തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ ഉടമകൾ അനിശ്ചിത കാല സമരത്തിലേക്ക്. വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടാതെ ബസ് ചാർജ് വർധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബസ് ഉടമകൾ അറിയിച്ചു. വിദ്യാർത്ഥികളുടെ നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ 21മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ബസ് ഉടമകൾ മുന്നറിയിപ്പ് നൽകി.

മിനിമം ചാർജ് 12 രൂപയായി ഉയർത്തുക, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് മിനിമം ആറ് രൂപയാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് ബസ് ഉടമകൾ ഉന്നയിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിലെ സാമ്പത്തിക പ്രതിസന്ധി, ഇന്ധന വില വർധന തുടങ്ങി വിവിധ കാരണങ്ങളാൽ ബസ് സർവീസ് മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണെന്നാണ് ബസ് ഉടമകൾ പറയുന്നത്. അതിനാൽ വിദ്യാർത്ഥികളുടെ നിരക്ക് അടക്കം ഉടൻ വർധിപ്പിക്കണമെന്നതാണ് മുഖ്യആവശ്യം.