കോവിഡ് 19 മഹാമാരി ഉത്തരേന്ത്യയിൽ താണ്ഡവനൃത്തമാടുകയും കേരളത്തിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തിൽ വമ്പൻ ആൾക്കൂട്ടം സൃഷ്ടിക്കുന്ന തൃശ്ശൂർപൂരം ഒഴിവാക്കണമോ, വേണ്ടയോ എന്നതിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളുടെ സ്വഭാവവും ഗവൺമെന്റ് അതിൽ നടത്തുന്ന ഇടപെടലുംനമ്മുടെ കേരളത്തിന്റെ ഇതുവരെയുള്ള എല്ലാ വിദ്യാഭ്യാസ, നവോത്ഥാന പാരമ്പര്യത്തെയും കൈയൊഴിഞ്ഞുകൊണ്ടുള്ളതാണ്.

ഉത്തരേന്ത്യയിൽ ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന കോവിഡ് 19 വ്യാപനത്തിന് 40 ലക്ഷത്തോളം ആളുകൾ ഒന്നിച്ച് കൂടിയ ഹരിദ്വാർ കുംഭമേള വഹിച്ച പങ്ക് ഇന്ന് ആ സമൂഹം ഒന്നടങ്കം കുറ്റബോധത്തോടും ഭയപ്പാടോടും കൂടി ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. ഒന്നാം കോവിഡ് തരംഗത്തിന് തബ്ലീഗ് സമ്മേളനവും കാര്യമായ സംഭാവന നല്കിയിട്ടുണ്ട്. .
ഇത്തരത്തിൽ അണുജീവികളെയും രോഗങ്ങളെയുംപറ്റി തീരെ ധാരണയില്ലാത്ത, വലിയ ആൾക്കൂട്ടങ്ങൾ സൃഷ്ടിക്കുന്ന, ബോധനിലവാരംതാണ മതമേധാവികളുടെ താളത്തിനൊത്ത് പുരോഗമനസ്വഭാവം അവകാശപ്പെടുന്ന കേരളത്തിലെ ഇടതുപക്ഷസർക്കാർ തുള്ളുന്നത് നമ്മുടെ സമൂഹത്തിനാകെ നാണക്കേടാണ്.

ഈ സാഹചര്യത്തിൽ ഏതുതരത്തിലുള്ള ആൾക്കൂട്ടവും ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. രോഗം പകർന്ന് നിയന്ത്രണാതീതം ആകുമ്പോൾ വിലപിച്ചിട്ട് കാര്യമില്ല. രോഗം എങ്ങനെ പകരുന്നു എന്നത് സംബന്ധമായ ധാരണകൾ ഇന്നത്തെ സമൂഹത്തിൽ ഉണ്ട്. അതു മനസ്സിലാക്കിക്കൊണ്ട് തീരുമാനങ്ങൾ എടുക്കുകയാണ് വേണ്ടത്. ആൾക്കൂട്ടം ഒഴിവാക്കണം എന്നത് ഡോക്ടർമാരുടെ ഉൾപ്പെടെയുള്ള പ്രൊഫഷണൽ ബോഡികൾ ഇതിനകം ചൂണ്ടിക്കാണിച്ച കാര്യമാണ്.

ഒരുപക്ഷേ ശബരിമല വിഷയം കൈകാര്യംചെയ്ത രീതി തങ്ങൾക്ക് പാർലമെന്ററി നഷ്ടങ്ങൾ ഉണ്ടാക്കി എന്ന കണക്കുകൂട്ടൽ ആകാം ഇന്ന് മതമേധാവികളുടെ മുമ്പിൽ പേടിച്ചു നിൽക്കുന്ന ഒരു അവസ്ഥയിലേക്ക് ഇടതുപക്ഷ മുന്നണി നേതൃത്വത്തെ കൊണ്ടെത്തിച്ചത്. കേവലം പാർലമെന്ററി വ്യാമോഹങ്ങളിലും കണക്കുകൂട്ടലുകളിലും വ്യാപിരിച്ചുകൊണ്ട് കേരളത്തിലെ ജനങ്ങളുടെ ജീവൻ കൊണ്ട് കളിക്കരുത് എന്നും പ്രോഗ്രസ് പൊളിറ്റിക്കൽ ഫ്രണ്ട് ആവശ്യപ്പെടുന്നു.