കാസർഗോഡ്: നടിയെ ആക്രമിച്ച കേസിമായി ബന്ധപ്പെട്ട് മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ കെ.ബി. ഗണേശ് കുമാർ എംഎ‍ൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വിധി പറയും. ഹോസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.കേസിലെ എട്ടാം പ്രതി ദിലീപിന് അനുകൂലമായി മൊഴി നൽകിയില്ലെങ്കിൽ മാപ്പുസാക്ഷിയെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പ്രദീപ്കുമാറിനെതിരെയുള്ള കേസ്.

കാസർഗോഡ് സ്വദേശി വിപിൻലാൽ ആണ് പരാതിയുമായി പൊലീസിൽ സമീപിച്ചത്.ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതിനായി ചില പൊലീസ് ഉദ്യോഗസ്ഥർ കെട്ടിച്ചമച്ചതാണ് കേസെന്നാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. നാല് ദിവസമായി ചോദ്യം ചെയ്‌തെങ്കിലും പ്രദീപ് കുമാർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. സിംകാർഡ് അടങ്ങിയ ഫോൺ നഷ്ടപ്പെടുത്തി എന്നുമാത്രമാണു പ്രദീപ് പൊലീസിനോട് പറഞ്ഞത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാസർകോട് എസ്‌പി നിയോഗിച്ച പ്രത്യേക സംഘം പത്തനാപുരത്തെ ഗണേശ് കുമാർ എംഎ‍ൽഎയുടെ വീട്ടിൽ നിന്നാണ് പ്രദീപ്കുമാറിനെ അറസ്റ്റ് ചെയ്തത്. അതേസമയം കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അട്ടിമറിയെ കുറിച്ചു വിശദമായ അന്വേഷണം ആവശ്യപ്പെട്ടു അഭിഭാഷക സംഘടന രംഗത്തെത്തി. നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തിപരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ ഭരണ-പ്രതിപക്ഷ കക്ഷികളിലെ ഹെവി വെയ്‌ററുകൾ നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചുവെന്നും സംഘടന പരാതിപ്പെട്ടു.

നേരായ രീതിയിലുള്ള തുടരന്വേഷണം ആവശ്യപ്പെട്ട് ഭരണപക്ഷ അഭിഭാഷക സംഘടന തയാറാക്കിയ പത്രക്കുറിപ്പ് ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്‌സ് രാഷ്ട്രീയ സമ്മർദത്തെ തുടർന്നു പിൻവലിക്കുകയും പിന്നീട് സംഘടനയുടെ ഔദ്യോഗിക സമൂഹമാധ്യമ കൂട്ടായ്മയിൽ മാത്രം പങ്കുവെക്കുകയുമായിരുന്നു.സിപിഐയുടെ ദേശീയ അഭിഭാഷക സംഘടനയാണ് ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്‌സ് (ഐഎഎൽ). സംസ്ഥാന പ്രസിഡന്റും കേരള ബാർ കൗൺസിൽ ചെയർമാനുമായ കെ.പി.ജയചന്ദ്രൻ, ജനറൽ സെക്രട്ടറി സി.ബി.സ്വാമിനാഥൻ എന്നിവരുടെ പേരിൽ തയാറാക്കിയ പത്രക്കുറിപ്പാണ് മാധ്യമങ്ങൾക്കു നൽകാതിരുന്നത്.

ദുബയ് കേന്ദ്രീകരിച്ചാണ് കേസ് അട്ടിമറിക്കാൻ ശ്രമം നടന്നത്. കേസന്വേഷണത്തിന്റെ ആദ്യഘട്ടം മുതൽ ഭരണ പ്രതിപക്ഷ കക്ഷികളിലെ ഹെവി വെയ്റ്റുകൾ ശ്രമിച്ചു. പ്രതിയായ നടൻ, എംഎൽഎ, മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥ എന്നിവരുടേത് അടക്കമുള്ള ഫോൺവിളികൾ പരിശോധിക്കണമെന്നും പത്രക്കുറിപ്പിൽ പറയുന്നുണ്ട്. രാജിവച്ച സ്‌പെഷൽ പ്രോസിക്യൂട്ടറുടെ നടപടിയെയും ഐ.എ.എൽ വിമർശിക്കുന്നു.

ഇതിനെ സംഘടനയിൽ അംഗങ്ങളായ പ്രോസിക്യൂട്ടർമാർ എതിർത്തു.സംഘടന ഉന്നയിക്കുന്ന മറ്റ് ആരോപണങ്ങൾ ഇവയാണ്. പ്രതിയായ നടന്റെ അടുത്ത ചങ്ങാതിമാരെ പ്രോസിക്യൂഷൻ സാക്ഷികളായി ഉൾപ്പെടുത്തി കൂറുമാറാൻ അവസരം നൽകി. കോടതിയിൽ നിന്നു നീതി ലഭിക്കില്ലെന്നു പ്രോസിക്യൂഷനു തോന്നിയിട്ടുണ്ടെങ്കിൽ തുടക്കത്തിൽ തന്നെ ഇക്കാര്യം മേൽകോടതിയെ അറിയിക്കേണ്ടതായിരുന്നു. പ്രധാന സാക്ഷികളെയെല്ലാം വിസ്തരിച്ചു കൂറുമാറിയ ശേഷമല്ല ഹൈക്കോടതിയെ സമീപിക്കേണ്ടത്.

ലൈംഗിക അതിക്രമത്തിന് ഇരയായ മുഖ്യസാക്ഷിയോടു ചോദിക്കേണ്ടതായ ചോദ്യങ്ങൾക്കു നിയമം തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളപ്പോൾ അത്തരം ചോദ്യങ്ങൾ കോടതി അനുവദിച്ചിട്ടുണ്ടെങ്കിൽ ഉടൻ ഹൈക്കോടതിയെ അറിയിക്കേണ്ടതായിരുന്നു. മുഖ്യപ്രതിയായ നടനു മാത്രം ജാമ്യം അനുവദിക്കപ്പെട്ടതും ഇദ്ദേഹത്തെ അടിക്കടി വിദേശത്തു പോകാൻ അനുവദിച്ചതും കേട്ടു കേൾവിയില്ലാത്ത കാര്യമാണ്. ക്രിമിനൽ കേസുകൾ വിജയകരമായി നടത്തി കഴിവു തെളിയിച്ച പ്രോസിക്യൂഷൻ ടീമിനെയാണ് ഈ കേസിലേക്കു നിയോഗിക്കേണ്ടിയിരുന്നത്.