കൊച്ചി: സംസ്ഥാനത്ത് പിഎസ്.സി വഴിയും ബന്ധു നിയമനം എന്ന് ആരോപണം. എൽ ഡി എഫ് വടകര നിയോജക മണ്ഡലം സ്ഥാനാർത്ഥിയും എൽജെഡി സംസ്ഥാന നേതാവുമായ മനയത്ത് ചന്ദ്രന്റെ മരുമകനായിട്ടാണ് ചട്ടങ്ങൾ മറികടന്ന് നിയമനം നൽകിയത്. പി.എസ്.സിയെ മറയാക്കി പോളിടെക്നിക്ക് എച്ച്.ഒ.ഡി ആയിട്ടാണ് മനയത്ത് ചന്ദ്രന്റെ സഹോദരി വസന്തയുടെ മകൻ ടികെ വിജിത്തിന് നിയമനം നൽകിയത്. ഇടുക്കി- വണ്ടിപ്പെരിയാർ ഗവൺമെന്റ് പോളിടെക്ക്നിക്ക് കോളേജിലാണ് വിജിത്ത് കഴിഞ്ഞ ജൂൺ മുതൽ ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ആൻഡ് ബിസിനസ്സ് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ് മേധാവിയായി അരക്ഷത്തിന് മുകളിൽ ശമ്പളം വാങ്ങി ജോലി ചെയ്ത് വരുന്നത്.

2018 ഡിസംബർ 31 ന് ആയിരുന്നു ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ആൻഡ് ബിസിനസ്സ് മാനേജ്മെന്റ് എന്ന നോൺ ടെക്ക്നിക്കൽ ഡിപ്പാർട്ട്മെന്റ് മേധാവി തസ്തികയിലേക്ക് ഒരു വേക്കൻസിയിൽ പിഎസ്.സി ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത്. 2019 ജനുവരി 30 ആയിരുന്നു അപേക്ഷിക്കേണ്ട അവസാന തിയതി. രണ്ട് പിജി ഉള്ളവർക്ക് മാത്രമേ അപേക്ഷിക്കാവു എന്നുള്ളതിനാൽ ആകെ 22 അപേക്ഷകളാണ് പി.എസ്.സിക്ക് ലഭിച്ചത്. ഇതിൽ 2019 മാർച്ച് 15 ന് നടന്ന ആദ്യഘട്ട വേരിഫിക്കേഷനിൽ തന്നെ 20 പേരും പുറത്തായി. കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ ആദർശ് എസ്, വിജിത്ത് ടികെ തുടങ്ങിയ രണ്ട് പേരുടെ അപേക്ഷകൾ മാത്രം ബാക്കിയായി. പക്ഷെ 2020 മാർച്ച് 19 ന് ആദർശ് എസിന്റെ അപേക്ഷ തള്ളിയതായി കാണിച്ചു കൊണ്ട് അറിയിപ്പ് ലഭിച്ചു. തുടർന്ന് മെയ് 20 ന് കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബൂണലിൽ പരാതി നൽകി.

ഇതിന്റെ അടിസ്ഥാനത്തിൽ 2020 നവംബർ 11 ന് നടന്ന അഭിമുഖത്തിൽ പങ്കെടുത്തെങ്കിലും നവംബർ 24 ന് ഒന്നാം റാങ്കുകാരനായി വിജിത്തിനെ പ്രഖ്യാപിച്ച് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. രണ്ടാം റാങ്ക് പ്രസിദ്ധീകരിച്ചതുമില്ല. കേസിന്റെ അന്തിമ തീരുമാനത്തിന് വിധേയമായിട്ടായിരിക്കണം പി.എസ്.സി അഡൈ്വസ് മെമോ നൽകാവു എന്ന കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബൂണലിന്റെ 10-12-2019 ലെ ഇടക്കാല ഉത്തരവ് നിലനിൽക്കുമ്പോൾ തന്നെ അതിനെ മറികടന്ന്കൊണ്ട് 2021 ജനുവരി അറിന് വിജിത്തിന് അഡൈ്വസ് മെമോ ലഭിച്ചു. പിന്നാലെ ഏപ്രിൽ 21 ന് ഹയർ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിൽ നിന്ന് നിയമന ഉത്തരവും ലഭിച്ചു.

