ദിസ്പൂർ: അസമിലെ ധോൽപ്പൂരിൽ പ്രദേശവാസികളും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പ്രദേശവാസികൾ കൊല്ലപ്പെട്ടു. സംഘർഷത്തിൽ ഒമ്പത് പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി പ്രദേശവാസികൾക്കും പരിക്കേറ്റിട്ടുണ്ട്. സംഘർഷം ഉണ്ടായതോടെ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിവക്കുകയായിരുന്നു.

പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലെറിഞ്ഞതായി എസ് പി സുഷാന്ത ബിശ്വ ശർമ്മ പറഞ്ഞു. കയ്യേറ്റമൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പൊലീസ് നടപടിക്കിടെയായിരുന്നു സംഘർഷം. സംഭവത്തിൽ അസം സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ആസൂത്രിത വെടിവെപ്പാണ് അസമിൽ നടന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി കുറ്റപ്പെടുത്തി.