പുതിച്ചേരി: പുതുച്ചേരി ക്രിക്കറ്റ് പുതിയ തലത്തിലാണ് ഇന്ന്. നാലു വർഷം കൊണ്ട് പുതുച്ചേരിയിൽ സംഭവിച്ചത് ക്രിക്കറ്റ് വിപ്ലവമാണ്. ഒൻപത് സ്റ്റേഡിയങ്ങൾ. ഒരു സ്ഥലത്ത് തന്നെ എട്ട് ഗ്രൗണ്ടുകൾ. കളിക്കാരുടെ പരിശീലനമെല്ലാം ടർഫ് വിക്കറ്റിൽ മാത്രം. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ പുതുച്ചേരി ക്രിക്കറ്റ് മുന്നോട്ട് കുതിക്കുമ്പോൾ ചർച്ചയാകുന്നത് മലയാളി ചേട്ടന്മാരായ ത്രിമൂർത്തികളാണ്. കേരളാ ക്രിക്കറ്റിന്റെ എക്കാലത്തേയും മികച്ച താരങ്ങളായി വിലയിരുത്തുന്ന വിഎ ജഗദീഷും റെയ്ഫി വിൻസന്റ് ഗോമസും പിന്നെ സോണി ചെറുവത്തൂരും. ഇവർക്ക് പുതുച്ചേരി ക്രിക്കറ്റ് നൽകിയ വിശ്വാസമാണ് അവിടുത്തെ ക്രിക്കറ്റിന് തുണയും കരുത്തുമായത്.

വിജയ് ഹസാരെ ഏകദിനത്തിൽ കേരളം ക്വാർട്ടറിൽ എത്തി. എന്നാൽ അതിന് പുതുച്ചേരിക്ക് കഴിഞ്ഞില്ല. അപ്പോഴും പുതുച്ചേരിക്ക് ചിരിക്കാനും സന്തോഷിക്കാനും ഏറെ വകയുണ്ട്. വിജയ് ഹസാരയുടെ ആദ്യ റൗണ്ടിൽ മുംബൈയേയും ബംഗാളിനേയും തമിഴ്‌നാടിനേയും പുതുച്ചേരിയെന്ന കൊച്ചു ടീം അട്ടിമറിച്ചു. 2020 ക്രിക്കറ്റിന്റെ ദേശീയ വെർഷനായ സെയ്ദ് മുഷ്താഖ് അലി ടൂർണ്ണമെന്റിലെ ചാമ്പ്യന്മാരായിരുന്നു തമിഴ്‌നാട്. ആ തമിഴ്‌നാടിനെയാണ് പുതുച്ചേരി തകർത്തത്. ഗ്രൂപ്പ് ബിയിൽ 12 പോയിന്റുമായി തമിഴ്‌നാടും കർണ്ണാടകയും ബംഗാളും എത്തി. പിന്നിൽ അതേ പോയിന്റുമായി പുതുച്ചേരിയും. മുംബൈയ്ക്ക് അവസാന സ്ഥാനവും.

ഇത് പുതുച്ചേരി ക്രിക്കറ്റിന്റെ കരുത്തു മൂലം സംഭവിച്ചതാണ്. നാലു വർഷത്തിനിടെ നാലു തവണ പുതുച്ചേരി മുംബൈ തോൽപ്പിച്ചു കഴിഞ്ഞു. അതായത് ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ ടീമായ മുംബൈയ്ക്ക് പുതുച്ചേരിയെന്ന കൊച്ചു ടീം ഇന്ന് പേടി സ്വപ്‌നമാണ്. ഇതിനെല്ലാം പിന്നിൽ മലയാളി ചേട്ടന്മാരാണ്. വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ കേരളത്തിന്റെ സ്വപ്നക്കുതിപ്പിനൊപ്പം മലയാളികൾക്ക് അഭിമാനിക്കാൻ പുതുച്ചേരിയുടെ അട്ടിമറി വിജയങ്ങളും ഈ സീസണിലുണ്ട്. ഇന്ത്യൻ ക്രിക്കറ്റിലെ കരുത്തരായ തമിഴ്‌നാടിനെയും മുംബൈയെയുമാണ് പുതുച്ചേരി അട്ടിമറിച്ചത്. വിജയത്തിൽ നിർണായകമായത് മലയാളിയായ ഫാബിദ് അഹമ്മദിന്റെ ഓൾ റൗണ്ട് പ്രകടനം.

