കൊച്ചി: ഓണ പണക്കിഴി വിവാദത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ തൃക്കാക്കര നഗരസഭ ഓഫീസിന് മുന്നിൽ സംഘർഷാവസ്ഥ. നഗരസഭാ സെക്രട്ടറിയുടെ പ്രവേശന വിലക്കു മറികടന്ന് തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിത തങ്കപ്പൻ ചേംബറിലെത്തി. തൊട്ടുപിന്നാലെ പ്രതിപക്ഷാംഗങ്ങൾ ഓഫിസിനു മുന്നിൽ അണിനിരന്നതോടെ പ്രതിഷേധം സംഘർഷത്തിന് വഴിമാറി.

നഗരസഭാധ്യക്ഷ അജിത തങ്കപ്പനെ പുറത്തിറങ്ങാൻ അനുവദിക്കാതെയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. തുടർന്ന് അജിത തങ്കപ്പൻ പൊലീസ് സുരക്ഷയിൽ ചേംബറിൽ നിന്ന് മടങ്ങി. പൊലീസ് എത്തിയത് നഗരസഭ അധ്യക്ഷയുടെ ആവശ്യപ്രകാരമാണ്. പൊലീസുമായി കൗൺസിലർമാർ ഏറ്റുമുട്ടി. പൊലീസ് വനിതകളെയടക്കം മർദിച്ചെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു.



പ്രതിഷേധക്കാരും പൊലീസുമായി വാക്ക് തർക്കം ഉണ്ടായതിന് പിന്നാലെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. പൊലീസ് നടപടിക്കെതിരെ പൊലീസ് സ്റ്റേഷന് മുന്നിൽ സിപിഎം നടത്തിയ പ്രതിഷേധവും തർക്കത്തിൽ കലാശിച്ചു. യുഡിഎഫ് കൺസിലർമാർ സ്ത്രീകളെ ഉൾപ്പെടെ അക്രമിച്ചെന്നും പ്രതിപക്ഷം ആരോപിച്ചു.

ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അധ്യക്ഷ ഓഫിസിലെത്തിയത്. സീൽ ചെയ്ത ഓഫീസ് ക്യാബിനിൽ നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ കയറിതിന് പിന്നാലെയാണ് പ്രതിഷേധമുണ്ടായത്. വിജിലൻസ് നിർദ്ദേശത്തെ തുടർന്ന് പൂട്ടി മുദ്രവെച്ച ക്യാബിൻ സ്വന്തം താക്കോൽ ഉപയോഗിച്ച് തുറന്ന് കയറിയ അജിത ഫയലുകൾ പരിശോധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ക്യാബിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ഓഫീസിൽ അതിക്രമിച്ചു കയറിയതിനെതിരെ പൊലീസ് നടപടി എടുക്കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. രണ്ട് മണിയോടെയാണ് സമരം തുടങ്ങിയത്. രണ്ടര മണിക്കൂർ പിന്നിട്ടപ്പോൾ പൊലീസ് എത്തി പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു.

പണക്കിഴി വിവാദം തൃക്കാക്കരയിൽ ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് പണം നൽകിയ ചെയർപേഴ്‌സന്റെ നടപടി വലിയ വിവാദമായിരുന്നു. ഓണപ്പുടവയോടൊപ്പം കൗൺസിലർമാർക്ക് കവറിൽ 10,000 രൂപയാണ് ചെയർപേഴ്‌സൻ അജിത തങ്കപ്പൻ സമ്മാനിച്ചത്. കൗൺസിലർമാരിൽ ചിലർ കവർ ചെയർപേഴ്‌സന് തന്നെ തിരിച്ച് നൽകി വിജിലൻസിൽ പരാതി നൽകി. ഇതോടെയാണ് സംഭവം പുറത്തായത്.

പണക്കിഴി വിവാദത്തിൽ അന്വേഷണത്തിനായി വിജിലൻലസ് സംഘം നഗരസഭ ഓഫീസിലെത്തി ചെയർപേഴ്‌സന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ശ്രമിച്ചെങ്കിലും മുറി പൂട്ടി ചെയർപേഴ്‌സൻ അജിത തങ്കപ്പൻ പുറത്ത് പോയി. വിജിലൻസ് സംഘം അന്ന് പുലർച്ചെ 3 വരെ നഗരസഭയിൽ തുടർന്നെങ്കിലും അധ്യക്ഷ മുറി തുറന്ന് നൽകാൻ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് വിജിലൻസ് നഗരസഭ സെക്രട്ടറിക്ക് നോട്ടീസ് നൽകി അധ്യക്ഷയുടെ ഓഫീസ് മുറി സീൽ ചെയ്യിച്ചത്.



പണക്കിഴി വിവാദത്തിലെ നിർണ്ണായക തെളിവുകളുള്ള മുറിയിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്നായിരുന്നു നിർദ്ദേശം. തെളിവു നശിപ്പിക്കാതിരിക്കാതിരിക്കാനാണ് ഇതെന്നും വിജിയലൻസ് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് സെക്രട്ടറി എൻ.കെ. കൃഷ്ണകുമാർ അധ്യക്ഷയുടെ ഓഫിസ് അടച്ചുപൂട്ടി നോട്ടിസ് പതിച്ചത്.

നഗരസഭാ സെക്രട്ടറിക്കു തന്നെ വിലക്കാനാവില്ലെന്ന നിയമോപദേശം ലഭിച്ചതിനെ തുടർന്നു കഴിഞ്ഞ ദിവസം ഓഫിസിൽ എത്തുമെന്നു പറഞ്ഞെങ്കിലും പ്രതിപക്ഷ പ്രതിഷേധം പരിഗണിച്ച് അധ്യക്ഷ ഓഫിസിൽ എത്തിയിരുന്നില്ല. തുടർന്ന് പ്രതിഷേധത്തിന്റെ അലയൊലികൾ ഒഴിഞ്ഞെന്ന് ഉറപ്പു വരുത്തിയ ശേഷം ഓഫിസിലെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസും സ്ഥലത്തിയിരുന്നു.

വിജിലൻസ് നിർദ്ദേശപ്രകാരം തെളിവുകൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം അധ്യക്ഷ ഉൾപ്പടെ എല്ലാവർക്കും ഉണ്ടെന്നാണ് പ്രതിപക്ഷ നിലപാട്. തനിക്ക് പ്രവേശന നിരോധനം ഇല്ലെന്നായിരുന്നു അധ്യക്ഷയുടെ വാദം. യുഡിഎഫ് കൗൺസിലർമാർ അധ്യക്ഷയെ പിന്തുണയ്ക്കുന്നുണ്ട്. .