കൊൽക്കത്ത: കോവിഡ് മൂലം അനാഥരായ കുട്ടികൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച കേന്ദ്രനടപടിയെ വിമർശിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ഇതൊക്കെ വെറും വാഗ്ദാനങ്ങളാണെന്നും പ്രായപൂർത്തിയാകാത്ത പിഞ്ചുകുട്ടികൾക്ക് അടിയന്തര സഹായം വേണ്ട സമയമാണിതെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രശാന്തിന്റെ പ്രതികരണം.

'പുതിയ പരിപാടിയുമായി മോദി സർക്കാർ വീണ്ടും. കോവിഡ് മൂലം അനാഥരായ കുട്ടികളോടുള്ള സഹാനുഭൂതിയെ പുനർനിർവചിക്കാനാണ് ശ്രമം. പക്ഷെ കൈകാര്യം ചെയ്ത രീതി ദുരന്തമായി പോയി', പ്രശാന്ത് ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ദിവസമാണ് കോവിഡ് മൂലം അനാഥരായ കുട്ടികൾക്ക് 10 ലക്ഷം രൂപ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത്. തുക കുട്ടികളുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കുമെന്നാണ് അറിയിച്ചത്. ഇത് 23 വയസാകുമ്പോൾ പിൻവലിക്കാം.

പി.എം കെയെഴ്‌സ് ഫണ്ടിലൂടെയാണ് തുക നൽകുന്നത്. ബാങ്കിലിടുന്ന തുക ഉപയോഗിച്ച് 18 വയസ് മുതൽ 23 വയസ് വരെ മാസം തോറും കുട്ടിക്ക് സ്റ്റൈപൻഡ് നൽകും. പത്ത് വയസിന് താഴെയുള്ള കുട്ടികളാണെങ്കിൽ കുട്ടികൾക്ക് കേന്ദ്രീയ വിദ്യാലയത്തിലോ സ്വകാര്യ സ്‌കൂളിലോ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും.