തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാളെ മുതൽ ഈ മാസം 30 വരെ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി പബ്ലിക് സർവീസ് കമ്മിഷൻ അറിയിച്ചു. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ നടത്താൻ നിശ്ചയിച്ച അഭിമുഖങ്ങളും മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കോവിഡ് വ്യാപനം കണക്കിലെടുത്ത് കേരളത്തിലെ എല്ലാ സർവകലാശാലകളും പരീക്ഷകൾ മാറ്റിവയ്ക്കാൻ ഇന്നലെ തീരുമാനിച്ചിരുന്നു. കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ യൂണിവേഴ്സിറ്റി, സാങ്കേതിക, മലയാളം, ആരോഗ്യസർവകലാശാലകളാണ് പരീക്ഷകൾ മാറ്റിവച്ചത്. ഗവർണറുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.

പരീക്ഷകൾ മാറ്റണമെന്ന് സർവകലാശാ വൈസ് ചാൻസിലർമാർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദ്ദേശം നൽകിയിരുന്നു. നേരിട്ടുള്ള എല്ലാ പരീക്ഷകളും മാറ്റാനാണ് നിർദ്ദേശം. ഇതിന് പിന്നാലെയാണ് രണ്ട് പ്രധാന സർവകാലാശലകൾ പരീക്ഷകൾ മാറ്റിവച്ചതായി അറിയിച്ചത്.

ജെഇഇ മെയിൻ പരീക്ഷയും മാറ്റിയിട്ടുണ്ട്. 27,28,30 തീയതികളിൽ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പരീക്ഷയ്ക്ക് 15 ദിവസം മുൻപ് തീയതി അറിയിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.