പുതുച്ചേരി ക്രിക്കറ്റ് ടീമിനെ വാർത്തെടുക്കുന്നത് കേരളത്തിന്റെ മുൻ താരങ്ങളുടെ നേതൃത്വത്തിലുള്ള സംഘമാണ്. വി.എ.ജഗദീഷ് ആണ് ടീം സിലക്ഷൻ കമ്മിറ്റി ചെയർമാൻ. സിലക്ടർമാരായി റെയ്ഫി വിൻസെന്റ് ഗോമസ്, സോണി ചെറുവത്തൂർ എന്നിവരും. കഴിഞ്ഞ 4 വർഷത്തിനിടെ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും കരുത്തരായ മുംബൈ, ബംഗാൾ, തമിഴ്‌നാട് ഉൾപ്പെടെയുള്ള കൊമ്പന്മാരെയെല്ലാം പുതുച്ചേരി മുട്ടു കുത്തിച്ചു. മലയാളികളായ ഇഖ്ലാസ് നഹ, ഫാബിദ് അഹമ്മദ് എന്നിവർ ഈ കുതിപ്പിൽ നിർണായക സാന്നിധ്യങ്ങളായി. തിരുവനന്തപുരത്തായിരുന്നു പുതുച്ചേരി ഉൾപ്പെടുന്ന എലീറ്റ് ഗ്രൂപ്പ് ബിയുടെ മത്സരങ്ങൾ. അതുകൊണ്ട് തന്നെ സോണിയും ജഗദീഷും റെയ്ഫിയും ടീമിന്റെ വിജയത്തിൽ നിർണ്ണായക സ്വാധീനമായി മാറുകയും ചെയ്തു.

മുഷ്താഖ് അലി ട്വന്റി20 ചാംപ്യന്മാരായ തമിഴ്‌നാടിനെ വീഴ്‌ത്തിയതു ഫാബിദിന്റെ ഓൾ റൗണ്ട് പ്രകടനമായിരുന്നു. പുതുച്ചേരിക്കായി ഏഴാമനായി ഇറങ്ങിയ ഫാബിദ് (84 പന്തിൽ പുറത്താകാതെ 87) വാലറ്റക്കാരെ കൂട്ടുപിടിച്ച് പുതുച്ചേരിയെ 225 റൺസിൽ എത്തിച്ചു. തമിഴ്‌നാടിനെ 204 റൺസിൽ ഒതുക്കി. ഫാബിദ് 9 ഓവറിൽ 22 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റും വീഴ്‌ത്തി. ഇന്നലെ മുംബൈയ്‌ക്കെതിരെ പുതുച്ചേരി 157 റൺസിനു പുറത്തായി. 10 ഓവറിൽ 16 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്‌ത്തിയ ഫാബിദിന്റെ മികവിൽ മുംബൈ 139 റൺസിനു പുറത്തായി. ഗ്രൂപ്പ് ബിയിൽ തമിഴ്‌നാടിനും കർണാടകയ്ക്കും ബംഗാളിനുമൊപ്പം 12 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തിയെങ്കിലും റൺ റേറ്റ് താരതമ്യത്തിൽ പുതുച്ചേരി പിന്നിലായി. തമിഴ്‌നാടും കർണാടകയും അടുത്ത റൗണ്ടിലേക്കു കടന്നു. ഇവിടെ മലയാളികൾക്കൊപ്പം പുതുച്ചേരി ക്യാപ്ടന്റെ മികവും നിർണ്ണായകമായി. രോഹിത് ദാമോദരനാണ് ക്യാപ്ടൻ. തമിഴ്‌നാട് ലീഗിൽ മധുരാ ടീമിനെ വിജയത്തിലെത്തിച്ച ക്യാപ്ടൻ. തീരുമാനങ്ങൾ എടുക്കുന്നതിലെ കൃത്യതയും വിജയ് ഹസാരയിൽ പുതുച്ചേരിക്ക് തുണയായി. ഫാബിദ് മാഹിക്കാരനാണ്. അങ്ങനെയാണ് പുതുച്ചേരി താരമായി ഈ മലയാളി മാറിയത്.

