മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ രോഗാതുരനാണെന്ന റിപ്പോർട്ടുകൾ കറങ്ങി നടക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളായി. യുദ്ധം കൊടുമ്പിരി കൊണ്ടതിനൊപ്പം വാർത്തകളും ചൂടുപിടിച്ചു. കാൻസറിനുള്ള സ്റ്റിറോയ്ഡ് ചികിത്സയ്ക്ക് വിധേയനായ വ്‌ളാഡിമിർ പുടിന് അതിന്റെ പാർശ്വഫലമായി ഉണ്ടാകാവുന്ന ഡൈമെൻഷ്യ, പാർക്കിൻസൺസ് രോഗം, റോയ്ഡ് രേജ് എന്നിവയിലേതെങ്കിലും മൂലം മസ്തിഷ്‌കത്തിന് തകരാറ് സംഭവിച്ചിട്ടുണ്ടെന്ന് ചില രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നത്. ക്രെംലിനിലെ അധികാരത്തിന്റെ ഇടനാഴികളിലെ ചില നിത്യസന്ദർശകരെ ഉദ്ധരിച്ചുകൊണ്ടാണ്, ഓസ്‌ട്രേലിയ, കാനഡ, ന്യുസിലാൻഡ്, ബ്രിട്ടൻ, അമേരിക്ക എന്നീ അഞ്ചു രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികളുടെ സഖ്യമായ ഫൈവ് ഐസ് ഇന്റലിജൻസ് സഖ്യം ഇക്കാര്യം സമീപകാലത്ത് വെളിപ്പെടുത്തിയത്.

അടുത്ത കാലത്തെ പുടിന്റെ പെരുമാറ്റവും സംസാര രീതിയുമൊക്കെ പൊതുവേ രഹസ്യാന്വേഷണ കേന്ദ്രങ്ങളിൽ ചർച്ചാ വിഷയമായിട്ടുണ്ട്. മാത്രമല്ല, ക്രെംലിനിലെത്തുന്ന സന്ദർശകരുമായി അദ്ദേഹം അകലം പാലിക്കുന്നതും പലരും ശ്രദ്ധിച്ചിരുന്നു. ഏറ്റവും ഒടുവിൽ വന്ന വാർത്ത പുടിന്റെ ആരോഗ്യനില മറച്ചുപിടിക്കാൻ, റഷ്യൻ അധികൃതർ ശ്രമിക്കുന്നു എന്നതാണ്. വിദേശയാത്രകളിൽ പുടിന്റെ മലവും മൂത്രവുമൊക്കെ അംഗരക്ഷകർ ശേഖരിച്ച് കൊണ്ടുവന്ന് മോസ്‌കോയിൽ സംസ്‌കരിക്കുന്നതയാണ് വിചിത്രമായ റിപ്പോർട്ട്. പുടിന്റെ യഥാർത്ഥ ആരോഗ്യനിലയെ കുറിച്ച് ശത്രുക്കൾക്ക് പിടികിട്ടാതിരിക്കാനാണ് ഈ തന്ത്രമെന്നാണ് ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ഫ്രഞ്ച് ന്യൂസ് മാഗസിനായ 'പാരിസ് മാച്ചിൽ' രണ്ട് മുതിർന്ന അന്വേഷണാത്മക മാധ്യമപ്രവർത്തകരാണ് ഇത് ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നീട് ഈ വാർത്ത പരന്നു.

വിദേശ രഹസ്യാന്വേഷണ ഏജൻസികളുടെ പക്കൽ തന്റെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങൾ എത്തുന്നതിനെ പുടിൻ വല്ലാതെ ഭയക്കുന്നു. അനിശ്ചിതകാലത്തേക്ക് താൻ തന്നെയാകും റഷ്യ ഭരിക്കുക എന്ന സന്ദേശം നൽകാനും, അധികാരകൈമാറ്റവുമായി ബന്ധപ്പെട്ട കുഴപ്പങ്ങൾ ഒഴിവാക്കാനും ആണ് പുടിന്റെ ശ്രമം. പുടിന്റെ വിസർജ്ജ്യങ്ങൾ ശേഖരിക്കാൻ റഷ്യയുടെ ഫെഡറൽ സർവീസിലെ പ്രത്യേക ഉദ്യോഗസ്ഥൻ സ്യൂട്ട്‌കേസുമായി പിന്തുടരും. പിന്നീട് ഇത് മോസ്‌കോയിലേക്ക് അയയ്ക്കും. പ്രത്യേക പാക്കറ്റുകകളിൽ ഇത് ശേഖരിച്ച് പ്രത്യേക ബ്രീഫ് കേസിലാക്കി അയയ്ക്കുകയാണെന്നും പറയുന്നു. 2019 ഒക്ടോബറിൽ സൗദിയിലെത്തിയപ്പോഴും, 2017 ൽ ഫ്രാൻസിൽ പോയപ്പോഴും ഇതുപോലെ വിസ്സർജ്ജ്യങ്ങൾ ശേഖരിച്ചിരുന്നതായി റഷ്യയെ കുറിച്ച് രണ്ടുപുസ്തകങ്ങൾ എഴുതിയ റെജ്്ിസ് ജെന്റെയും, ഒരുപതിറ്റാണ്ടിലേറെ പഠനം നടത്തിയ മിഖായേൽ റൂബിനും പറയുന്നു. പുടിൻ റഷ്യ ഭരിക്കാൻ തുടങ്ങിയ കാലം മുതൽ തന്നെ ഇങ്ങനെ ചെയ്യുന്നുണ്ടെന്നാണ് ചില വിദഗ്ദ്ധർ പറയുന്നത്.

പുടിൻ രോഗിയാണോ?

കഴിഞ്ഞ അഞ്ച് വർഷക്കാലത്തോളമായി പുടിന്റെ തീരുമാനങ്ങൾ എടുക്കുവാനുള്ള കഴിവ് ഏറെ മാറിയിട്ടുണ്ടെന്നും ചില രഹസ്യാന്വേഷണ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹം പറയുന്നതിലെയും, അദ്ദേഹം ലോകത്തെ എങ്ങനെ കാണുന്നു എന്നതിലേയും വ്യക്തതയും കൃത്യതയും കുറയുന്നത് അദ്ദേഹത്തിന്റെ ചുറ്റും നിൽക്കുന്നവർ അറിയുന്നുണ്ട് എന്നും ഈ വിദഗ്ദ്ധർ പറയുന്നു.

രഹസ്യാന്വേഷണത്തിൽ ഉണ്ടായ വീഴ്‌ച്ച ആരോപിച്ച് റഷ്യൻ രഹസ്യാന്വേഷണ വിഭാഗമായ എഫ് എസ് ബിയുടെ തലവൻ സെർജി ബെസേഡയേയും അദ്ദേഹത്തിന്റെ ഡെപ്യുട്ടി അനറ്റൊലി ബോല്യുഖിനേയും കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്ന ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ശാരീരിക പ്രശ്‌നങ്ങളിൽ നിന്നും ഉടലെടുത്ത മാനസിക പ്രശ്‌നങ്ങൾ മൂലം പുടിൻ വലയുകയാണെന്ന ഒരു റിപ്പോർട്ട് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നു.

ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ ചില പാശ്ചാത്യ വിദഗ്ദ്ധർ പറയുന്നത് ഒന്നുകിൽ പാർക്കിൻസൺസ് അല്ലെങ്കിൽ ഡൈമെൻഷ്യ പോലുള്ള രോഗങ്ങൾ കാരണം പുടിന്റെ മസ്തിഷ്‌കത്തിന് കാര്യമായ തകരാറ് സംഭവിച്ചിട്ടുണ്ടാകാം എന്നാണ്. അതല്ലെങ്കിൽ അദ്ദേഹത്തിന് അർബുദം പിടിപെട്ടിട്ടുണ്ടാകാം എന്നും ആ രോഗവും അതിന്റെ ചികിത്സയും അദ്ദേഹത്തിന്റെ മനോനില തെറ്റിച്ചിരിക്കമെന്നും അവർ കരുതുന്നു. സ്റ്റിറോയ്ഡുകൾ ദീർഘകാലം സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ ഉണ്ടായേക്കാവുന്ന റോയ്ഡ് റേജ് എന്ന അവസ്ഥയാണ് പുടിന് ഇപ്പോഴുള്ളത് എന്നതാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

ഫ്രഞ്ച പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ പുടിനെ സന്ദർശിച്ച അവസരത്തിൽ ഏകദേശം 13 അടി നീളമുള്ള മേശയുടെ മറുഭാഗത്തായിരുന്നു അദ്ദേഹത്തെ ഇരുത്തിയത്. അതുപോലെ പുടിനെ കാണാൻ എത്തുന്നവർ, സന്ദർശനത്തിന് രണ്ടാഴ്‌ച്ച മുൻപ് തന്നെ ഹോട്ടൽ ക്വാറന്റൈന് വിധേയരാകാൻ നിർബന്ധിക്കപ്പെടുന്നു. അതായത്, സന്ദർശകരിൽ നിന്നും അകലം പാലിക്കാൻ പുടിൻ ആഗ്രഹിക്കുന്നു. മറ്റുള്ളവരെ രോഗികളായി കണ്ട് അവരെ ഭയക്കുന്ന അവസ്ഥയിലേക്ക് പുടിൻ മാറിയിരിക്കുന്നു എന്നും ചില പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മാത്രമല്ല, അടുത്ത കാലത്തെ പുടിന്റെ ചിത്രങ്ങളിലെല്ലാം തന്നെ അദ്ദേഹത്തിന്റെ കവിളും കഴുത്തും കൂടുതൽ വിങ്ങിയിരിക്കുന്നതായി കാണാം. ഇതും സ്ഥിരമായി സ്റ്റിറോയ്ഡുകൾ ഉപയോഗിക്കുന്നത് മൂലമുണ്ടാകാവുന്ന ഒരു പാർശ്വഫലമാണ്. മാത്രമല്ല, മാക്രോൺ രണ്ടു വർഷം മുൻപ് കണ്ട പുടിനല്ല ഇപ്പൊഴത്തെ പുടിൻ എന്ന് മാക്രോണിനെ അനുഗമിച്ച ഒരു ഫ്രഞ്ച് ഉദ്യോഗസ്ഥനും പറയുന്നു. എന്തായാലും റഷ്യൻ അധികൃതർ ഈ വാർത്തകളെല്ലാം തള്ളിക്കളയുന്നു.