കൊച്ചി:നിയമസഭയ്ക്കകത്ത് നിർഭയനായിരുന്നു പി.ടി തോമസ്. പുറത്ത് തികഞ്ഞ സഹൃദയനും. അനിതര സാധാരണമായ മനുഷ്യത്വവുമായിരുന്നു പി.ടിയുടെ ഏറ്റവും വലിയ രാഷ്ട്രീയം. ആശുപത്രി കിടക്കയിലും ഇതു തന്നെയാണ് പിടി പ്രകടിപ്പിച്ചത്. സുഹൃത്തുക്കൾ ആവേശമായിരുന്നു. യുവതലമുഖയ്ക്ക് പാഠപുസ്തകവും.

'ഹാപ്പി ബർത്‌ഡേ... ഡിയർ പി.ടി...' 12നു വെല്ലൂരിലെ ആശുപത്രിക്കിടക്കയിലേക്കു പി.ടി.യെത്തേടി സംഗീത സംവിധായകൻ ജെറി അമൽദേവിന്റെ പാട്ടു നിറഞ്ഞൊരു പിറന്നാൾ ആശംസയെത്തി. പാട്ടു കേട്ട പി.ടി. തോമസ് ആദ്യം ജെറി അമൽദേവിനെ വിളിച്ചു. പിന്നെ ഫ്രണ്ട്‌സ് ഓഫ് പി.ടി. എന്ന സൗഹൃദസംഘത്തിലെ അംഗങ്ങളെയെല്ലാവരെയും വിളിച്ചു. അസുഖം മാറി എത്രയും വേഗം മടങ്ങി വരാൻ ആശംസ നേർന്നാണു കൂട്ടുകാർ സംസാരം അവസാനിപ്പിച്ചത്. അതു വെറുതെയുമായി

പി.ടി.യുടെ പിറന്നാളാണെന്നും ഒരു സംഗീതാശംസ തയാറാക്കണമെന്നും ജെറി അമൽദേവിനോട് ആവശ്യപ്പെട്ടത് വേണു രാജാമണിയാണ്. ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഗാനം ഒരുക്കിയ ജെറി, അതു വേദിയിൽ അവതരിപ്പിച്ചു. ഈ ഗാനത്തിന്റെ വിഡിയോയാണു പി.ടി.ക്ക് അയച്ചുനൽകിയത്. ആശുപത്രിക്കിടക്കയിൽ വച്ച് പി.ടി. ഈ പാട്ടു കേൾക്കുകയും ചെയ്തു. പിന്നീട് കൂടുതൽ ആവേശത്തിലായി നേതാവ്. പക്ഷേ അത് കൂടുതൽ ദിവസത്തേക്ക് നീണ്ടു പോയില്ല. എല്ലാവരേയും വേദനിപ്പിച്ച് പിടി മടങ്ങി.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സ്ത്രീരക്ഷയുടെ പ്രവാചകനെന്ന് പറയുന്ന വി എസ് അച്യുതാനന്ദൻ നിലപാട് വ്യക്തമാക്കണമെന്നായിരുന്നു സഭയിൽ ആവശ്യമുടർത്തിയ പിടി പരിസ്ഥിതിക്ക് വേണ്ടി വാദിച്ചു. കൊറോണ പ്രതിരോധത്തിലെ സർക്കാർ വീഴ്ചകളും കോവിഡിന്റെ പേരിൽ സർക്കാർ നടത്തിയ രാഷ്ട്രീയ പ്രതികാരങ്ങളും വാക്‌സിനേഷനിലെ പോരായ്മകളും നെല്ലു സംഭരണത്തിലെ അഴിമതികളും, ഏറ്റവുമൊടുവിൽ ലക്ഷദ്വീപ് വിഷയത്തിൽ കേന്ദ്ര സർക്കാർ നടപടിയെ വിമർശിക്കാതെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിലെ പൊള്ളത്തരങ്ങളും പി.ടിയെന്ന പോരാളി സഭയിൽ തുറന്നുകാട്ടി.

പിടിയെ പിസി വിഷ്ണുനാഥ് ഓർക്കുന്നത് ഇങ്ങനെയാണ്. പി.ടി.യുടെ പോക്കറ്റിൽ എപ്പോഴും ഒരു ചെറിയ നോട്ട്ബുക്ക് കാണാം. രണ്ട്, മൂന്ന് ദിവസത്തിനുള്ളിൽ അതിലെ പേജുകളെല്ലാം എഴുതിത്ത്തീരുകയും ചെയ്യും. യാത്രയിൽ, പരിപാടികളിൽ എല്ലാം വച്ചു കാണുന്നവർ നൽകുന്ന വിവരങ്ങൾ, ടെലിഫോൺ നമ്പറുകൾ എന്നിവയാവും കുറിപ്പുകളിൽ ഉണ്ടാവുക. അങ്ങനെ ആരോ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാവും ശാസ്താംകോട്ട കോളജിലെ കെഎസ്‌യു പ്രവർത്തകനായ എന്നിലേക്കും അന്വേഷണം എത്തിയത്. പി.ടി. അന്ന് കേരളത്തിലുടനീളം കോൺഗ്രസ് അനുഭാവികളായ ഗ്രന്ഥശാലാ പ്രവർത്തകരെ സംഘടിപ്പിച്ചു നടക്കുന്ന സമയമാണ്. ആ അന്വേഷണത്തിലാണ് എന്നെയും കല്ലട ഗിരീഷിനെയുമെല്ലാം 'സംസ്‌കൃതി' സാംസ്‌കാരിക സംഘടനയുടെ ഭാഗമാക്കിയത്.

