കൊച്ചി: സംസ്ഥാനത്ത് ആർടിപിസിആർ പരിശോധനാ നിരക്ക് 1700ൽ നിന്ന് 500 രൂപയായി കുറച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ ലാബ് ഉടമകൾ രംഗത്ത്. നിരക്ക് കുറയ്ക്കാൻ സർക്കാരിന് അധികാരമില്ലെന്ന് അവർ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് ലാബ് ഉടമകളുടെ കൂട്ടായ്മ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അവർ ഹൈക്കോടതിയെ സമീപിച്ചു.

മുൻപ് ആർടിപിസിആർ ഫലത്തിന്റെ നിരക്ക് സർക്കാർ കുറച്ചെങ്കിലും ലാബുടമകൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സ്വന്തമാക്കിയിരുന്നു. പ്രതിദിന രോഗനിരക്ക് വർദ്ധിച്ചതോടെയാണ് സർക്കാർ വീണ്ടും നിരക്ക് കുറച്ചത്. എന്നാൽ ഈ നിരക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് ലാബുകൾ അറിയിച്ചു.

ഇതോടെ വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ 240 രൂപയാണ് ഒരു ടെസ്റ്റിന് വേണ്ടി വരികയെന്ന് മനസിലാക്കിയതായും കൂടിയ നിരക്ക് ഈടാക്കിയാൽ നടപടിയുണ്ടാകുമെന്നും സർക്കാർ അറിയിച്ചു. ഇതോടെയാണ് ലാബുടമൾ ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

5-ാം തീയതി വരെ പരിശോധന നിർത്തിവയ്ക്കാനും അവർ തീരുമാനിച്ചിട്ടുണ്ട്. വൻകിട ലബോറട്ടറികൾ ചേർന്നുള്ള കൺസോർഷ്യമാണ് മുൻപ് കോടതിയെ സമീപിച്ച് 1500 രൂപയിൽനിന്നു നിരക്ക് 1700 രൂപയാക്കി വർധിപ്പിച്ചത്. എന്നാൽ പരിശോധന രംഗത്തുള്ള മറ്റു രണ്ടു സംഘടനകൾ സർക്കാർ നിരക്കിൽ ആർടിപിസിആർ ചെയ്തു നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഗുരുതര സാഹചര്യം കണക്കിലെടുത്ത് 500 രൂപ നിരക്കിൽ ചെയ്യാനും തുടർന്ന് സ്ഥിതി ശാന്തമാകുമ്പോൾ ഡൽഹി, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലെ പോലെ 800 രൂപയാക്കി നിജപ്പെടുത്തണമെന്നുമാണ് നിലപാടെന്ന് കേരള പ്രൈവറ്റ് മെഡിക്കൽ ടെക്‌നിക്കൽ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. മെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷനും കോടതിയെ സമീപിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

നിരക്ക് കുറയ്ക്കുന്നത് പരിശോധനയുടെ ഗുണനിലവാരത്തെ ബാധിക്കുമെന്നും അല്ലെങ്കിൽ സർക്കാർ പരിശോധനയ്ക്ക് സബ്സിഡി നൽകി തങ്ങളുടെ നഷ്ടം നികത്തണമെന്നുമാണ് ലാബുകളുടെ ആവശ്യം. കേസ് നാളെ ഹൈക്കോടതി പരിഗണിക്കും.