ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രിയുടെ ഉപദേശക ചുമതലയിൽ നിന്നും പ്രശാന്ത് കിഷോർ തെറിക്കുമെന്ന് സൂചന. നിലവിൽ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ മുഖ്യ ഉപദേശകനാണ് പ്രശാന്ത് കിഷോർ. എന്നാൽ അവിടെ അദ്ദേഹം തുടരില്ലെന്ന സൂചനയാണ് പഞ്ചാബ് സർക്കാരിന്റെ അധികാര കേന്ദ്രങ്ങൾ നൽകുന്നത്.

അതേസമയം പ്രശാന്തിനെ രാഷ്ട്രീയ ഉപദേഷ്ടാവായി നിയമിക്കാനുള്ള നീക്കം സുപ്രീംകോടതിയുടെ പരിഗണനയിൽ ആണെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകിയതോടെ പ്രശാന്തിന്റെ സാധ്യത മങ്ങിയതായും രാഷ്ട്രീയകേന്ദ്രങ്ങൾ പറയുന്നു.

പാർട്ടിയിൽ ഏതാനും നേതാക്കളോട് പ്രശാന്ത് കിഷോർ തന്റെ 'താൽപ്പര്യകുറവ്' സൂചിപ്പിച്ചിരുന്നുവെന്ന് മുഖ്യമന്ത്രിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. എന്നാൽ ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടേയോ പ്രശാന്തിന്റെയോ അന്തിമതീരുമാനം ലഭ്യമായിട്ടില്ല. കൂടാതെ മുഖ്യമന്ത്രി അമരീന്ദർ സിങ് ഇപ്പോൾ തന്റെ പാർട്ടി എംഎൽഎമാരിൽ നിന്നും പ്രതിഷേധം നേരിടുന്നുണ്ട്. അവർക്കിടയിൽ പ്രശാന്തിനെതിരെയും അതൃപ്തി പുകയുന്നു എന്നാണ് സൂചന. ഈ സാഹചര്യങഅങൾ പ്രശാന്ത് കിഷോറിന് സർക്കാരിൽ നിന്നും പുറത്തേയ്ക്കുള്ള വഴി തുറന്നേക്കും.