ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ശേഷിക്കെ തെലങ്കാന രാഷ്ട്രസമിതി, ബിജു ജനതാദൾ തുടങ്ങിയ പാർട്ടികളുടെ അകൽച്ച ബിജെപിക്ക് തലവേദനയായിരുന്നു. ശിവസേനയും അകാലിദളും വിട്ടുപോയതിനു പിന്നാലെയുള്ള നീക്കങ്ങൾ ബിജെപിക്ക് തിരിച്ചടിയായിരുന്നു. അതുകൊണ്ട് തന്നെ അഞ്ച് നിയസമഭാ തെരഞ്ഞെടുപ്പിൽ നാലിലും മുൻതൂക്കം നേടേണ്ടത് ബിജെപിയുടെ അനിവാര്യതയായിരുന്നു. പഞ്ചാബിൽ അവർക്ക് കാര്യമായ സ്വാധീനമില്ല. അകാലിദള്ളുമായി പിണങ്ങയതു കൊണ്ടു തന്നെ അത്ഭുതം പ്രതീക്ഷിച്ചുമില്ല. എന്നാൽ ഉത്തർപ്രദേശിലെ വിജയം പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മേൽകൈ നൽകും.

ഒഡിഷയിൽ ഭരണകക്ഷിയായ ബിജെഡിയുടെ മുഖ്യഎതിരാളി ബിജെപിയാണ്. ശീതകാല സമ്മേളനത്തിൽ മോദി സർക്കാരിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിൽ ബിജെഡിയും ഒപ്പമുണ്ടായി. ശീതകാല സമ്മേളനത്തിൽ നെല്ല് സംഭരണവിഷയം ഉയർത്തി ടിആർഎസ് തുടർച്ചയായി പാർലമെന്റ് സ്തംഭിപ്പിച്ചു. തെലങ്കാന ബിജെപി അധ്യക്ഷൻ ബണ്ടി സഞ്ജയിനെ സംസ്ഥാന പൊലീസ് അറസ്റ്റു ചെയ്തതും ഇരുപാർട്ടിയുമായുള്ള അകൽച്ചയ്ക്ക് ആക്കം കൂട്ടി. ഇതെല്ലാം ബിജെപിക്ക് തലവേദനയായിരുന്നു. സഖ്യകക്ഷികളുടെ കൊഴിഞ്ഞുപോക്കും കൂട്ടുകക്ഷികളുടെ അകൽച്ചയും ബിജെപിക്ക് പ്രതിസന്ധിയായി മാറുമെന്ന വിലയിരുത്തലുമെത്തി.

ബീഹാറിലെ മുഖ്യമന്ത്രി നികേഷ് കുമാറിനെ ഉയർത്തി രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ജയിക്കാൻ പ്രതിപക്ഷവും കരുക്കൾ നീക്കി. അഞ്ച് സംസ്ഥാനങ്ങളിൽ ബിജെപിക്ക് അടിതെറ്റുമെന്ന വിലയിരുത്തലിലായിരുന്നു ഈ നീക്കമെല്ലാം. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈയിൽ അവസാനിക്കും. യുപിയിലെ വിജയത്തോടെ അടുത്ത രാഷ്ട്രപതിയേയും ബിജെപിക്ക് തന്നെ നിശ്ചയിക്കാമെന്ന അവസ്ഥ വരും. മൂന്നാം മുന്നണിക്കൊപ്പം പോകാത്ത ചെറു പാർട്ടികളെ കൂടെ നിർത്തി തന്നെ പ്രസിഡന്റിനെ വിജയിപ്പിക്കാനും കഴിയും. ഇതോടെ അടുത്ത രാഷ്ട്രപതി ആരാകണമെന്ന ചർച്ചകളിലേക്ക് ബിജെപി കടക്കും.

കോവിന്ദിന് ഇനിയൊരു ടേം കൂടി കൊടുക്കാൻ സാധ്യതയില്ല. ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിനെ പരിഗണിക്കേണ്ടി വരും. ഇതിനൊപ്പം മറ്റു ചില പ്രമുഖരും സജീവമായി രംഗത്തുണ്ട്. വെങ്കയ്യയ്ക്ക് സജീവ ബിജെപി രാഷ്ട്രീയത്തോടാണ് മമത കൂടുതലെന്ന വാദവും ശക്തമാണ്. ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്ന ചർച്ചകളും നേരത്തെ പരിവാർ കേന്ദ്രങ്ങളിൽ ഉയർന്നിരുന്നു. എന്നാൽ താൻ ആ സ്ഥാനത്തേക്കില്ലെന്നായിരുന്നു ഭാഗവത് പറഞ്ഞിരുന്നത്. പുതിയ രാഷ്ട്രീയ സാഹചര്യത്തിലും രാഷ്ട്രപതിയായി ആർ എസ് എസുകാരൻ തന്നെ എത്തണമെന്ന് നാഗ്പൂരിലെ പരിവാർ ബുദ്ധി കേന്ദ്രങ്ങൾ നിർബന്ധം പിടിച്ചേക്കും.

അങ്ങനെ വന്നാൽ വെങ്കയ്യയ്ക്ക് സാധ്യത കൂട്ടും. ഇ ശ്രീധരൻ, കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങി നിരവധി പേരുകൾ ബിജെപിയുടെ പരിഗണനയിലുണ്ടെന്നതാണ് വസ്തുത. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയാക്കാൻ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ അണിയറ നീക്കം നേരത്തെ നടത്തിയിരുന്നു. ചന്ദ്രശേഖര റാവുവിന്റെ സന്ദേശവുമായാണു തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ നിതീഷുമായി കൂടിക്കാഴ്ച നടത്തിയതെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇത് നിതീഷ് നിഷേധിക്കുകയും ചെയ്തു. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ നിതീഷും ഈ നീക്കത്തെ പിന്തുണയ്ക്കില്ല.

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു നടപചി ക്രമത്തിലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ ബലാബല ചിത്രം കൂടുതൽ വ്യക്തമാകും. പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചാൽ ബിജെപി സ്ഥാനാർത്ഥിയെ തോൽപിക്കാൻ കഴിയില്ലെന്നാണ് യുപിയിലെ വിജയം നൽകുന്ന സൂചന.