ന്യൂഡൽഹി: കേരളത്തിലെ സഭാ തർക്കം അത്ര എളുപ്പത്തിൽ പരിഹരിക്കപ്പെടുന്ന വിഷയമല്ലെന്ന സൂചനയുമായി മിസോറാം ​ഗവർണർ പി എസ് ശ്രീധരൻ പിള്ള. ഇന്നലെയും ഇന്നുമായി പ്രധാനമന്ത്രിയെ കണ്ട ഓർത്തഡോക്സ്, യാക്കോബായ വിഭാ​ഗങ്ങൾ തങ്ങളുടെ നിലപാടുകളിൽ ഉറച്ച് നിന്നതോടെയാണ് മലങ്കര സഭാ തർക്കം ആഴത്തിലുള്ള പ്രശ്നം ആണെന്ന് പിഎസ് ശ്രീധരൻ പിള്ള പ്രതികരിച്ചത്. പ്രശ്ന പരിഹാരത്തിന് സഭയ്ക്ക് അകത്ത് തന്നെ സമന്വയം ഉണ്ടാകണമെന്നായിരുന്നു പിള്ളയുടെ പ്രതികരണം.

സുപ്രീം കോടതി വിധിയുടെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്ന് പറഞ്ഞ ശ്രീധരൻ പിള്ള, സഭകളുമായി ഉള്ളത് നല്ല ബന്ധമാണെന്നും ചൂണ്ടിക്കാട്ടി. ഗവർണറെന്ന നിലയിൽ പരിധികളെയും പരിമിതികളെയും കുറിച്ച് ബോധവാനാണ്. അത് ലംഘിക്കാതെയാണ് സഭാ പ്രതിനിധികൾക്ക് ചർച്ചക്ക് ഉള്ള സൗകര്യം ഒരുക്കിയതെന്നും പിഎസ് ശ്രീധരൻ പിള്ള വിശദീകരിച്ചു. സഭാ പ്രതിനിധികൾ കാണണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെയാണ് ചർച്ചക്ക് സാഹചര്യം ഒരുങ്ങിയത്. കേരളത്തിൽ വിവേചനം അനുഭവിക്കുന്നു എന്നായിരുന്നു സഭാ പ്രതിധികളുടെ പരാതി. തുടർന്നാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താനുള്ള നടപടിയുമായി മുന്നോട്ട് പോയത്. ജനുവരി രണ്ടാം വാരത്തിൽ പള്ളി തർക്കവുമായി ബന്ധമില്ലാത്ത സഭാ പ്രതിനിധികളും പ്രധാനമന്ത്രിയെ കാണുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ളയുടെ മധ്യസ്ഥതയിലാണ് പ്രധാനമന്ത്രി ഒത്തുതീർപ്പ് വ്യവസ്ഥകൾ തയ്യാറാക്കി ഇരു സഭകളെയും ചർച്ചക്ക് വിളിച്ചത്. മിസോറാം ഹൗസിൽ ആണ് ചർച്ചയ്ക്കു വന്ന സഭ അധികാരികൾക്ക് താമസം.വാഹനം ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും സഭാ നേതൃത്വത്തിനായി ഇവിടെ ഒരുക്കിയുരുന്നു.

ഇന്നലെ ഓർത്തഡോക്സ് സഭാ പ്രതിനിധികളും ഇന്ന് ചർച്ച നടത്തിയ യാക്കോബായ സുറിയാനി സഭ പ്രതിനിധികളും തങ്ങളുടെ നിലപാടുകളിൽ ഉറച്ച് നിന്നാണ് പ്രധാനമന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ചത്. മലങ്കരയിലെ പ്രശ്നങ്ങൾ അത്ര ലളിതമല്ലെന്ന സന്ദേശമാണ് ഇരു വിഭാ​ഗങ്ങളും മോദിക്ക് നൽകിയത്.