പുതുച്ചേരിയുടെ രഞ്ജി മത്സരങ്ങളും തിരുവനന്തപുരത്താണ് നടക്കുന്നത്. അതുകൊണ്ട് തന്നെ റെയ്ഫിയുടേയും ജഗദീഷിന്റേയും സോണിയുടേയും ജാഗ്രതയും തന്ത്രങ്ങളും പുതുച്ചേരിയ്‌ക്കൊപ്പം രഞ്ജിയിലും തുടരും. രഞ്ജി ട്രോഫിയിലെ അട്ടിമറികളിലൂടെ പുതുച്ചേരി ക്രിക്കറ്റിനെ പുതിയ തലത്തിലെത്തിക്കാമെന്ന പ്രതീക്ഷയാണ് ജഗദീഷിനും റെയ്ഫിക്കും സോണിക്കുമുള്ളത്. ടീം തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ലഭിക്കുന്ന സ്വാതന്ത്ര്യമാണ് ടീമിനെ വാർത്തെടുക്കുന്നതിൽ നിർണ്ണായകമാകുന്നതെന്ന് റെയ്ഫി മറുനാടനോട് പറഞ്ഞു.

നാലു സീസൺ മുമ്പാണ് പോണ്ടിച്ചേരി കളി തുടങ്ങുന്നത്. ഇടയ്ക്ക് പോണ്ടിച്ചേരിക്ക് വേണ്ടി റെയ്ഫിയും കളിച്ചു. പിന്നീട് ഗ്രൗണ്ടിന് പിന്നിൽ തന്ത്രങ്ങൾ ഒരുക്കൻ റെയ്ഫി എത്തിയപ്പോൾ കൂടെ കൂടിയവരാണ് സോണിയും ജഗദീഷും. മൂന്ന് പേരും കേരളത്തിന്റെ പഴയ ക്യാപ്ടന്മാർ. എസ് ബി ഐയിൽ ഒന്നിച്ചു കളിച്ച താരങ്ങൾ. കഴിഞ്ഞ സീസണിൽ പോണ്ടിച്ചേരിയിൽ നിന്ന് ക്രിക്കറ്റ് ഉപദേശം നൽകിയ താരങ്ങൾ ടീമിനെ പുതിയ തലത്തിൽ എത്തിച്ചു. ഇതോടെ അസോസിയേഷന് ഇവരിൽ വിശ്വാസം കൂടി. ഈ സീസണിലും പുതുച്ചേരി വിജയ വഴിയിൽ തുടരുന്നു. കേരളാ ക്രിക്കറ്റിന്റെ മികച്ച സംഭാവനകളാണ് ഈ മൂന്ന് പേരും. ബോർഡർ-ഗവാസ്‌കർ സ്‌കോളർപ്പ് ലഭിച്ച റെയ്ഫി കേരളം കണ്ടെത്തിയ മകിച്ച ബാറ്റ്സ്മാന്മാരായിരുന്നു. പ്രതിഭയ്ക്കൊത്ത പ്രകടനം കാഴ്ച വയ്ക്കാൻ സമ്മർദ്ദങ്ങൾ റെയ്ഫിയെ അനുവദിച്ചില്ല. ബൗളിങ്ങിലും അര കൈ നോക്കിയ റെയ്ഫി ഒരു ഓവറിൽ 35 റൺസ് നേടിയ പ്രതിഭയാണ്. അഞ്ചു സിക്സും... പിന്നെ ഒരു ഫോറും. ഹൈദരബാദിനെതിരെ വിജയ് ഹസാരെ ട്രോഫിയിൽ അങ്ങനൊരു നേട്ടം കുറിച്ച റെയ്ഫി പുതിയ മേഖലകളിലേക്ക് കാൽചുവടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് പോണ്ടിച്ചേരിയുമായി സഹകരിക്കുന്നതും.

