കൊച്ചി: കോവിഡ് രണ്ടാം ഘട്ട അതിവേഗ വ്യാപനത്തിനിടെ സംസ്ഥാനത്തെ സ്വകാര്യ ബസ് സർവീസുകൾ നിർത്തിവയ്‌ക്കേണ്ടി വരുമെന്ന് ബസ് ഉടമകൾ. ടാക്സ് ഒഴിവാക്കിയില്ലെങ്കിൽ മിക്ക് സർവീസുകളും മെയ് 1 മുതൽ ജി ഫോം കൊടുത്ത് സർവീസ് നിർത്തേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളതെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എം ബി സത്യൻ പറഞ്ഞു.

രാവിലെയും വൈകുന്നേരവും മാത്രമാണ് ബസുകളിൽ യാത്രക്കാരുള്ളത്. മറ്റ് സമയങ്ങളിലെല്ലാം കാലിയായി ആണ് സർവീസുകൾ നടത്തുന്നത്. ആയിരം രൂപയിൽ താഴെ മാത്രമാണ് ഒരു ദിവസം കിട്ടുക. ഇപ്പോൾ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതോടുകൂടി സ്വകാര്യ ബസുകൾ വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

ഏപ്രിൽ, മെയ്, ജൂൺ മാസത്തെ ടാക്സ് ഒഴിവാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്ത പക്ഷം സ്വകാര്യ ബസ് ഉടമകൾ വലിയ സാമ്പത്തിക ബാധ്യതയിലേക്കാണ് നീങ്ങുന്നത്. ഈ സാഹചര്യത്തിൽ ജി ഫോം കൊടുത്ത് ബസ് സർവീസ് നിർത്തുകയല്ലാതെ മറ്റ് മാർഗങ്ങളിലെന്നും അദ്ദേഹം മാതൃഭൂമിയോട് പറഞ്ഞു.

കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് നഷ്ടത്തിലായിരുന്ന സ്വകാര്യ ബസ് സർവീസുകൾ മന്ദഗതിയിൽ തിരിച്ചുവരികയായിരുന്നു. അതിന് പിന്നാലെയാണ് ഇന്ധനവില വർധനയും കോവിഡ് രണ്ടാം ഘട്ടത്തിന്റേയും വരവ്. കോവിഡിന്റെ പശ്ചാത്തലത്തിൽ നിലവിലെ സർക്കാർ നിയന്ത്രണങ്ങൾ പാലിക്കുകയും കൂടി ചെയ്യുന്നതോടെ ബസ് ഉടമകൾ കടുത്ത നഷ്ടത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.