തിരുവനന്തപുരം. ഭാര്യക്കും സുഹൃത്തിനുമെതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ടശേഷം ഭർത്താവും മകനും കാർ ടാങ്കർ ലോറിയിലേക്ക് ഇടിച്ച് കയറ്റി ജീവനൊടുക്കിയ സംഭവത്തിലെ ദുരൂഹത നീക്കാൻ പൊലീസിന് ഇതുവരെ ആയിട്ടില്ല. അന്വേഷണം തുടങ്ങി എന്ന് പറയുന്നതല്ലാതെ മറ്റു നടപടികളിലേയ്ക്ക് ഒന്നും പൊലീസ് നീങ്ങിയിട്ടില്ല. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടാങ്കർ ലോറിയുമായി ഇടിച്ച കാർ പരിശോധിച്ച് ജോയിന്റ് ആർ ടി ഒ വഴി റിപ്പോർട്ട് നല്കണം. കൂടാതെ മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിന് പുറമെയുള്ള മറ്റു പരിശോധനാ ഫലങ്ങളും ലഭിച്ചാലെ കേസുമായി മുന്നോട്ടു പോകാനാവുവെന്നാണ് ആറ്റിങ്ങൽ പൊലീസിന്റെ നിലപാട്.

വെറുമൊരു ആത്മഹത്യ കുറിപ്പിന്റെയും ഫേസ്‌ബുക്ക് കുറിപ്പിന്റെയും പേരിൽ മുന്നോട്ടു പോകാനാകില്ലന്നും വിശദമായ പരിശോധനകൽ നടത്തണമെന്നും ആറ്റിങ്ങൾ എസ് എച്ച് ഒ വ്യക്തമാക്കി. ആറ്റിങ്ങൽ പൊലീസ് പ്രകാശ് ദേവരാജന്റെ ആത്മഹത്യ സംബന്ധിച്ച് എടുത്ത കേസിലെ എഫ് ഐ ആറിൽ പറയുന്നത്. യാദൃശ്ചിക അപകടം എന്നാണ്. കാറിൽ നിന്നും കണ്ടെടുത്ത ആത്മഹത്യ കുറിപ്പിനെ കുറിച്ചും എഫ് ഐ ആറിൽ പരമാർശമില്ല. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതു കൊണ്ടു തന്നെ അപകടം യാദൃശ്ചികമല്ല. മനപ്പൂർവ്വം ഉണ്ടാക്കിയ അപകടമാണെന്ന് വ്യക്തമാണ്. എന്നിട്ടും യാദൃശ്ചികമെന്ന് എഫ് ഐ ആർ ഇട്ടത് അട്ടിമറി സംശയമാണ് ഉയർത്തുന്നത്.

ജൂൺ 21ന് രാത്രി നടന്ന അപടത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത് പിറ്റേ ദിവസം 11 മണിക്കാണ്. അതിന് മുമ്പ് തന്നെ ആത്മഹത്യാ കുറിപ്പും മറ്റും മാധ്യമങ്ങളിൽ വാർത്തയായി. അതെല്ലാം പുറത്താവുകയും ചെയ്തു. എന്നിട്ടും എഫ് ഐ ആർ യാദൃശ്ചിക അപകടമെന്ന് പറയുന്നതിന്റെ യുക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ആത്മഹത്യ കുറിപ്പ് മറച്ചു വയ്ക്കാൻ വേണ്ടിയാണ് ഇത് ചെയ്തതെന്ന ആരോപണം ശക്തമാണ്. എഫ് ഐ ആറിന്റെ സമയത്തിൽ നിന്ന് കാർ വിശദമായി പരിശോധിച്ച ശേഷമാണ് എഫ് ഐ ആർ തയ്യാറാക്കിയത് എന്നുവേണം അനുമാനിക്കാൻ.

പ്രകാശ് ദേവരാജന്റെ ഫെയ്സ് ബുക്ക് കുറിപ്പുകളും ആത്മഹത്യകുറിപ്പും ഉദ്ദരിച്ച് രാവില തന്നെ ചാനലുകളിൽ അടക്കം വാർത്തയും വന്നിരുന്നു. എന്നിട്ടും ടാങ്കർ ലോറിയേക്ക് കാർ ഇടിച്ചു കയറ്റിയ സംഭവം യാദൃശ്ചികമാവുന്നത് എങ്ങനെയെന്ന സംശയമാണ് ഉയരുന്നത്. ആത്മഹത്യ അല്ലെങ്കിൽ മനഃപൂർവ്വം ടാങ്കർ ഇടിച്ചു കയറ്റിയ പ്രകാശ് ദേവരാജനെതിരെ കേസെടുക്കേണ്ടതാണ്. അതും എഫ് ഐ ആറിൽ പരാമർശിക്കുന്നില്ല. പ്രകാശ് ദേവരാജന്റെ ആത്മഹത്യ വാർത്തയായപ്പോൾ തന്നെ എല്ലാ മാധ്യമങ്ങളിലും വന്ന വാർത്തയാണ് ഭാര്യ ശിവകലയ്ക്കും സുഹൃത്തിനുമെതിരെ പ്രകാശ് ദേവരാജൻ ജൂൺ 20ന് വട്ടിയൂർകാവ് പൊലീസിൽ പരാതി നല്കിയിരുന്നുവെന്ന്.

