കൊച്ചി: കുർബാന ക്രമം ഏകീകരിക്കാനുള്ള തീരുമാനത്തിനെതിരെ സീറോ മലബാർ സഭയിൽ വിവാദം മുറുകുന്നു. സിനഡ് തീരുമാനം ഉൾക്കൊള്ളിച്ചുള്ള കർദ്ദിനാളിന്റെ ഇടയലേഖനം പള്ളികളിൽ വായിക്കില്ലെന്ന് ഇരിങ്ങാലക്കുട രൂപതാ വൈദികർ അറിയിച്ചു. നിലവിലെ ജനാഭിമുഖ കുർബാന തുടരണമെന്നും 184 വൈദികരുടെ പിന്തുണ ഉണ്ടെന്നും വൈദികർ അറിയിച്ചു. തീരുമാനത്തിന് എതിരെ റോമിലും സിനഡിലും അപ്പീൽ നൽകാനാണ് വൈദികരുടെ തീരുമാനം.

എറണാകുളം അങ്കമാലി അതിരൂപതയിൽ 50 വർഷമായി തുടരുന്ന ജനാഭിമുഖ കുർബാന തന്നെ തുടരുമെന്നാണ് വൈദികർ വ്യക്തമാക്കുന്നത്. ഏകീകൃത കുർബാന ക്രമം അടിച്ചേൽപ്പിക്കുന്നത് ധാർമികവും ക്രൈസ്തവവുമല്ല. ചില മെത്രാന്മാരുടെ സ്ഥാപിത താൽപ്പര്യമാണ് ആരാധനാക്രമത്തിലെ മാറ്റത്തിന് പിന്നിലെന്ന് വൈദികർ പാസാക്കിയ പ്രമേയത്തിൽ വ്യക്തമാക്കുന്നു. മാർപാപ്പയുടെ കത്ത് കൽപ്പനയായി ദുർവ്യാഖ്യാനം ചെയ്യുകയാണ് സിനഡിലെ മെത്രാന്മാർ ചെയ്തത്. സത്യം അറിഞ്ഞാൽ സിനഡ് തീരുമാനം മാർപാപ്പ അംഗീകരിക്കില്ലെന്നും വൈദികർ പറഞ്ഞു.