കോടതി വിധികളിലെ നീതി നിഷേധം സംബന്ധിച്ചാണ് ഇന്ന് പ്രധാനമന്ത്രിയെ കണ്ട യാക്കോബായ സഭ പ്രതിനിധികൾ സംസാരിച്ചത്. പള്ളി പിടുത്തം നിർത്തലാക്കാൻ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടതായി യാക്കോബായ സുറിയാനി സഭ പ്രതിനിധി ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു. 1991ലെ വർഷിപ്പ് ആക്ട് നടപ്പിലാക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ജോസഫ് മാർ ഗ്രിഗോറിയോസ്, തോമസ് മാർ തീമോത്തിയോസ്, കുര്യാക്കോസ് മാർ തെയോഫിലോസ് എന്നീ മെത്രാപ്പൊലീത്തമാരാണ് പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തത്. ഉച്ചക്ക് 12 മണിക്ക് ആരംഭിച്ച ചർച്ച ഒരു മണിക്കൂറോളം നീണ്ടു.

പ്രധാനമന്ത്രിയുടെ ഇടപെടലിൽ പ്രതീക്ഷയുള്ളതായും സഭ പ്രതിനിധി ജോസഫ് മാർ ഗ്രിഗേറിയോസ് പറഞ്ഞു. കേന്ദ്രമന്ത്രി വി. മുരളീധരൻ, മിസോറാം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ഇന്നലെ ഓർത്തഡോക്‌സ് പ്രതിനിധികളുമായി പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു. മോദിക്ക് മുന്നിലും കടുംപിടുത്തം തുടരുകയാണ് ഓർത്തഡോക്‌സ് സഭ ചെയ്തത്. സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്നാണ് അവർ ആവശ്യപ്പെട്ടത്.

സഭ ഒന്നായി മുന്നോട്ടുപോകേണ്ടതുണ്ടെന്നും അതിനുള്ള വ്യക്തമായ നിർദ്ദേശങ്ങളാണ് സുപ്രീം കോടതി വിധിയിലുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചയിൽ ഓർത്തഡോക്‌സ് സഭാ നേതൃത്വം വ്യക്തമാക്കി. തർക്കപരിഹാരത്തിനു തന്നാലാവുന്നത്ര ശ്രമിക്കുമെന്ന് പ്രധാനമന്ത്രിയും പറഞ്ഞു.

സുപ്രീം കോടതി വിധിക്കുള്ളിൽ നിന്നുകൊണ്ടു പരിഹാരം കാണേണ്ടതിന്റെ ആവശ്യകത അദ്ദേഹം സൂചിപ്പിച്ചു. മുക്കാൽ മണിക്കൂർ നീണ്ട ചർച്ചയിൽ സഭാ സിനഡ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ്, ഡോ.തോമസ് മാർ അത്തനാസിയോസ്, ഡോ.യൂഹാനോൻ മാർ ദിമെത്രയോസ് എന്നിവരാണ് നിലപാടുകൾ വിശദീകരിച്ചത്. മിസോറം ഗവർണർ പി. എസ്. ശ്രീധരൻപിള്ള, വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ എന്നിവരും സന്നിഹിതരായിരുന്നു.

സഭയുടെ ചരിത്രവും നിലവിലെ തർക്കത്തിന്റെ നാൾവഴിയും കോടതിവിധികളും വിശദീകരിച്ചുള്ള കത്ത് ഓർത്തഡോക്‌സ് സഭാനേതൃത്വം പ്രധാനമന്ത്രിക്കു നൽകി. ആരാധനയിൽ പങ്കെടുക്കാൻ ആർക്കും തടസ്സമില്ലെന്നും സമാധാനാന്തരീക്ഷം നശിപ്പിക്കുന്നതും കോടതിവിധി നടപ്പാക്കൽ തടയുന്നതും അനുവദിക്കാനാവില്ലെന്നും കത്തിൽ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻപാകെ അവതരിപ്പിച്ച നിലപാടുകൾ പ്രധാനമന്ത്രിയോടും വിശദീകരിച്ചെന്ന് ഡോ.യൂഹാനോൻ മാർ ദിയസ്‌കോറസ് പറഞ്ഞു. കോടതിവിധി യാക്കോബായ സഭ അംഗീകരിക്കണം. മുൻപത്തെ നിയമങ്ങൾ അംഗീകരിക്കാത്ത സ്ഥിതിയുള്ളപ്പോൾ വീണ്ടും നിയമനിർമ്മാണം നടത്തിയിട്ടു കാര്യമില്ല. എങ്ങനെ മുന്നോട്ടുപോകണമെന്നു കോടതിവിധിയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.