ബംഗളൂരു: 46 ാം വയസിൽ ജീവിതത്തിന്റെ ആഘോഷങ്ങൾക്കിടെ അവിചാരിത വേർപാട്. കാരണം ഹൃദയാഘാതം. കന്നഡ സിനിമാ ലോകത്തിനും ആരാധകർക്കും വിശ്വസിക്കാനേ കഴിയുന്നില്ല, പുനീത് രാജ്കുമാറിന്റെ ഇത്തരത്തിലുള്ള വിയോഗം. യാതൊരുവിധത്തിലുമുള്ള ആരോഗ്യ പ്രശ്നങ്ങളും പുനീത് രാജുമാറിന് നേരത്തെ ഉണ്ടായിരുന്നില്ല. പൂർണ ആരോഗ്യവാനായിരുന്ന പുനീത് ഫിറ്റ്നസ്റ്റ് ഫ്രീക്കുമായിരുന്നു.

ലോക്ഡൗൺ കാലത്ത് തന്റെ വീട്ടിലെ പേഴ്‌സണൽ ജിമ്മിൽ, വർക്ക് ഔട്ട് ചെയ്യുന്നതിന്റെ വീഡിയോകൾ അദ്ദേഹം ആരാധകർക്കായി പുറത്തുവിട്ടിരുന്നു. എല്ലാ ദിവസവും മുടങ്ങാതെ വർക്ക് ഔട്ട് ചെയ്യുന്ന കണിശക്കാരനായിരുന്നു പുനീത്. കലോറികൾ ഉരുക്കാൻ പലതരത്തിലുള്ള ബർപ്പികൾ അദ്ദേഹത്തിന് അനായാസമായിരുന്നു. സൂപ്പർമാൻ ബർപി, ഓവർഹെഡ് ബർപി, ജമ്പിങ് ടോ ടച്ച് ബർപി എന്നിങ്ങനെ കാഴ്ചക്കാരെ പ്രചോദിപ്പിക്കുന്ന വീഡിയോകൾ ആയിരുന്നു ഇൻസ്്റ്റായിലും മറ്റും അദ്ദേഹം ഷെയർ ചെയ്തിരുന്നത്. മുമ്പും ഇത്തരത്തിൽ വ്യായാമ വീഡിയോകൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു.

സ്‌ക്രീനിലെ മാസ്മരിക പ്രകടനത്തിന് പുറമേ ജീവിതത്തിലും അദ്ദേഹം മാതൃകയാകാൻ ശ്രമിച്ചു, വിശേഷിച്ചും ആരോഗ്യകാര്യങ്ങളിൽ. 2020 ൽ അദ്ദേഹം പുറത്തുവിട്ട ഒരു ബാക്ക് ഫ്‌ളിപ്പ് വീഡിയോ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ആരാധകർക്ക് വിരുന്നാണ്. വർക്ക് ഔട്ട് ഇല്ലാത്ത ഒരു ദിവസം പാഴാണ് എന്നായിരുന്നു പുനീതിന്റെ മോട്ടോ.

ഇത് കൂടെ കൂടെ തന്റെ പ്രിയപ്പെട്ടവരെ അദ്ദേഹം ഓർമിപ്പിക്കുകയും ചെയ്തു. വ്യായാമവും, വർക്ക് ഔട്ടുകളും ചെയ്യുക മാത്രമല്ല, അതിനെ കുറിച്ച് വാചാലൻ ആകാനും ഇഷ്ടപ്പെട്ടിരുന്നു പൂനീത്. ലോക്ഡൗൺ കാലത്ത് ഇറക്കിയ വീഡിയോയിൽ എത്ര അനായാസമായാണ് അദ്ദേഹം ബാക്ക് ഫ്‌ളിപ്പ് ചെയ്യുന്നത്.

ജിമ്മുകൾ തുടങ്ങുന്ന സംരംഭകരും മറ്റും ഉദ്ഘാടന നാളിൽ ആഗ്രഹിച്ചിരുന്നത് പുനീതിന്റെ സാന്നിധ്യത്തെയാണ്. ഒരു പവർവുൾ സ്റ്റാർട്ടാണ് പലരും മോഹിച്ചത്. അതിന് പുനീത് പലപ്പോഴും വഴങ്ങുകയും ചെയ്തിരുന്നു.

പവർ സ്റ്റാർ എന്ന് വെറുതെ വിളിപ്പേര് മാത്രമായിരുന്നില്ല പുനീതിന്. 2016 ൽ നന്ദി ഹിൽസിലേക്ക് കൂട്ടുകാർക്കൊപ്പം ഉള്ള പുനീതിന്റെ സൈക്കിൾ സവാരി വാർത്തകളിൽ ഇടംപിടിച്ചിരുന്നു. തന്റെ വീട്ടിൽ നിന്ന് നന്ദി ഹിൽസിലേക്കുള്ള 44 കിലോമീറ്റർ, രണ്ടര മണിക്കൂറിൽ അദ്ദേഹം പൂർത്തിയാക്കിയിരുന്നു.

അന്ത്യനിമിഷങ്ങളും ജിമ്മിൽ

ഒരു മാസീവ് ഹാർട്ട് അറ്റാക്കാണ് പുനീതിന്റെ ജീവനെടുത്തത്. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ തന്നെയാണ് പവർ സ്റ്റാർ എന്നറിയപ്പെടുന്ന പുനീതിന് നെഞ്ചുവേദന ഉണ്ടായത്. അടുത്തുള്ള ക്ലിനിക്കിൽ ആദ്യം കൊണ്ടുപോയെങ്കിലും സ്ഥിതി വഷളായതോടെ വിക്രം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ 11.30 ഓടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ തന്നെ നില മോശമായിരുന്നു. ഉച്ച കഴിഞ്ഞ് 2.20 ഓടെയാണ് മരണവാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

സഹപ്രവർത്തകരും, ആരാധാകരും, രാഷ്ട്രീയ നേതാക്കളും എല്ലാം കണ്ണീരോടെ ആശുപത്രിയിലേക്ക് ഒഴുകുകയാണ്. അദ്ദേഹം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിച്ചവരെ നിരാശരാക്കി അദ്ദേഹം കടന്നുപോയി.