കേരളാ ക്രിക്കറ്റിലെ ചേട്ടന്മാരിൽ ഒരാളാണ് സോണി. അതിവേഗം 100 വിക്കറ്റ് നേടിയ ബൗളർ. ക്യാപ്ടനെന്ന നിലയിലും തിളങ്ങി. സെഞ്ച്വറിയും നേടി. പരിക്ക് മൂലം ടീമിൽ നിന്ന് അവധിയെടുത്ത സോണിയെ കേരളം പിന്നീടൊരിക്കലും പരിഗണിച്ചില്ല. പരിഭവമൊന്നുമില്ലാതെ പരിശീലകനായി മാറിയ സോണി പോണ്ടിച്ചേരിയുടെ സെലക്ഷന്റെ ഭാഗമായത് അവർക്കും ഗുണകരമായി. കേരളത്തിന്റെ എക്കാലത്തേയും മികച്ച മീഡിയം പേസ് ഓൾ റൗണ്ടറുടെ ആശയ വിനിമയത്തിലുള്ള മികവ് പോണ്ടിച്ചേരിയിലെ പുതു തലമുറയ്ക്കും ഗുണമായി.

ഇന്ത്യൻ എ ടീമിന് വേണ്ടി മൂന്ന് കളികൾ കളിച്ച ഓപ്പണറാണ് ജഗദീഷ്. രണ്ട് ഇന്നിങ്സിൽ തൊണ്ണൂറിലേറെ റൺസ് അടിച്ചു. കേരളത്തിന്റെ പല വിജയങ്ങളിലും നിർണ്ണായക സ്ഥാനം വഹിച്ച ജഗദീഷ് എസ് ബി ഐയുടെ അതിവിശ്വസ്തനായ ബാറ്റ്സ്മാനാണ് ഇന്നും. മൂന്ന് സീസൺ മുമ്പാണ് രഞ്ജി ട്രോഫിയിൽ നിന്ന് വിരമിച്ചത്. അതിന് ശേഷം കോച്ചിങ് രംഗത്തേക്ക് കടുന്നു. പോണ്ടിച്ചേരിയുടെ ക്രിക്കറ്റ് വികസനത്തിന്റെ ഭാഗമായി മാറുകയും ചെയ്തു.

കേരളാ ക്രിക്കറ്റിലെ വന്മതിൽ എന്ന വിശേഷണമുള്ള ജഗദീഷും പോണ്ടിച്ചേരി ക്രിക്കറ്റിന് കരുത്തായി. ഇന്ത്യൻ എ ടീമിന് വേണ്ടി ഇന്നിങ്‌സ് ഓപ്പൺ ചെയ്തിട്ടുള്ള ജഗദീഷ് നിർഭാഗ്യം കൊണ്ടു മാത്രമാണ് ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം നേടാതെ പോയത്. ഇന്ത്യൻ എ ടീമിന് വേണ്ടി മൂന്ന് കളികൾ മാത്രം കളിച്ച ജഗദീഷ് രണ്ട് കൂറ്റൻ അർദ്ധ ശതകങ്ങൾ നേടിയിട്ടുണ്ട്.