കൊച്ചി: രണ്ടാമൂഴം എന്ന തിരക്കഥ സിനിമായാക്കാനുള്ള അവകാശം പ്രിയദർശന് സ്വന്തമായെന്ന് സൂചന. അമ്മയുടെ ചിത്രം പ്രിയദർശൻ ഒഴിവാക്കിയതിന് കാരണം എംടിയുടെ ഈ ഇഫക്ട്. ടികെ രാജീവ് കുമാറിന്റെ രചനയിൽ താര സംഘടനയ്ക്കായി പ്രിയദർശൻ സ്വപ്‌ന പദ്ധതിക്ക് ശേഷം സിനിമയൊരുക്കും. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് ഇനിയും പൂർത്തീകരിക്കാത്ത തന്റെ ആഗ്രഹമാണെന്ന് പലതവണ പറഞ്ഞിട്ടുള്ള ആളാണ് പ്രിയദർശൻ. ഈ സ്വപ്‌ന സാക്ഷാത്കാരത്തിന് അടുത്ത് കാര്യങ്ങളെത്തിയതു കൊണ്ടാണ് പ്രിയദർശൻ താര സംഘടനയുടെ പ്രോജക്ടിൽ നിന്ന് തൽകാലം പിന്മാറുന്നത്.

എംടിയുടെ രണ്ടാമൂഴം തിരക്കഥ സിനിമയാക്കാനുള്ള അവകാശം നേരത്തെ സ്വന്തമാക്കിയത് ശ്രീകുമാർ മേനോനാണ്. പിന്നീട് ഇത് നിയമ യുദ്ധങ്ങളിലേക്ക് കാര്യങ്ങളെത്തിച്ചു. നിയമ പോരാട്ടം ജയിച്ച് തിരക്കഥയിലെ അവകാശം എംടി സ്വന്തമാക്കി. രണ്ടാമൂഴം സിനിമയാകണമെന്നത് എംടിയുടെ ഏറ്റവും വലിയ മോഹവുമാണ്. ഇതിനിടെയാണ് രണ്ടാമൂഴത്തിലെ താൽപ്പര്യം പ്രിയൻ പ്രകടിപ്പിക്കുന്നത്. മരയ്ക്കാൽ അറബിക്കടലിന്റെ സിംഹത്തിന് ലഭിച്ച അംഗീകാരങ്ങൾ എംടിയേയും സ്വാധീനിച്ചു. അങ്ങനെ രണ്ടാമൂഴം പ്രിയനെ വിശ്വസിച്ച് ഏൽപ്പിക്കുയാണ് എംടി. രണ്ടാമൂഴത്തിൽ ഭീമനായി മോഹൻലാൽ തന്നെ എത്തും. എത്രയും വേഗം ചിത്രീകരണം തുടങ്ങാനാണ് പദ്ധതി.

ഹരിഹരനെ കൊണ്ട് ചിത്രം സംവിധാനം ചെയ്യിക്കാനും എംടിക്ക് താൽപ്പര്യം ഉണ്ടായിരുന്നു. എന്നാൽ മരയ്ക്കാൽ അറബിക്കടലിന്റെ സിംഹം ഒരുക്കിയ പ്രിയദർശന് സാങ്കേതിക മികവിൽ രണ്ടാമൂഴത്തെ വിജയിപ്പിക്കാൻ കഴിയുമെന്നാണ് എംടിയുടെ വിലയിരുത്തൽ. പ്രിയനും ഈ ചിത്രം സംവിധാനം ചെയ്യുന്നതിനോട് ഏറെ താൽപ്പര്യവുമുണ്ട്. ഏറെ കാലം മുമ്പ് തന്നെ എംടിയുടെ തിരക്കഥയിൽ സിനിമ ചെയ്യണമെന്ന ആവശ്യം പ്രിയൻ ചർച്ചയാക്കിയിരുന്നു. അന്നും രണ്ടാമൂഴത്തോട് തന്നെയായിരുന്നു താൽപ്പര്യം. ഇതിനിടെയാണ് തിരക്കഥയുടെ അവകാശം ശ്രീകുമാർ മേനോൻ സ്വന്തമാക്കിയത്. ഈ പ്രോജക്ട് നടക്കാതെ പോകുമ്പോൾ വീണ്ടും പഴയ മോഹം പൊടി തട്ടിയെടുക്കുകയായിരുന്നു പ്രിയൻ.

