തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരൻ മോൺസൺ മാവുങ്കലിനെ കാണുകയും ടിപ്പുവിന്റെ സിംഹാസനത്തിൽ ഇരുന്ന് ഫോട്ടോ എടുക്കുകയും ചെയ്യാത്തവർ ആരെന്നാണ് അന്വേഷിക്കേണ്ടത്. അത്രയ്ക്കുണ്ട് സെലിബ്രിറ്റികളുടെ തള്ളിക്കയറ്റം. മുൻഡിജിപി ലോക്‌നാഥ് ബെഹ്‌റ, നടൻ ശ്രീനിവാസൻ, പേർളി മാളി എന്നിവരെ കൂടാതെ സിംഹാസത്തിൽ ഇരുന്ന ഒരു സെലിബ്രിറ്റിയാണ് പ്രശാന്ത് നായർ ഐഎഎസ് എന്ന കളക്ടർ ബ്രോ. സംഭവം വിവാദമായപ്പോൾ, ബ്രോ വിശദീകരണവുമായി രംഗത്തെത്തി.

നാലഞ്ച് വർഷം മുമ്പ് കുട്ടികൾക്ക് ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞ് ഒരു കുടുംബ സുഹൃത്താണ് തന്നെയും കുടുംബത്തെയും മോൻസണിന്റെ സ്വകാര്യ മ്യൂസിയത്തിൽ കൊണ്ടുപോയതെന്ന് പ്രശാന്ത് ഫേസ്‌ബുക്കിൽ കുറിച്ചു. എന്നാൽ അതെല്ലാം തട്ടിപ്പായിരുന്നെന്ന് അവിടെ വച്ച് തന്നെ മനസിലായെന്നും തിരിച്ചു വരുന്ന വഴി ഒൻപത് വയസുകാരിയായ മകൾ വരെ മ്യൂസിയത്തിലുള്ള വസ്തുക്കൾ വ്യാജം ആണെന്ന് പറഞ്ഞതായി പ്രശാന്ത് ഫേസ്‌ബുക്കിൽ വിശദീകരിച്ചു. കരകൗശല വസ്തുക്കൾ എന്നതിലുപരിയായി മോൻസണിന്റെ ശേഖരത്തിൽ എടുത്തുപറയാൻ വേണ്ടി ഒന്നുമില്ലെന്നും പ്രശാന്ത് കുറിച്ചു.

മോൻസണിന്റെ ശേഖരത്തിൽ ടിപ്പുവിന്റെ സിംഹാസനം എന്ന് അവകാശപ്പെടുന്ന കസേരയിൽ മോൻസണിനോടൊപ്പം പ്രശാന്ത് നായർ ഇരിക്കുന്ന ഫോട്ടോയാണ് വൈറലായത്.അതേസമയം കൊച്ചിയിൽവച്ചായിരുന്നു മോൻസൺ വ്യാജപുരാവസ്തുക്കൾ നിർമ്മിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ടിപ്പു സുൽത്താന്റെ സിംഹാസനം കുണ്ടന്നൂരിലും മോശയുടെ അംശവടി എളമക്കരയിലുമാണ് നിർമ്മിച്ചത്.

അതിനിടെ, പുരാവസ്തുക്കളുടെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. മൂന്നു ദിവസത്തേക്കാണ് മോൻസനെ കസ്റ്റഡിയിൽ വിട്ടത്.

അതേസമയം, മോൻസൺ മാവുങ്കലിന് എതിരെ അന്വേഷണം വേണമെന്ന എഡിജിപി മനോജ് എബ്രഹാമിന്റെ നിർദ്ദേശം ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റ ഗൗരവമായി കണ്ടില്ലെന്ന് റിപ്പോർട്ട്. മോൻസണിന് എതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം എതിർത്ത ലക്ഷമണയ്ക്ക് എതിരെയുള്ള നടപടിയും ലോക്നാഥ് ബെഹ്റ ഒതുക്കി. മോൻസന്റെ വീട്ടിൽ കണ്ട കാര്യങ്ങളിൽ മനോജ് എബ്രഹാമിന്റെ സംശയമാണ് അന്വേഷണത്തിന് വഴിവെച്ചത്.

2019ൽ കൊച്ചിയിൽ നടന്ന ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ വിവാഹത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് ബെഹ്റ മനോജ് എബ്രഹാമിനെയും കൂട്ടി മോൻസൺ മാവുങ്കലിന്റെ വീട്ടിലേക്ക് പോയത്. എന്നാൽ മോൻസണിന്റെ വീട്ടിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ മനോജ് എബ്രഹാം മോൻസൺന്റെ സാമ്പത്തിക വളർച്ചയിൽ അന്വേഷണം അനിവാര്യമാണെന്ന് ബെഹ്റയെ അറിയിച്ചുവെന്നാണ് വിവരം.

കൂടാതെ ഇന്റലിജൻസ് സംവിധാനം വഴി മനോജ് എബ്രഹാം ശേഖരിച്ചിരുന്ന വിവരങ്ങളും കൈമാറി. ക്രിമിനൽ പരാതി ഇല്ലാത്തതിനാൽ മോൻസണിന് എതിരെ പൊലീസ് അന്വേഷണം സാധിക്കില്ലെന്ന് മനസിലാക്കിയ മനോജ് എബ്രഹാം അനധികൃത പണ ഇടപാട് നടക്കുന്നതായി ഇഡിയുടെ ശ്രദ്ധയിൽപെടുത്താൻ ബെഹ്റയോട് ആവശ്യപ്പെട്ടുവെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തന്നെ റിപ്പോർട്ടർ ചാനലിനോട് പറഞ്ഞു.

പിന്നീട് പരാതിക്കാർ മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകിയ ശേഷം നടന്ന അന്വേഷണത്തിലും മനോജ് എബ്രഹാമാണ് ചുക്കാൻ പിടിച്ചതെന്നാണ് വിവരം. മോൻസൺ മാവുങ്കലിന് എതിരെയുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം ലോക്കൽ പൊലീസിലേക്ക് മാറ്റാൻ നിർദ്ദേശിച്ച ഐജി ലക്ഷമണയ്ക്ക് എതിരെ നടപടി എടുക്കണമെന്ന് മനോജ് എബ്രഹാം ആവശ്യപ്പെട്ടിരുന്നുവെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. എന്നാൽ ഡിജിപിയായിരുന്ന ബെഹ്റ ലക്ഷമണയ്ക്ക് എതിരെയുള്ള നടപടിയെടുക്കുന്നതിനെ എതിർത്തെന്നാണ് വിവരം. മുൻ ഡിജിപിയും, ഐജിയും എഐജി യും എസിപിമാരും ആരോപണ വിധേയരായ കേസ് ആയതിനാൽ സേനയ്ക്ക് ഉളിൽ തന്നെ പരിശോധന നടത്താൻ ഇപ്പോഴത്തെ പൊലീസ് മേധാവി രഹസ്യ നിർദ്ദേശം നൽകിയെന്ന് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.