ലക്‌നൗ: കാലവർഷം കനത്തതോടെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഉത്തർപ്രദേശിലെ പ്രയാഗ്രാജ് പട്ടണത്തിലും സമീപപ്രദേശങ്ങളിലും ഗംഗാ നദിയിൽ വീണ്ടും മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതായി റിപ്പോർട്ട്. കോവിഡ് ബാധിച്ചു മരിച്ചതാണെന്നു സംശയിക്കുന്നവരുടെ അടക്കം ഒട്ടേറെ മൃതശരീരങ്ങൾ ഗംഗാനദിയുടെ മണൽത്തിട്ടകളിലാണു മറവു ചെയ്തിരുന്നത്.

വെള്ളപ്പൊക്കത്തിൽ മണൽത്തിട്ടകൾ ഇടിഞ്ഞതോടെയാണു മൃതദേഹങ്ങൾ നദിയിൽ ഒഴുകി നടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കിടെ ഗംഗാനദിയിൽനിന്ന് അധികാരികൾ മൃതദേഹങ്ങൾ നീക്കം ചെയ്യുന്നതിന്റെ മൊബൈൽ ഫോൺ ചിത്രങ്ങളും വിഡിയോകളും പ്രചരിക്കുന്നുണ്ട്. ഇതോടെ പരിസര വാസികൾ ആശങ്കയിലായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഗംഗയിൽനിന്നു വീണ്ടെടുത്ത 40 മൃതദേഹങ്ങൾ വീണ്ടും മറവു ചെയ്തതായി പ്രയാഗ്രാജ് മുനിസിപ്പൽ കോർപറേഷൻ സോണൽ ഓഫിസർ നിരാജ് കുമാർ സിങ് മാധ്യമങ്ങളോടു പറഞ്ഞു. 'ഓരോ മൃതദേഹവും പ്രത്യേകമായാണു മറവു ചെയ്യുന്നത്. എല്ലാ ആചാരങ്ങളും പാലിക്കുന്നുണ്ട്. എല്ലാ മൃതദേഹങ്ങളും ജീർണിച്ച അവസ്ഥയിൽ ആയിരുന്നില്ല. ചിലതു പുതുതായി മറവു ചെയ്തവ ആയിരുന്നു' അദ്ദേഹം പറഞ്ഞു.

കോവിഡ് രണ്ടാം തരംഗത്തിനിടെ ഗംഗാ നദിയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതായി ദേശീയ മാധ്യമങ്ങൾ പല തവണ റിപ്പോർട്ട് ചെയ്തിരുന്നു. കിഴക്കൻ ഉത്തർ പ്രദേശിലും സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന ബിഹാറിലും നൂറു കണക്കിനു മൃതദേഹങ്ങളാണു ഗംഗയിൽ വന്നടിഞ്ഞത്.