പിന്നീട് ഓരോ ഘട്ടത്തിലും ഒരു പൊതുപ്രവർത്തകൻ എങ്ങനെയെല്ലാം പെരുമാറണം എന്നതിനെക്കുറിച്ച് സൂക്ഷ്മമായ കാര്യങ്ങൾ വരെ പറഞ്ഞു തരുമായിരുന്നു അദ്ദേഹം; ഒരു ജ്യേഷ്ഠൻ അനുജനോടെന്ന വിധം. അതിലൊന്നാണ് സ്വന്തം ബാഗും പെട്ടിയും പിടിക്കാൻ മറ്റാരെയും ഏൽപിക്കരുത് എന്ന പാഠം; റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ, സഹപ്രവർത്തകർ സ്നേഹത്തോടെ പെട്ടി വാങ്ങാൻ ശ്രമിക്കുമ്പോൾ പി.ടി.യുടെ വാക്കുകൾ ഓർമ വരും. ലാത്തിച്ചാർജിൽ പരുക്കേറ്റ് കഴുത്തിന് വേദനയും കയ്യിൽ വലിയ ഭാരമെടുക്കാൻ ബുദ്ധിമുട്ടാവുകയും ചെയ്യുന്നതു വരെ അത് അക്ഷരംപ്രതി അനുസരിച്ചു. ഇപ്പോഴും ഭാരമെടുക്കാൻ ബുദ്ധിമുട്ടാണെങ്കിലും പി.ടി.യുടെ വാക്കുകൾ പരമാവധി പിന്തുടരുന്നു. കേൾക്കുമ്പോൾ നിസ്സാരമെന്ന് തോന്നുന്ന ഇത്തരം കാര്യങ്ങളിൽ പി.ടി. വലിയ നിഷ്‌കർഷത പുലർത്തിയിരുന്നു.

പി.ടി.യ്ക്ക് രാഷ്ട്രീയത്തിന് അതീതമായി വിപുലമായ സൗഹൃദങ്ങൾ ഉണ്ടായിരുന്നു. സംസ്‌കൃതിയുടെ ക്യാംപിൽ യേശുദാസൊക്കെ വരുമായിരുന്നു. പ്രസ്ഥാനത്തിൽ ഭാരവാഹിത്വമില്ലാത്ത നാളുകളിലും പി.ടി. കേരളത്തിലുടനീളം ഓടി നടന്ന് സംസ്‌കൃതിയെന്ന സാംസ്‌കാരിക വേദിക്കു ശാഖകൾ പടർത്തി. കേരളത്തിലെ സമാന്തര പ്രസിദ്ധീകരണ രംഗത്തു വേറിട്ടു നിന്ന 'മാനവ സംസ്‌കൃതി' മാസികയിലൂടെ പി.ടി. ഇടതുപക്ഷ സാംസ്‌കാരിക പ്രവർത്തകർക്കും ഇടം നൽകി. അവരെ എഡിറ്റ് ചെയ്യാതെ അവതരിപ്പിച്ചു. വിയോജിപ്പുകളുടെ സൗന്ദര്യം എന്തെന്ന് പി.ടി. പഠിപ്പിക്കുകയായിരുന്നു.

ഞങ്ങളെല്ലാം വലുതായി എംഎൽഎമാരായപ്പോൾ അഭിമാനത്തോടെ പി.ടി. മറ്റുള്ളവരോട് ഞങ്ങളെക്കുറിച്ച് പറയുമായിരുന്നു. എഴുപതാം വയസ്സിലും പി.ടി. കെഎസ്‌യുവായിരുന്നു. എഴുതാനും വായിക്കാനുമെല്ലാം എപ്പോഴും കെഎസ്‌യുക്കാരെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. എൽഎൽബിക്ക് പഠിക്കുമ്പോൾ കേരളത്തിലെ വിദ്യാഭ്യാസ മേഖലയെക്കുറിച്ച് എന്റെ ഒരു ലേഖനം ഒരു ആനുകാലികത്തിൽ പ്രസിദ്ധീകരിച്ചു വന്നപ്പോൾ വഞ്ചിയൂർ കോടതിയുടെ മുമ്പിലുള്ള കടയിൽനിന്നും അതു വാങ്ങി ആദ്യം കൊണ്ടുകാണിച്ചത് പി.ടി.യെ ആയിരുന്നു. എഴുതുമ്പോൾ കൂടുതലായി ശ്രദ്ധ ചെലുത്തേണ്ട കാര്യങ്ങളും അദ്ദേഹം വിവരിച്ചുതരും. പി.ടി. ഒരു കാര്യം പഠിപ്പിച്ചു തന്നാൽ മനസ്സിൽനിന്നു മായില്ല.

വിയോഗത്തിലും ഞങ്ങളെയെല്ലാം പ്രചോദിപ്പിക്കും അദ്ദേഹം. പി.ടി. പകർന്നു തന്ന പാഠങ്ങൾ എന്നും മനസ്സിലുണ്ടാവും. എപ്പോഴും പറയുന്ന വാക്കുകൾ കാതിൽ നിരന്തരം മുഴങ്ങും. അത് ഞങ്ങൾക്ക് ഇനിയും ഊർജസ്വലതയോടെ പ്രവർത്തിക്കാനുള്ള ഇന്ധനമാവും.-പിസി വിഷ്ണുനാഥ് വിശദീകരിക്കുന്നു.