ലണ്ടൻ: ഫിലിപ്പ് രാജകുമാരന്റെ ശവസംസ്‌കാര ചടങ്ങുകൾക്ക് മുന്നോടിയായി ഗൃഹാതുരതയുണർത്തുന്ന മറ്റൊരു കുടുംബ ചിത്രം കൂടി പുറത്തുവിട്ടിരിക്കുകയാണ് വില്യം രാജകുമാരനും കെയ്റ്റും. ഫിലിപ്പ് രാജകുമാരനും, രാജ്ഞിയും തങ്ങളുടെ കൊച്ചുമക്കളുടെ മക്കൾക്കൊപ്പം ഇരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. 2018-ൽ ബൽമൊറാൽ കൊട്ടാരത്തിൽ വെച്ചുള്ള ഈ ഫോട്ടോ എടുത്തതും കെയ്റ്റ് രാജകുമാരി തന്നെയാണ്.

വില്യമും കെയ്റ്റും ഇൻസ്റ്റാഗ്രാമിൽ പൊസ്റ്റ് ചെയ്ത മറ്റൊരു ചിത്രത്തിൽ ജോർജ്ജ് രാജകുമാരനും ഷാർലറ്റും ഫിലിപ്പ് രാജകുമാരനും രാജ്ഞിയും ഒപ്പം നിൽക്കുന്നതാണ്.രാജദമ്പതികൾ 2015 ൽ ബാൽമൊറാൽ കൊട്ടാരം സന്ദർശിക്കാൻ എത്തിയപ്പോൾ എടുത്തതാണിത്. ഫിലിപ്പ് രാജകുമാരനെ ഒരു അച്ഛനായും മുത്തച്ഛനായും മുതുമുത്തച്ഛനായും ഓർമ്മിച്ചുകൊണ്ടാണ് ഈ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് എന്നൊരു കുറിപ്പും ചിത്രങ്ങൾക്കൊപ്പം നൽകിയിട്ടുണ്ട്. ഹാരിയുടെയും മേഗന്റെയും മകനായ ആർച്ചി അന്ന് ജനിച്ചിട്ടില്ലാത്തതിനാൽ ചിത്രത്തിലില്ല. അതുപോലെ യൂജിനി രാജകുമാരിയുടെ മക്കളും ഇതിലില്ല.

അതേസമയം, വിവാദ അഭിമുഖത്തിനു ശേഷം മുഖാമുഖം കണ്ടിട്ടില്ലാത്ത സഹോദരങ്ങളെ ഒന്നിപ്പിക്കാൻ കെയ്റ്റ് രാജകുമാരിയാണ് മുൻകൈ എടുക്കുന്നത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. രാജ്ഞിയുടെ ഇംഗീതം അറിഞ്ഞാണത്രെ അവർ ഇതിനായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഹാരി ഹീത്രുവിൽ ഇറങ്ങിയ ശേഷം വില്യമുമായി ഫോണിൽ സംസാരിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരുവർഷത്തിനു ശേഷം വിൻഡ്സർ കാസിലിൽ അവർ പരസ്പരം കണ്ടുമുട്ടും.

11 വർഷങ്ങൾക്ക് മുൻപ്, വില്യം രാജകുാനുമായുള്ള വിവാഹം നിശ്ചയിക്കപ്പെട്ടപ്പോൾ കെയ്റ്റിനെ ഹാരി വിശേഷിപ്പിച്ചത് തനിക്ക് പിറക്കാതെപോയ മൂത്ത സഹോദരി എന്നായിരുന്നു. എന്നാൽ, എല്ലാം ഉപേക്ഷിച്ച് അമേരിക്കയിലേക്ക് ഹാരി പോവുകയും പിന്നീട് വിൻഫ്രിയുടെ അഭിമുഖത്തിൽ വിവാദ വെളിപ്പെടുത്തലുകൾ നടത്തുകയും ചെയ്തതോടെ സഹോദരന്മാർ തമ്മിലുള്ള ഭിന്നത വർദ്ധിച്ചു. ശനിയാഴ്‌ച്ച സംസ്‌കാര ചടങ്ങിൽ ഇവർ ഒത്തുകൂടുമ്പോൾ എല്ലാവരുമോർക്കുക ഏകദേശം രണ്ടു പതിറ്റാണ്ടുകൾക്കപ്പുർം നടന്ന മറ്റൊരു സംസ്‌കാര ചടങ്ങായിരിക്കും. കുട്ടികളായി ഇവർ ഒരുമിച്ചു പങ്കെടുത്ത, ഇവരുടെ അമ്മ ഡയാനാ രാജകുമാരിയുടെ സംസ്‌കാര ചടങ്ങ്.

ഇപ്പോൾ ഫ്രാഗ്മോർ കോട്ടേജിൽ ക്വാറന്റൈനിൽ ഉള്ള ഹാരിക്ക്, നിയമം നൽകുന്ന ഇളവുകൾ അനുസരിച്ച് ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയും.