ചണ്ഡിഗഡ്:  പഞ്ചാബിൽ വഴിയോര കച്ചവടക്കാരന്റെ കൂട ചവിട്ടിത്തെറിപ്പിച്ച പൊലീസുകാരന് സസ്പെൻഷൻ. പഗ്വാര സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ നവ്ദീപ് സിങ്ങിനാണ് സസ്പെൻഷൻ.

പച്ചക്കറി വിൽപനക്കാരന്റെ കൂട നവ്ദീപ് ചവിട്ടിത്തെറിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ ഇയാളെ സസ്പൻഡ് ചെയ്‌തെന്ന് ഡിജിപി ദിൻകർ ഗുപ്ത ട്വിറ്ററിലൂടെ അറിയിച്ചു.

DGP Punjab Police 
@DGPPunjabPolice
· 
Absolutely shameful and unacceptable. I have suspended SHO Phagwara. Such misbehaviour will not be tolerated at any cost and those who indulge in it will have to face serious consequences.

കർശന നടപടി എന്ന നിലയിലാണ് ഉടനടി ആ പൊലീസ് ഉദ്യോഗസ്ഥനെ സസ്പൻഡ് ചെയ്തത്. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കൻവർദീപ് കൗർ പറഞ്ഞു. നഷ്ടപരിഹാരമെന്ന നിലയിൽ കപൂർത്തല സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ വഴിയോര കച്ചവടക്കാരന് അവരുടെ ശമ്പളത്തിൽ നിന്ന് വിഹിതം പിരിച്ചു നൽകി.

തികച്ചും ലജ്ജാകരവും അംഗീകരിക്കാനാവാത്തതുമാണ് നവ്ദീപിന്റെ നടപടിയെന്ന് ഡിജിപി ട്വിറ്ററിൽ കുറിച്ചു. 'പഗ്വാര എസ്എച്ച്ഒയെ സസ്പൻഡ് ചെയ്തു. ഇത്തരം പെരുമാറ്റം ഒരു കാരണവശാലും അനുവദിക്കാനാവില്ല. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർ ശക്തമായ അനന്തരഫലം നേരിടേണ്ടി വരും' ഡിജിപി ട്വിറ്ററിൽ കുറിച്ചു.

സേനാ വിഭാഗത്തിലെ അംഗമെന്ന നിലയിൽ ഇത്തരം പെരുമാറ്റം സർവീസ് ചട്ടങ്ങൾക്കെതിരാണെന്നും ആ പൊലീസ് ഉദ്യോഗസ്ഥന്റെ പ്രവർത്തി സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയെന്നും കപൂർത്തല സീനിയർ എസ്‌പി കൻവർദീപ് കൗർ പറഞ്ഞു.