പുതുച്ചേരി: മുഖ്യമന്ത്രിയായി എൻ.രംഗസാമി അധികാരമേറ്റ് അമ്പത് ദിവസങ്ങൾക്ക് ശേഷം ബിജെപിയിൽ നിന്നുള്ള രണ്ടു പേർ ഉൾപ്പെടെ അഞ്ച് എംഎൽഎമാർ പുതുച്ചേരിയിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ബിജെപി മന്ത്രിമാരിൽ ഒരാൾ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കോൺഗ്രസ് വിട്ടുപോയ നമശിവായമാണ്. സായ് ജെ. സരവനൻ കുമാറാണ് മറ്റൊരാൾ.ലഫ്.ഗവർണർ തമിഴിസൈ സൗന്ദർരാജൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

കെ.ലക്ഷ്മിനാരായണൻ, സി.ജെയ്കൗമർ, ചന്ദിര പ്രിയങ്ക എന്നിവരാണ് എൻആർ കോൺഗ്രസിൽനിന്ന് സത്യപ്രതിജ്ഞ ചെയ്തത്. നാല് പതിറ്റാണ്ടിനിടെ പുതുച്ചേരിയിൽനിന്നുള്ള ആദ്യ വനിതാ മന്ത്രിയാണ് ചന്ദിര പ്രിയങ്ക.

1980 - 83 കാലഘട്ടത്തിൽ ഡിഎംകെയുടെ എം.ഡി.ആർ രാമചന്ദ്രൻ മന്ത്രിസഭയിൽ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കോൺഗ്രസ് നേതാവ് രേണുക അപ്പാദുരൈയാണ് ഇതിനു മുൻപു പുതുച്ചേരിയിൽ മന്ത്രിസ്ഥാനം വഹിച്ച വനിത.

മെയ്‌ 7 ന് മുഖ്യമന്ത്രിയായി രംഗസാമി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും മന്ത്രിസഭാ രൂപീകരണം നീണ്ടുപോകുകയായിരുന്നു. എൻആർ കോൺഗ്രസും ബിജെപിയും തമ്മിലുള്ള അധികാര പങ്കിടൽ ചർച്ചകൾ ഈ ആഴ്ച ആദ്യമാണ് അവസാനിച്ചത്.