മോസ്‌കോ: ഉക്രയിൻ പ്രതിസന്ധി ചർച്ച ചെയ്യാൻ വ്യാഴാഴ്‌ച്ച നടന്ന ഫോൺ ചർച്ചയിൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയാൽ അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം പൂർണ്ണമായും തകരുമെന്ന് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ ജോബഡന് മുന്നറിയിപ്പ് നൽകിയതായി ക്രെംലിൻ വക്താക്കൾ അറിയിക്കുന്നു. ആയിരക്കണക്കിന് റഷ്യൻ സൈനികർ ഉക്രെയിൻ അതിർത്തിയിൽ വിന്യസിക്കപ്പെട്ട സാഹചര്യത്തിൽ അമേരിക്കയും റഷ്യയും പ്രകോപനം ഉണ്ടാക്കുന്നു എന്ന് പരസ്പരം ആരോപിക്കുകയാണ്. നിലവിലുള്ള ഉക്രെയിൻ പ്രതിസന്ധി പരിഹരിക്കപ്പെടാത്ത പക്ഷം അതിന്റെ പരിണിതഫലം ചിന്തിക്കാനാകാത്തതായിരിക്കുമെന്ന്ഇരുവരും പരസ്പരം ഭീഷണി മുഴക്കുകയുമാണ്.

ഉക്രെയിനിനെ നാറ്റോ സഖ്യത്തിൽ ചേർക്കില്ലെന്നതടക്കമുള്ള റഷ്യൻ ആവശ്യങ്ങൾ നടപ്പിലാക്കുമെന്ന് പാശ്ചാത്യ ശക്തികളിൽ നിന്നും ഉറപ്പ് ലഭിക്കണമെന്നാണ് പുട്ടിൻ ആവശ്യപ്പെടുന്നത്. മാത്രമല്ല, റഷ്യക്കെതിരെ പുതിയ ഉപരോധം ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ നിന്നും പുറകോട്ട് പോകണമെന്നും പുട്ടിൻ ജോ ബൈഡനോട് ആവശ്യപ്പെട്ടതായി അറിയുന്നു. അതല്ലെങ്കിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂർണ്ണമായും തകരുമെന്നും പുട്ടിൻ സൂചിപ്പിച്ചു.

അതേസമയം, ഉക്രെയിൻ അതിർത്തിയിലെ സംഘർഷാവസ്ഥ ലഘൂകരിക്കണമെന്ന് പുട്ടിനോട് ബൈഡൻ ശക്തമായി ആവശ്യപ്പെട്ടതായി വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു. അമേരിക്കയുടേ രണ്ടാമത് ചാരവിമാനവും ഈ മേഖലയിൽ നിരീക്ഷണ പറക്കൽ നടത്തി എന്ന റിപ്പോർട്ട് വന്നതിനു തൊട്ടുപിന്നാലെയാണ് വൈറ്റ്ഹൗസിൽ നിന്നുള്ള പ്രതികരണവുമുണ്ടായത്. രണ്ടു പ്രസിഡണ്ട് മാരും പരുക്കൻ ഭാഷയിലായിരുന്നു സംസാരിച്ചതെന്നും വൈറ്റ്ഹൗസ് വൃത്തങ്ങൾ പറയുന്നു. 85,000 ൽ അധികം സൈനികരെയാണ് റഷ്യ ഉക്രെയിൻ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നത്.

ഇന്നലെയായിരുന്നു അമേരിക്കൻ വ്യോമസേനയുടെ ചാരവിമാനമായ ജെ സ്റ്റാർസ് കിഴക്കൻ ഉക്രെയിനിനു മേൽ പറക്കുനന്ത് ഫ്ളൈറ്റ് ട്രാക്കിങ് വെബ്സൈറ്റുകൾ കാണിച്ചിരുന്നു. അടുത്ത സമയത്തായി അമേരിക്കൻ വ്യോമസേന നടത്തുന്ന രണ്ടാമത്തെ നിരീക്ഷണപറക്കലാണിത്. ഇതോടെയാണ് ഇരുവരും പരസ്പര കുറ്റാരോപണങ്ങളുമായി രംഗത്തെത്തിയത്.

ഉക്രെയിനിനെ നാറ്റോ സഖ്യത്തിൽ ചേർക്കുക വഴി പാശ്ചാത്യ ശക്തികൾ തങ്ങളുടെ അതിർത്തിക്കടുത്ത് എത്തുന്നു എന്നതാണ് റഷ്യയെ വിഷമിപ്പിക്കുന്ന വസ്തുത. സോവിയറ്റ് യൂണിയൻ തകർന്നതിനു ശേഷം റഷ്യ പാശ്ചാത്യ ശക്തികൾക്ക് മേൽ പുലർത്തിയിരുന്ന വിശ്വാസം അവർ ഹനിച്ചു എന്നായിരുന്നു റഷ്യയുടെ യു എൻ പ്രതിനിധി പറഞ്ഞത്. ഇപ്പോൾ റഷ്യയുടെ പരമാധികാരത്തിനു മേൽ ഭീഷണിയുമായി അമേരിക്കയും പാശ്ചാത്യ ശക്തികളും എത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.