കഴിഞ്ഞ വർഷം ജൂൺ ഒന്നിനാണ് വണ്ടിപ്പെരിയാർ ഗവൺമെന്റ് പോളിടെക്ക്നിക്കിൽ ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ആൻഡ് ബിസിനസ്സ് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ് മേധാവിയായി വിജിത്ത് ജോലിയിൽ പ്രവേശിക്കുന്നത്. പിന്നാലെ ആദർശ് എസ് നടത്തിയ അന്വേഷണത്തിലാണ് വിജിത്തിന് പിഎസ്.സി നോട്ടിഫിക്കേഷനിൽ ആവശ്യപ്പെട്ട അടിസ്ഥാന യോഗ്യത പോലും ഇല്ലെന്ന് വ്യക്തമാകുന്നത്.

നിയമ ലംഘനങ്ങൾ ഇങ്ങനെ
--------------------

1, എംബിഎ വിത്ത് കംമ്പ്യൂർ അപ്ലിക്കേഷൻസ് അല്ലെങ്കിൽ എംസിഎ വിത്ത് പിജി ഡിപ്ലോമ ഇൻ ബിസിനസ്സ് മാനേജ്മെന്റ് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബി ടെക്കും ബിസിനസ്സ് മാനേജ്മെന്റിൽ പിജി ഡിപ്ലോമയും എന്നതായിരുന്നു ആവശ്യമായ വിദ്യാഭ്യാസ യോഗ്യത. പക്ഷെ വിജിത്തിന് ഉണ്ടായിരുന്നത് പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്ന് വിദൂര വിദ്യാഭ്യാസം വഴി നേടിയ ബിസിനസ്സ് അഡ്‌മിനിസ്ട്രേഷനിൽ പിജി ഡിപ്ലോമയാണ്. മാത്രമല്ല, കേരളത്തിലെ യൂണിവേഴ്സിറ്റികളും യുജിസിയും പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുടെ പിജിഡിബിഎ കോഴ്സിന് അംഗീകാരം നൽകിയിട്ടില്ല. തുല്ല്യത സർട്ടിഫിക്കറ്റ് ഈ കോഴ്സിന് കേരളത്തിലെ യൂണിവേഴ്സിറ്റികൾ ആരും നൽകിയിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള മറുപടി ലഭിച്ചത്.

2, എട്ട് വർഷം പ്രവൃത്തി പരിചയം എന്നായിരുന്നു നിബന്ധന എങ്കിൽ വിജിത്തിന് ഉള്ളത്, വിവിധ കാലഘട്ടത്തിലായി കരാർ അടിസ്ഥാനത്തിൽ 7 വർഷവും 10 മാസവും 23 ദിവസവും മാത്രം. ഇത് മറികടക്കുന്നതിനായി കാരാർ നിയമനങ്ങൾ പി.എസ്.സി അംഗീകരിക്കില്ല എന്നിരിക്കെ, വിജിത്തിന് വേണ്ടി ചട്ടം മറച്ചുവെച്ച് ജോലി ചെയ്ത വിവിധ കാലഘട്ടത്തെ, തുടർച്ചയായി കാണിച്ചു. (കാലിക്കറ്റ് യൂണിവേഴ്സിറ്റി റീജ്യണൽ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജിയിൽ(വടകര) ജോലി ചെയ്തത് ഇനി പറയുന്ന കാലയളവുകളിൽ ആണ്. 11.12.2006 മുതൽ 10.12.2007 വരെ, 14.12.2007 മുതൽ 3.12.2008 വരെ, 18.12.2008 മുതൽ 17.12.2009 വരെ, 29.12.2009 മുതൽ 05.03.2011 വരെയും) അതിന് ശേഷം വടകര കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ അസിസ്റ്റന്റ് പ്രൊഫസറായി 07.03.2011 മുതൽ 21.05.2019 വരെ.
അതിന് ശേഷം വടകര കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ അസിസ്റ്റന്റ് പ്രൊഫസറായി 7,3.2011 മുതൽ 21.5.2019 വരെ )

3, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംസിഎ പഠിക്കുന്ന അതേ കാലയളവിൽ തന്നെയാണ് പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്ന് വിദൂരവിദ്യാഭ്യാസം വഴി പിജിഡിബിഎ പഠിക്കുന്നത്. യുജിസിയുടേയും കേരളത്തിലെ യൂണിവേഴ്സിറ്റികളുടേയും നിയമം അനുസരിച്ച് റഗുലർ കോഴ്സ് ചെയ്യുമ്പോൾ മറ്റ് കോഴ്സുകൾ ചെയ്യാൻ പാടില്ല. അങ്ങനെ ചെയ്താൽ റെഗുലർ കോഴ്സ് അസാധു ആകും.

ഈ ഗുരുതരമായ പിഴവുകൾ ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 9 ന് പിഎസ്.സി ചെയർമാനും സെക്രട്ടറിക്കും പരാതി നൽകിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ലെന്നും ആദർശ് എസ് മറുനാടൻ മലയാളിയോട് പറഞ്ഞു. വിജിത്തിനെ സംരക്ഷിക്കാൻ കോടതിയിൽ പിഎസ്.സി കള്ള സത്യവാങ്മൂലം നൽകിയതായും ആദർശ് ആരോപിച്ചു. എഞ്ചിനീയറിങ് വിഭാഗത്തിലെ ഡിപ്ലോമ ലെവലിൽ എട്ട് വർഷം വിജിത്തിന് പ്രവൃത്തി പരിചയം ഇല്ല എന്നിരിക്കെ, തനിക്ക് ആ യോഗ്യത ഇല്ലാത്തതിനാൽ ആണ് അപേക്ഷ തള്ളിയതെന്നായിരുന്നു കെഎടിയിൽ വാദിച്ചത്. വലിയ രാഷ്ട്രീയ സ്വാധീനത്തിൽ പിഎസ്.സിയിലെ നിരവധി ഉദ്യോഗസ്ഥർ ഉൾപ്പെട്ട ചട്ടലംഘനം ആണ് ഇവിടെ നടന്നിട്ടുള്ളത്. തനിക്ക് എംസിഎയും എംബിഎയും സൈബർ ലോയിൽ ഡിപ്ലോമയും എൽഎൽബിയും ഉണ്ട്. മാത്രവുമല്ല, ഇവർ പറയുന്നതിലും അധികം പ്രവൃത്തി പരിചയവും ഉണ്ടെന്നിരിക്കെയാണ് എന്നെ തഴഞ്ഞത്. ആദർശ് പറയുന്നു.

സംസ്ഥാനത്ത് 51 ഗവൺമെന്റ് പോളിടെക്ക്നിക്ക് കോളേജുകൾ ഉണ്ടെങ്കിലും 4 എണ്ണത്തിൽ മാത്രമാണ് ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ആൻഡ് ബിസിനസ്സ് മാനേജ്മെന്റ് എന്ന നോൺ ടെക്ക്നിക്കൽ ഡിപ്പാർട്ട്മെന്റ് ഉള്ളൂ. അതിൽ ഒന്നാണ് വണ്ടിപ്പെരിയാർ ഗവൺമെന്റ് പോളിടെക്ക്നിക്ക് കോളേജ്. വിജിത്തിന്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൂടുതൽ നിയമനടപടിക്ക് ഒരുങ്ങുകയാണ് ഹൈക്കോടതിയിലെ അഭിഭാഷകൻ കൂടിയായ ആദർശ് എസ്.