ഇത് സംബന്ധിച്ച് വട്ടിയൂർകാവ് എസ് എച്ച് ഒ പറയുന്നത് ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ല എന്നാണ്. എന്നാൽ ആത്മഹത്യ ചെയ്യുന്നതിന് ഒരാഴ്ച മുൻപ് മണികണ്ഠേശ്വരത്തെ ഒരു യുവാവിനോടു ഇവിടെത്തെ പൊലീസ് ലിമിറ്റ് ഏതെന്ന് അന്വേഷിച്ചിരുന്നുവെന്ന് പ്രാദേശികമായി അറിയാൻ കഴിഞ്ഞുവെന്നും ഇവിടെ പരാതി തന്നിരുന്നുവെങ്കിൽ ഇങ്ങനെയൊരു മരണം ഉണ്ടാകുമായിരുന്നില്ലന്നും വട്ടിയൂർകാവ് പൊലീസ് പ്രതികരിച്ചു. മരിച്ച പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പിൽ പറയുന്ന മിക്കവരും വിദേശത്തായതിനാൽ ഇവരുടെ മൊഴിയെടുപ്പ് പൊലീസിന് മുന്നിൽ കടമ്പയാണന്നാണ് മറ്റൊരു വാദം.

എന്നാൽ പ്രകാശ് ദേവരാജന്റെ ഭാര്യ ശിവകലയും സുഹൃത്തും നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്. ആത്മഹത്യ കുറിപ്പിന്റെ വെളിച്ചത്തിൽ അവരെ വിളിച്ചു ചോദ്യം ചെയ്യാമെന്നിരിക്കെ ആറ്റിങ്ങൽ പൊലീസ് അതിനും മുതിരുന്നില്ല. മറിച്ച് ആത്മഹത്യ കുറിപ്പിലെ കാര്യങ്ങൾ തങ്ങളുടെ സ്റ്റേഷൻ പരിധിയിൽ വരുന്നതല്ല എന്ന വാദവും അനൗദ്യോഗികമായി ഇവർ നിരത്തുന്നുണ്ട്. പൊലീസിന്റെ മെല്ലപ്പോക്കും നിസംഗതയും ശിവകലയുടെ ഉന്നത ബന്ധങ്ങൾ കൊണ്ടാണോ എന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.

കുടംബത്തിന് വേണ്ടി എന്തു ത്യാഗവും സഹിച്ചിരുന്ന പ്രകാശ് ദേവിന്റെ ദാമ്പത്യത്തിൽ താഴപ്പിഴകൾ വന്നതോടെ എല്ലാം തകർന്ന അവസ്ഥയിലായിരുന്നു അദ്ദേഹം. ജോലിയെക്കാൾ കുടുംബത്തിന്റെ താല്പര്യങ്ങൾക്കും ആഗ്രഹങ്ങൾക്കും ഭാര്യയുടെ പ്രൊഫഷനും വലിയ വിലയണ് പ്രകാശ് നല്കിയിരുന്നത്. അതു കൊണ്ട് തന്നെ വിട്ടു വിഴ്ചകൾ ഒരു പാട് നടത്തിയാണ് പ്രകാശ് ജീവിതം മുന്നോട്ടു നീക്കിയത്. തിരുവനന്തപുരം സംഗീത കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ ശിവ കല ഭരത നാട്യത്തിൽ റിസർച്ച് ആരംഭിച്ചപ്പോഴും എല്ലാ പിന്തുണയും നലകി ഒപ്പം നിന്നത് പ്രകാശ് ആയിരുന്നു.

റിസർച്ചി്ന്റെ ഭാഗമായി തീസിസ് തയ്യാറാക്കാനും പഠനത്തിന്റെ ഭാഗമായുള്ള യാത്രകൾക്കും എല്ലാം ഭർത്താവായ പ്രകാശ് ദേവരാജൻ ഒപ്പമുണ്ടായിരുന്നു. എറ്റവും ഒടുവിൽ ഒരു വർഷം മുൻപാണ് ഭരതനാട്യത്തിൽ ശിവകലയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. നൃത്ത ഫെസ്റ്റുകൾ സംഘടിപ്പിച്ചിരുന്ന ശിവകലയ്ക്ക് ഉന്നത ബന്ധങ്ങളും ഉണ്ടായിരുന്നു. 

മരിക്കുന്നതിന് മുൻപ് പ്രകാശ് ദേവരാജൻ തന്റെയും മകന്റെയും മരണത്തിന് കാരണക്കാരായവരെന്ന് സൂചിപ്പിച്ച് അഞ്ച് പേരുടെ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പങ്കുവച്ചിരുന്നു. അപകടത്തിനു മുമ്പായി സമൂഹമാധ്യമങ്ങളിൽ പ്രകാശ് ദേവരാജൻ പോസ്റ്റിട്ടിരുന്നു. കാറിനുള്ളിൽ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെടുത്തു. ''അച്ഛനോടും അനിയനോടും പൊറുക്കണം മക്കളേ..'', മകൾ കാവ്യയോട് മാപ്പ് ചോദിച്ചുകൊണ്ട് പ്രകാശ് ദേവരാജനെഴുതിയ ആത്മഹത്യാക്കുറിപ്പിലെ വാക്കുകൾ നോവ് നിറയ്ക്കുന്നതാണ്.

അങ്ങ് ദൂരെ നക്ഷത്രങ്ങൾക്ക് ഇടയിൽ ഇരുന്ന് എല്ലാം കാണുമെന്ന് ഏറെ വൈകാരികമായി കുറിച്ചാണ് ആ പിതാവ് തന്റെ മകനെയും കൂട്ടി രാത്രിയിൽ എതിരെ വന്ന ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി ജീവനൊടുക്കിയത്.