തൻകോട്: പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ ലോക്ക്ഡൗൺ സമയത്ത് ഇഫ്ത്താർ വിരുന്ന് നടത്തിയെന്ന മാധ്യമവാർത്തകൾ തെറ്റാണെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ അരുൺ. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തെ പൊലീസ് ഇടപെടലുകളിൽ വൈരാഗ്യമുള്ള ചിലരാണ് വാർത്തയ്ക്ക് പിന്നിൽ. യാതൊരു വിരുന്നും ഇന്നലെ സ്റ്റേഷനിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊലീസ് സ്റ്റേഷനിൽ ഇഫ്ത്താർ വിരുന്ന് നടന്നെന്നും ഭക്ഷണം എത്തിച്ചത് കഞ്ചാവ് കേസ് പ്രതിയാണെന്നുമാണ് വാർത്തയിൽ പറയുന്നത്. രണ്ടും തെറ്റാണ്. ഇന്നലെ ഞായറാഴ്‌ച്ച ആയിരുന്നതിനാലും ലോക്ക്ഡൗൺ ആയിരുന്നതിനാലും ഹോട്ടലുകൾ ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഡ്യൂട്ടിയിലുള്ള പൊലീസുകാർ കാശ് പങ്കിട്ടെടുത്ത് ആഹാരം നേരത്തെ ഓർഡർ ചെയ്തിരുന്നു.

കഴക്കൂട്ടത്ത് നൈറ്റ് തട്ടുകട നടത്തുന്ന നജീബിനോടാണ് ആഹാരം പറഞ്ഞിരുന്നത്. ലോക്ക്ഡൗൺ ആയതിനാൽ അയാളുടെ കട ഇല്ലാത്തതിനാൽ സ്റ്റേഷന് സമീപമുള്ള ഹോട്ടലിൽ വച്ച് പാചകം ചെയ്താണ് പതിനഞ്ചോളം പൊലീസുകാർക്കുള്ള ആഹാരം എത്തിച്ചത്. നോമ്പ് മുറിക്കുന്ന സമയത്ത് നടത്തുന്ന വിരുന്നിനെയാണല്ലോ ഇഫ്ത്താർ വിരുന്നെന്ന് വിളിക്കുന്നത്. ഉച്ചയ്ക്ക് കഴിക്കുന്നത് എങ്ങനെയാണ് ഇഫ്ത്താർ വിരുന്നാകുകയെന്നും സിഐ ചോദിക്കുന്നു.

താൻ ഇന്നലെ ഉച്ചയ്ക്ക് സ്റ്റേഷനിൽ ഉണ്ടായിരുന്നില്ല. സ്റ്റേഷൻ ഹൗസ് ഓഫീസറായ തന്റെ അസാന്നിദ്ധ്യത്തിൽ സ്റ്റേഷനിൽ ഇഫ്ത്താർ വിരുന്ന് സംഘടിപ്പിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ഞായറാഴ്‌ച്ച ആയതിനാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പൊലീസുകാർക്കുമുള്ള ഭക്ഷണം ഒരുമിച്ച് ഓർഡർ ചെയ്യുകയാണ് ചെയ്തത്. എന്നാൽ ഡ്യൂട്ടിയിൽ ഒഴിവ് കിട്ടുന്ന മുറയ്ക്ക് ഓരോരുത്തരായി വന്ന് കഴിക്കുകയാണ് ഉണ്ടായത്. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകപോലും ഉണ്ടായിട്ടില്ലെന്നും സിഐ പറഞ്ഞു.

ഭക്ഷണം കൊണ്ടുവന്ന നജീബ് ക്രിമിനൽ കേസ് പ്രതിയാണെന്ന് വാർത്തയിൽ പറയുന്നതും ശരിയല്ല. പോത്തൻകോടോ സമീപ സ്റ്റേഷനുകളിലോ നജീബിന്റെ പേരിൽ ഒരു കേസ് പോലുമില്ല. ഞായറാഴ്‌ച്ച ഭക്ഷണം തയ്യാറാക്കി എത്തിച്ചുതരാമെന്ന് അയാൾ ഇങ്ങോട്ടുവന്ന് അറിയിക്കുകയായിരുന്നു. അതിന്റെ ഭാഗമായിട്ടാണ് പൊലീസുകാർ പിരിവിട്ട് കാശ് നൽകിയതെന്നും സിഐ പറയുന്നു.