ഷിക്കാഗോ : ഇന്ത്യൻ അമേരിക്കൻ സതേൺ ഇല്ലിനോയ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി പ്രവീൺ വർഗീസിന്റെ ജീവിതവും മരണവും ചിത്രീകരിക്കുന്ന ഡോക്യുമെന്ററി ഡിസ്‌കവറി പ്ലസിൽ മാർച്ച് 23 മുതൽ പ്രദർശനമാരംഭിക്കും .ഹൂ കിൽഡ് മൈ സൺ (Who Killed My Son) എന്നാണ് ഡോക്യുമെന്ററിക്ക് നൽകിയിരിക്കുന്ന പേര് . രണ്ടു മണിക്കൂർ ദൈർഘ്യമാണ്.

2014 ൽ ഇല്ലിനോയ് കാർബൺഡെയിൽ ഒരു ഹൗസ് പാർട്ടിക്ക് പോയ ശേഷം പ്രവീണിനെ കുടുംബാംഗങ്ങൾ ജീവനോടെ കണ്ടിട്ടില്ല . 19 വയസ്സ് പ്രായമുണ്ടായിരുന്ന പ്രവീണിന്റെ മൃതദേഹം അഞ്ചു ദിവസത്തെ അന്വേഷണത്തിന് ശേഷമാണ് കണ്ടെത്താൻ കഴിഞ്ഞത് .

പ്രവീണിന്റെ മരണത്തിൽ സംശയാസ്പദമായ ഒന്നുമില്ലെന്നും , മയക്കു മരുന്നോ മദ്യമോ ആയിരിക്കും മരണത്തിലേക്ക് നയിച്ചതെന്ന് ഊഹാപോഹങ്ങൾ ഉയർന്നിരുന്നു .

പ്രവീൺ വർഗീസിന്റെ മാതാവ് ലവ്ലി വർഗീസിന് തന്റെ മകനെക്കുറിച്ച് കൂടുതൽ അറിയുന്നതുകൊണ്ട് ഊഹാപോഹങ്ങൾ എല്ലാം തള്ളിക്കളയുകയും , മകൻ കൊല്ലപ്പെട്ടതാണെന്ന് ഉറച്ച് വിശ്വസിക്കുകയും പ്രവീണിന്റെ ഘാതകനെ കണ്ടെത്താൻ വർഷങ്ങൾ തന്നെ നിയമപോരാട്ടം നടത്തുകയും ചെയ്തു . ഒരു ഘട്ടത്തിൽ കേസ്സിൽ പ്രതിയെ കണ്ടെത്തിയതായും , പ്രതി കുറ്റം സമ്മതിച്ചതായും നീതിന്യായ കോടതി ശിക്ഷിക്കുകയും ചെയ്യുമെന്ന് വ്യാപകമായ പ്രചാരണവും ഉണ്ടായിരുന്നു . എന്നാൽ ഇന്നു വരെ പ്രതി ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നതാണ് പ്രവീണിന്റെ കുടുംബാംഗങ്ങളെ കൂടുതൽ വേദനയിലേക്ക് തള്ളി നീക്കിയിട്ടുള്ളത് . ജൂറി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതിയെ നിരപരാധിയാണെന്ന് വിധിയെഴുതിയത് അപൂർവ്വ സംഭവമായിരുന്നു.

ടെക്സസ് ക്രൂ പ്രൊഡക്ഷനാണ് ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത് ഡയാന സ്‌പെരെസയാണ് എക്സിക്യുട്ടീവ് പ്രൊഡ്യുസർ .