പഞ്ചാബ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായി പാർട്ടിക്കുള്ളിൽ പോരു തുടരുന്നതിനിടെ ആം ആദ്മി പാർട്ടിയുമായി ഒന്നിക്കുന്നതിന്റെ സൂചന നൽകി കോൺഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ധു. സംസ്ഥാനത്തിന് വേണ്ടി ആരാണ് പോരാടുന്നതെന്ന് അവർക്കറിയാം. തന്റെ പ്രവർത്തനങ്ങൾ എല്ലായ്‌പ്പോഴും അംഗീകരിച്ചിരുന്ന പാർട്ടിയാണ് ആം ആദ്മി പാർട്ടിയെന്നും സിദ്ധു ട്വീറ്റ് ചെയ്തു.

പ്രതിപക്ഷമായിരുന്ന എ.എ.പി. എല്ലായ്‌പ്പോഴും എന്റെ കാഴ്ചപ്പാടുകളെയും അധ്വാനത്തെയും അംഗീകരിച്ചിട്ടുണ്ട്. പഞ്ചാബിലെ ജനങ്ങൾ നേരിടുന്ന കർഷക പ്രശ്നങ്ങൾ, മയക്കു മരുന്ന് വിഷയം, അഴിമതി, ഊർജ്ജ പ്രശ്നങ്ങൾ തുടങ്ങിയവ ഞാൻ ഉന്നയിച്ചപ്പോൾ പ്രതിപക്ഷം അംഗീകരിച്ചിരുന്നു. അവർക്ക് നന്നായിട്ടറിയാം, ആരാണ് പഞ്ചാബിന് വേണ്ടി പോരാട്ടം നടത്തുന്നതെന്ന്, സിദ്ധു ട്വീറ്റിൽ കുറിച്ചു.

കഴിഞ്ഞ എസ്.എ.ഡി. - ബിജെപി. ഭരണകാലത്ത് മയക്കുമരുന്ന് മാഫിയ, അഴിമതി തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് സിദ്ധു രംഗത്തെത്തിയതിനെ എ.എ.പി നേതാവ് സഞ്ജയ് സിങ് അഭിനന്ദിച്ചിരുന്നു. ഇതിന്റെ ഒരു വീഡിയോയും ട്വീറ്റിനൊപ്പം സിദ്ധു പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ കുറേക്കാലമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായി കടുത്ത ഭിന്നത തുടരുന്നതിനിടെയാണ് സിദ്ധുവിന്റെ പുതിയ രാഷ്ട്രീയ നീക്കം. പഞ്ചാബിൽ കോൺഗ്രസിനകത്ത് അസ്വാരസ്യങ്ങൾ തുടരുന്നതിനിടെയാണ് എ.എ.പിയിലേക്ക് ചേക്കേറുന്നതിന്റെ സൂചന നൽകി സിദ്ധു രംഗത്തെത്തിയത്.

പഞ്ചാബ് കോൺഗ്രസിലെ വിവിധ നിലപാടുകൾക്കെതിരെ പരസ്യമായിത്തന്നെ സിദ്ധു രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെയും സിദ്ധു രൂക്ഷമായി വിമർശിച്ചിരുന്നു. അമരീന്ദർ മന്ത്രിസഭയിൽ അംഗമായിരുന്ന സിദ്ധു അഭിപ്രായവ്യത്യാസങ്ങൾ കാരണം 2019-ലാണ് രാജിവെച്ചത്.