കടുത്ത ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കെ ലണ്ടനിലെ ഒരു ഹെയർ സലൂണിൽ മുടി കളർ ചെയ്യാനെത്തി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. താരത്തെ പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ചു. അമ്മയ്ക്കൊപ്പമാണ് താരം സലൂണിൽ എത്തിയത്. പൊലീസ് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതകൾ ഓർമ്മപ്പെടുത്തി താരത്തെ വിട്ടയക്കുകയായിരുന്നു.

ഒരു സിനിമാ ഷൂട്ടിംഗിന്റെ ഭാഗമായി മുടിക്ക് നിറം നൽകാൻ എത്തിയതെന്നാണ് പ്രിയങ്ക പൊലീസിനോട് വിശദീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയതിനാൽ നടിക്ക് പിഴ അടയ്ക്കാതെ താരം രക്ഷപെട്ടു. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് തന്നെയാണ് നിലവിൽ ഷൂട്ടിങ് നടക്കുന്ന ചത്രത്തിന്റെ ആവശ്യത്തിനായി മുടിക്ക് നിറം നൽകാൻ സലൂൺ തയ്യാറായതെന്ന് പ്രിയങ്കയുടെ വക്താവ് അറിയിച്ചു. കൂടാതെ ജീവനക്കാരെ മുഴുവൻ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി വൈറസ് ബാധിയില്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് താരത്തെ അകത്തേക്ക് പ്രവേശിപ്പിച്ചതെന്നും ഇയാൾ പറയുന്നു.

ലോക്ക്ഡൗൺ നിയന്ത്രണങ്ങളുണ്ടെങ്കിലും നിലവിൽ സിനിമാ ചിത്രീകരണത്തിന് ലണ്ടനിൽ അനുമതിയുണ്ട്. ഇതിന് വേണ്ടി മാത്രമായിരുന്നു സലൂൺ പ്രവർത്തിക്കുന്നതുമെന്നും താരത്തിന്റെ വക്താവ് വ്യക്തമാക്കുന്നു. പ്രിയങ്കയോടൊപ്പം ഭർത്താവ് നിക്ക് ജൊനാസും ലണ്ടനിലുണ്ട്. ടെക്സ്റ്റ് ഫോർ യൂ എന്നാണ് പ്രിയങ്ക അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ പേര്.

അതേസമയം, സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചപരിക്കുകയാണ്. തുടർന്ന് താരത്തിനെതിരെ വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഒരു നടി നിയമത്തിനും മേലെയാണോ എന്നാണ് ഇവർ ചോദിക്കുന്നത്. ലോക്ക്ഡൗൺ തുടരുമ്പോഴും സിനിമ, സീരിയൽ ഷൂട്ടിംഗുകൾ തുടരാൻ ലണ്ടൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ സർക്കാർ പുറത്തിറക്കിയ നിർദ്ദേശങ്ങൾ പാലിച്ചാകണം ചിത്രീകരണങ്ങൾ.