ചാരുംമൂട്: പ്രഷർ കുക്കറിനുള്ളിൽ തല കുടുങ്ങി എട്ടു വയസ്സുകാരൻ വീട്ടുകാരുടേയും അയൽക്കാരുടേയും ശ്രമഫലമായി ചെറിയ പരുക്കുകളോടെ രക്ഷപെട്ടു. താമരക്കുളം നാല്മുക്ക് അയൂബ് ഭവനത്തിൽ പരേതനായ നസീറിന്റെ മകൻ നബീറാണ് സാഹസികമായി രക്ഷപെട്ടത്.

അയൽവീട്ടിലേയ്ക്ക് കുക്കറുമായിപോയ നബീറിന്റെ കരച്ചിൽ കേട്ടാണ് വീട്ടുകാരും അയൽക്കാരും ഓടിയെത്തിയത്. തലയിൽവെച്ചുകൊണ്ടുപോയ കുക്കറിനുള്ളിലേയ്ക്ക് അബദ്ധത്തിൽ തല കുടുങ്ങുകയായിരുന്നു. അമ്മ ഷീബയും കുടുംബാഗങ്ങളും ചേർന്ന് കുക്കറിൽ അകപ്പെട്ട കുട്ടിയുടെ തല പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതേത്തുടർന്ന് നൂറനാട് പൊലീസിലും അഗ്‌നിശമന സേനയിലും വിവരം അറിയിച്ചു.

പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയെങ്കിലും അരമണിക്കൂറിന് ശേഷം വീട്ടുകാരും ഒപ്പമുണ്ടായിരുന്ന മറ്റുചിലരും ചേർന്ന് കുട്ടിയുടെ തല കുക്കറിൽ നിന്ന് പുറത്തെടുത്തിരുന്നു. തലയ്ക്ക് ചെറിയ പരിക്കുകൾ സംഭവിച്ച നബീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.