പൂണെ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൂണെ ജില്ലാ ഭരണകൂടം. രാത്രി കർഫ്യൂ മാർച്ച് 14വരെ നീട്ടി. പൊതുസ്ഥലങ്ങളിൽ സഞ്ചരിക്കുന്നതിന് രാത്രി 11 മണി മുതൽ രാവിലെ ആറ് മണിവരെ വിലക്ക് ഉണ്ട്. ആവശ്യസർവീസുകൾക്ക് മാത്രമെ അനുമതിയുള്ളു.

മാർച്ച് 14വരെ പൂന ജില്ലയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചതായി സിറ്റി മേയർ പറഞ്ഞു. ജനുവരിയിലാണ് ജില്ലയിലെ ഗ്രാമീണമേഖലയിൽ സ്‌കൂളുകൾ തുറന്നത്. നേരത്തെ നവംബറിൽ സ്‌കൂളുകൾ തുറന്നിരുന്നെങ്കിലും പിന്നീട് അടച്ചിടുകയായിരുന്നു.

പൂണെയിൽ മാത്രമായി ഇതുവരെ 5,24,76 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതുതായി 1,765 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരിച്ചവരുടെ എണ്ണം 11,742 ആയി. അകോല, അമരാവതി, വാർധ, യവത് മാൽ, ബുൽദാന, നാഗ്പൂർ എന്നിവിടങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണുള്ളത്. കഴിഞ്ഞ നാലുദിവസങ്ങളിലും മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം എട്ടായിരം കടന്നിരുന്നു.