തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും പരാതികളും അറിയിക്കുന്നതിന് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫോൺ ഇൻ പരിപാടി 'റിങ് റോഡി'ലേക്ക് വെള്ളിയാഴ്ച വിളിക്കാം. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മുതൽ ആറ് വരെയാണ് റിങ് റോഡ് പരിപാടി നടക്കുന്നത്. 18004257771 ( ടോൾ ഫ്രീ) എന്ന നമ്പറിലാണ് വിളിക്കേണ്ടത്.

മന്ത്രിയോട് ജനങ്ങൾക്ക് നേരിട്ട് സംസാരിക്കാനുള്ള അവസരം ഉണ്ടാക്കുന്ന പരിപാടിയാണ് റിങ് റോഡ്. ജനങ്ങളുടെ പരാതികൾ കേൾക്കുകയും അപ്പോൾ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ച് ആ പരാതിയുടെ നിജസ്ഥിതി അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കുകയുമാണ് പരിപാടിയിലൂടെ ചെയ്യുന്നത്.

റോഡരികിലെ വെള്ളക്കെട്ട്, അനധികൃത പാർക്കിങ്, പഴയവാഹനങ്ങൾ വർഷങ്ങളായി റോഡരികിൽ കിടക്കുന്നത് കാരണം ഗതാഗത പ്രശ്‌നവും സാമൂഹ്യവിരുദ്ധ ശല്യവും വർദ്ധിക്കുന്നത്, ഡ്രൈനേജ് മണ്ണ് നീക്കൽ, റോഡിന്റെയും പാലങ്ങളുടെയും അറ്റകുറ്റപ്പണികൾ എന്നിങ്ങനെയുള്ള വിഷയങ്ങളാണ് കഴിഞ്ഞ ആഴ്ചകളിൽ ഉയർന്നു വന്നത്.