മിഷിഗൺ: പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിയോജിപ്പുകളുടെ പേരിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും രാജിവച്ചു സ്വതന്ത്രനായി പ്രവർത്തിക്കുവാൻ തീരുമാനിച്ചതായി മിഷിഗണിൽ നിന്നുള്ള സീനിയർ റിപ്പബ്ലിക്കൻ യുഎസ് ഹൗസ് പ്രതിനിധി പോൾ മിച്ചൽ പാർട്ടിക്കയച്ച കത്തിൽ വെളിപ്പെടുത്തി. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നതിന് പകരം, അതിനെ തുടർച്ചയായി ചോദ്യം ചെയ്യുകയും പരാജയം സമ്മതിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്ന ട്രംപിന്റെ നയങ്ങളിൽ പ്രതിഷേധിച്ചും റിപ്പബ്ലിക്കൻ പാർട്ടിയുടെ അനങ്ങാപാറ നയത്തിൽ കടുത്ത വിമർശനം ഉയർത്തിയുമാണ് പോൾ മിച്ചലിന്റെ കത്ത്.

ഇലക്ട്രറൽ കോളേജ് ചേരുന്ന തിങ്കളാഴ്ച തന്നെ തന്റെ രാജിവെളിപ്പെടുത്തിയതിലൂടെ കടുത്ത അസംതൃപ്തിയറിയിക്കുകയായിരുന്നു പോൾ മിച്ചൽ. ജനാധിപത്യ വ്യവസ്ഥക്ക് കളങ്കം ചാർത്തുകയും ഭൂരിപക്ഷം വോട്ടർമാരുടേയും തീരുമാനത്തെ അവഗണിക്കുകയും ചെയ്യുന്നതിന് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അടുത്ത നാലു വർഷത്തേക്ക് ട്രംപ് പ്രസിഡന്റായി തുടരണമെന്നാഗ്രഹിച്ചു വോട്ടു ചെയ്തുവെങ്കിലും, ട്രംപ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നടപടികളും തിരഞ്ഞെടുപ്പു ചോദ്യം ചെയ്തു സുപ്രീം കോടതയിൽ സമർപ്പിച്ച ഹർജിയും ഭരണഘടനാ ലംഘനമായി തന്നെ കാണേണ്ടിവരും. വ്യക്തികളുടെ സമ്മർദ്ദത്തിന് കീഴ്‌വഴങ്ങുന്ന പാർട്ടി നേതൃത്വം വളരെ അപകടകരമായ സ്ഥിതിയിലേക്കാണ് നീങ്ങി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യുഎസ് ഹൗസിൽ തന്റെ കാലാവധി കഴിയുന്നതുവരെ സ്വതന്ത്രനായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.