ന്യൂഡൽഹി: രാജ്യം 74-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങുമ്പോൾ കോവിഡ് പോരാളികൾക്ക് ആദരവർപ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. കൊറോണ വൈറസിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിൽ മുൻ‌നിര യോദ്ധാക്കളായ എല്ലാ ഡോക്ടർമാരോടും നഴ്‌സുമാരോടും മറ്റ് ആരോഗ്യ പ്രവർത്തകരോടും രാജ്യം കടപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. കോവിഡിനെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടം ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

74-ാമത് സ്വാതന്ത്ര്യദിനത്തിൽ, ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും രാഷ്ട്രപതി ആശംസകൾ അറിയിച്ചു. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തെ സ്മരിച്ചുകൊണ്ടാണ് രാഷ്ട്രപതി സംസാരിച്ചത്. ഈ അവസരത്തിൽ, നമ്മുടെ സ്വാതന്ത്ര്യസമരസേനാനികളുടെ ത്യാഗത്തെ നന്ദിയോടെ ഓർക്കുന്നു. അവർ ചെയ്ത ത്യാഗത്തിന്റെ ഫലമായി നാം ഇന്ന് ഒരു സ്വതന്ത്ര രാജ്യത്തെ പൗരന്മാരാണ്. നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ വഴികാട്ടിയായിരുന്നു മഹാത്മാഗാന്ധി എന്നതിൽ നമ്മൾ ഭാഗ്യവാന്മാരാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് പോരാളികളോടുള്ള ആദരവും അറിയിച്ചു. ഇന്ത്യയുടെ പരിശ്രമങ്ങൾ ലോകത്തിന് മാതൃകയാണെന്നും ആരോഗ്യപ്രവർത്തകരുടെ സേവനം അമൂല്യമാണെന്നും രാഷ്ട്രപതി പറഞ്ഞു.

ഈ വർഷം പതിവുരീതിയിലുള്ള സ്വാതന്ത്ര്യദിനാഘോഷമില്ലെന്നും രാഷ്ട്രപതി പറഞ്ഞു. ലോകമെമ്പാടും മാരകമായ ഒരു വൈറസ് പടർന്നു പിടിക്കുന്നതും അത് ജീവിതത്തിന് വലിയ നാശനഷ്ടമുണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ തീരുമാനം. കോവിഡിനെതിരായ പോരാട്ടത്തിൽ അവശ്യമായ എല്ലാ സേവനങ്ങളും ഉറപ്പാക്കി, നിക്ഷിപ്തമായ കർത്തവ്യത്തേക്കാൾ ഒരുപടി ഉയരെ നിന്ന് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ നിങ്ങൾ പ്രവർത്തിച്ചു. അവർ നമ്മുടെ രാജ്യത്തിന്റെ യോദ്ധാക്കളാണ്. കോവിഡ് വെല്ലുവിളി നേരിടാൻ കേന്ദ്രസർക്കാർ സമയബന്ധിതമായി ഫലപ്രദമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നത് വളരെ ആശ്വാസകരമാണ്. ഈ പരിശ്രമത്തിന്റെ ഭാഗമായി ലോകത്തെ വിറപ്പിച്ച കോവിഡിനെ നിയന്ത്രിക്കാനും നിരവധി പേരുടെ ജീവൻ രക്ഷിക്കാനും സാധിച്ചു, അങ്ങനെ ലോകത്തിന് ഒരു മാതൃക സൃഷ്ടിക്കാനും ആയി.

ഇന്ത്യയുടെ സ്വാശ്രയത്വം എന്നാൽ ലോകത്തിൽ നിന്ന് അകലം പാലിക്കുകയോ അകലം സൃഷ്ടിക്കുകയോ ചെയ്യാതെ സ്വയംപര്യാപ്തരാകുക എന്നതാണ്. തന്റെ സ്വത്വം നിലനിർത്തിക്കൊണ്ടു തനെന ഇന്ത്യ ലോക സമ്പദ്‌വ്യവസ്ഥയുമായി ഇടപഴകുന്നത് തുടരും– അദ്ദേഹം പറഞ്ഞു. ലഡാക്കിൽ രാജ്യത്തിനായി ജീവത്യാഗം വരിച്ച എല്ലാ സൈനികൾക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു എന്നും രാഷ്ട്രപതി പറഞ്ഞു.

"ഞങ്ങളുടെ ധീരരായ സൈനികർ ജീവൻ കൊടുത്തും ഞങ്ങളുടെ അതിർത്തികൾ സംരക്ഷിച്ചു. ഭാരത മാതാവിന്റെ യോഗ്യരായ ആൺമക്കൾ ദേശത്തിന്റെ അഭിമാനത്തിനായി ജീവിക്കുകയും മരിക്കുകയും ചെയ്തു. പോരാട്ടത്തിൽ അവർ കാണിച്ച ധൈര്യം, സമാധാനത്തിൽ വിശ്വസിക്കുമ്പോൾത്തന്നെ, ആക്രമണത്തിന്റെ ഏതൊരു ശ്രമത്തിനും ഉചിതമായ പ്രതികരണം നൽകാൻ ഞങ്ങൾ പ്രാപ്തരാണെന്ന് തെളിയിച്ചു.- രാഷ്ട്രപതി പറഞ്ഞു. കൂടാതെ, അയോധ്യയിലെ രാമക്ഷേത്രം നിർമ്മാണം എല്ലാവർക്കുമുള്ള അഭിമാന നിമിഷമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ദേശീയ വിദ്യാഭ്യാസ നയം 2020 രാജ്യത്തിന്റെ സംസ്കാരത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 15 ന് രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ആതിഥേയത്വം വഹിക്കുന്ന ‘അറ്റ് ഹോം' ചടങ്ങിന് ഇരുപത്തിയഞ്ച് കോവിഡ് യോദ്ധാക്കളെ ക്ഷണിച്ചിട്ടുണ്ട്.