നിലവിൽ ഒരു ഹിന്ദി സിനിമയുമായി ബന്ധപ്പെട്ട ആലോചനകളും പ്രിയനുണ്ട്. ഈ ഹിന്ദി സിനിമയ്ക്ക് ശേഷം രണ്ടാമൂഴത്തിലേക്ക് പ്രിയൻ പൂർണ്ണമായും മാറും. ഈ സാഹചര്യത്തിലാണ് താരസംഘടനയ്ക്ക് വേണ്ടിയുള്ള ചിത്രത്തിന്റെ സംവിധാനത്തിൽ നിന്നും പ്രിയൻ താൽകാലികമായി പിന്മാറുന്നത്. രണ്ടും കൂടി ഒരുമിച്ച് കൊണ്ടു പോകാൻ കഴിയില്ലെന്ന തിരിച്ചറിവാണ് ഇത്. മോഹൻലാലിന്റെ അനുമതിയോടെയായിരുന്നു പ്രിയന്റെ പിന്മാറ്റം. പ്രിയദർശൻ തന്നെയാണ് ഒരു പുതിയ അഭിമുഖത്തിൽ എംടി സിനിമയുടെ കാര്യത്തിലും സൂചനകൾ നൽകിയത്. എന്നാൽ ചിത്രത്തിന്റെ വിശദാംശങ്ങൾ പുറത്തു വിട്ടതുമില്ല.

എക്കാലത്തെയും വലിയ ആഗ്രഹമായ, എംടിയുടെ തിരക്കഥയിൽ ഒരു സിനിമ എന്നത് അടുത്ത് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് പ്രിയദർശന്റെ മറുപടി ഇങ്ങനെ- 'തീർച്ഛയായും. ഒരു വലിയ സിനിമയല്ലെങ്കിൽ ഒരു ചെറിയ സിനിമ ഈ വർഷം തന്നെ എംടി സാറിന്റെ കൂടെ ഉണ്ട്'. എന്നാൽ കൂടുതൽ വിവരങ്ങൾ ഈ ഘട്ടത്തിൽ നൽകാനാവില്ലെന്നും പ്രിയദർശൻ പറയുന്നുണ്ട്. രണ്ടാമൂഴം സിനിമയാകുമെന്ന് തന്നെയാണ് പ്രിയൻ പറയാതെ പറയുന്നത്. ഇതിന്റെ ചർച്ചകൾ അവസാന ഘട്ടത്തിലാണ്. നിർമ്മാതാവിനെ അടക്കം ഉടൻ പ്രഖ്യാപിക്കുമെന്നാണഅ സൂചന. 1000 കോടിയുടെ സിനിമയാണ് ശ്രീകുമാർ മേനോൻ പദ്ധതി ഇട്ടത്. പ്രിയനും സമാന ബജറ്റിലാകും ചിത്രമൊരുക്കുക എന്നാണ് സൂചന.

'മരക്കാർ' പോലെ മലയാളത്തിലെ ഏറ്റവും വലിയ സിനിമ സംവിധാനം ചെയ്ത പ്രിയദർശന് 'രണ്ടാമൂഴം' നന്നായി ചെയ്യാനാവുമെന്നാണ് എംടിയുടെ വിലയിരുത്തൽ. ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച ചിത്രത്തിനുൾപ്പെടെ മൂന്ന് പുരസ്‌കാരങ്ങൾ മരക്കാർ നേടിയിരുന്നു. മികച്ച ചിത്രം, സ്‌പെഷൽ എഫക്റ്റ്‌സ്, വസ്ത്രാലങ്കാരം എന്നിവയാണ് അവാർഡുകൾ. മെയ് 13 ആണ് നിലവിൽ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി.