ചണ്ഡീഗഢ്: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പഞ്ചാബിൽ മെയ് 31 വരെ ലോക്ക്ഡൗൺ നീട്ടി. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു തന്നെ നിൽക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ് ലോക്ക്ഡൗൺ നീട്ടുന്നതായി പ്രഖ്യാപിച്ചത്.

ശനിയാഴ്ച 217 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രോഗികളുടെ എണ്ണം ആറായിരവും കടന്നിരുന്നു. പിന്നാലെയാണ് നിയന്ത്രണങ്ങൾ നീട്ടിയതായി സർക്കാർ പ്രഖ്യാപിച്ചത്.

രോഗ വ്യാപനത്തിന്റെ തോത് അനുസരിച്ച് പ്രാദേശികമായി നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുന്ന കാര്യത്തിൽ ജില്ലാ ഭരണകൂടങ്ങൾക്ക് തീരുമാനം എടുക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന് മൊത്തം ബാധകമായ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തിയിരുന്നു.

നേരത്തെ രോഗ വ്യാപനം കുറയാത്ത സാഹചര്യത്തിൽ ലോക്ക്ഡൗൺ നീട്ടി ഡൽഹി സർക്കാരും ഉത്തരവിട്ടിരുന്നു. ഒരാഴ്ചത്തേക്ക് കൂടിയാണ് ലോക്ക്ഡൗൺ നീട്ടിയതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ വ്യക്തമാക്കി.