തിരുവനന്തപുരം:മുൻ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് മലയാളക്കരയെ കോളിളക്കം ശ്രഷ്ടിക്കുമ്പോൾ രാഷ്ട്രീയ രംഗത്തെ പ്രതികരണങ്ങളും അറസ്റ്റിനോടൊപ്പം നിറയുകയാണ്. കവിത ചൊല്ലി പരിഹസിച്ചാണ് ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിനോട് ്മന്ത്രി കെ.ടി ജലീൽ പ്രതികരിച്ചത്. 'നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ' എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രിയുടെ അറസ്റ്റുണ്ടാകുമെന്നു പ്രചരിപ്പിച്ചപ്പോൾ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റാണല്ലോ ഉണ്ടായതെന്ന ചോദ്യത്തിനു ഉള്ളൂർ എസ്.പരമേശ്വരയ്യരുടെ കവിതയിലൂടെ മറുപടി പറയുകയായിരുന്നു ജലീൽ.

ആർക്കുള്ള സന്ദേശമാണിതെന്ന ചോദ്യത്തിനു മന്ത്രി മറുപടി പറഞ്ഞില്ല. ലീഗിലൂടെ രാഷ്ട്രീയത്തിലേക്കു വന്ന കെ.ടി.ജലീൽ പിന്നീട് പാർട്ടിയിൽനിന്ന് പുറത്തായി. തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ കുറ്റിപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ എൽഡിഎഫ് പിന്തുണയോടെ വിജയിച്ചു.

സ്വർണക്കടത്തു കേസിലും യുഎഇയിൽ നിന്ന് അനധികൃതമായി ഈന്തപ്പഴം എത്തിച്ച് വിതരണം ചെയ്തതിലും കെ.ടി. ജലീൽ ആരോപണം നേരിടുന്നുണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും എൻഐഎയും ഇതുമായി ബന്ധപ്പെട്ട് കെ.ടി.ജലീലിനെ ചോദ്യം ചെയ്തിരുന്നു. പ്രതിപക്ഷം കെ.ടി. ജലീലിനെതിരെ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹം ചികിത്സയിലുള്ള നെട്ടൂരിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിയാണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്.

എന്നാൽ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിച്ച് കുഞ്ഞിലിക്കുട്ടിയും രംഗത്തെത്തി. പാലാരിവട്ടം പാലം അഴിമതി കേസിലെ മുന്മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഇടതുപക്ഷ കൺവീനർ നേരത്തെ പറഞ്ഞ, ലിസ്റ്റ് തയ്യാറാക്കി രാഷ്ട്രീയമായി കേസ് എടുക്കുന്ന നടപടിയാണിത്. മുൻകൂട്ടി പ്രഖ്യാപിച്ച് നമ്പർ ഇട്ട് ചെയ്യുകയാണ്. അറസ്റ്റ് അനവസരത്തിലാണെന്നു പറയാൻ കാരണം അന്വേഷണം കഴിഞ്ഞ് കാലം കുറേ ആയതിനാലാണ് എന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

സി.ആർ.പി.സിയിലെ വകുപ്പുകൾ നോക്കി നോട്ടീസ് കൊടുത്ത് വിളിച്ചു വരുത്തി ചോദ്യം ചെയ്ത് അറസ്റ്റ് ആവശ്യമില്ലെന്ന് കണ്ട കേസാണിത്. അന്വേഷണം നടന്ന് കാലം കുറേ കഴിഞ്ഞതിനു ശേഷം ഇപ്പോൾ അവർക്ക് ആവശ്യം വന്നു. സ്വർണക്കടത്തും മറ്റ് ഗൗരവതരമായ കേസുകളും പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് വന്നപ്പോൾ അതിനെ ബാലൻസ് ചെയ്യാൻ വേണ്ടി പാലാരിവട്ടം കേസ് കൊണ്ടുവന്നതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഏത് കേസിലും അറസ്റ്റ് ചെയ്യേണ്ട ഒരു ഘട്ടമുണ്ട്. അങ്ങനെ അറസ്റ്റ് ചെയ്യേണ്ട ഒരു ഘട്ടത്തിൽ അറസ്റ്റ് വേണ്ടെന്നുവെച്ച കേസാണ് ഇത്. ഈ കേസിൽ ഇപ്പോൾ നടന്ന അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണ്. തിരുവനന്തപുരത്ത് രണ്ടു മൂന്നു ദിവസമായി യോഗം ചേർന്ന് എങ്ങനെയാണ് അറസ്റ്റ് ചെയ്യാൻ പറ്റുക എന്ന് ആലോചിച്ചിരുന്നതായി വിവരം ലഭിച്ചിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.