ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ പിന്തുണച്ച് ബിജെപി എംപി വരുൺ ഗാന്ധി. കർഷകർ നമ്മുടെ ചോരയും മാംസവുമാണെന്നു വരുൺ ഗാന്ധി ട്വിറ്ററിൽ പ്രതികരിച്ചു. ഉത്തർപ്രദേശിലെ മുസഫറാബാദിൽ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ മഹാപഞ്ചായത്ത് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വരുൺ ഗാന്ധിയുടെ പ്രതികരണം. പരിപാടിയുടെ വിഡിയോയും വരുൺ ഗാന്ധി പങ്കുവച്ചിട്ടുണ്ട്.

മുസഫറാബാദിലെ പ്രതിഷേധത്തിൽ ലക്ഷക്കണക്കിന് പേരാണ് ഒത്തുചേരുന്നത്. അവർ നമ്മുടെ മാംസവും രക്തവുമാണ്. അവരെ കൂടുതൽ ബഹുമാന പൂർവം പരിഗണിക്കണം. കർഷകരുടെ വേദനയും വാദങ്ങളും മനസ്സിലാക്കണം. പൊതുധാരണയിലെത്താൻ ശ്രമിക്കണം വരുൺ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന യുപിയിൽ നടക്കുന്ന മഹാപഞ്ചായത്തിൽ ലക്ഷങ്ങളാണ് അണിനിരന്നത്.

പ്രശ്‌നപരിഹാരത്തിനായി കേന്ദ്രസർക്കാർ കർഷക നേതാക്കളുമായി ചർച്ച നടത്തിയിരുന്നെങ്കിലും കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയാറായിരുന്നില്ല. കാർഷിക നിയമങ്ങൾ ഉത്പന്നങ്ങൾ വിൽക്കാൻ കർഷകർക്കു പുതിയ അവസരങ്ങൾ ഒരുക്കുകയാണെന്നാണു കേന്ദ്രസർക്കാരിന്റെ വാദം.