ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. ഡൽഹിയിലെ ആർമി റിസർച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രണബ് മുഖർജി നിലവിൽ അബോധാവസ്ഥയിൽ തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരിക്കുന്നത്.

സ്ഥിതി മാറ്റമില്ലാതെ തുടരുന്നുവെന്നാണ് ഇന്നിറങ്ങിയ മെഡിക്കൽ ബുള്ളറ്റിനിലും ഡോക്ടർമാർ അറിയിച്ചത്. കോവിഡ് പരിശോധനയിൽ പൊസീറ്റീവാണെന്ന് കണ്ടെത്തിയതോടെയാണ് പ്രണബിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ അദ്ദേഹത്തിന്റെ തലച്ചോറിൽ രക്തം കട്ടപിടിച്ചു കിടക്കുന്നതായി കണ്ടെത്തി. സങ്കീർണമായ ശസ്ത്രക്രിയയിലൂടെ തലച്ചോറിലെ രക്തതടസം പരിഹരിച്ചെങ്കിലും അദ്ദേഹം ഇതുവരെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിട്ടില്ല.