മലപ്പുറം: ആഫ്രിക്കയിൽ എന്താണ് പി.വി അൻവർ എംഎ‍ൽഎയുടെ ബിസിനസെന്ന് സിപിഎം വ്യക്തമാക്കണമെന്ന് യൂത്ത് കോൺഗ്രസ്. എംഎ‍ൽഎയെ കാണാനില്ലെന്ന പരാതി പൊലീസ് സ്റ്റേഷനിൽ കൊടുത്തതിന്റെ തൊട്ടുപിന്നാലെ അൻവർ തന്നെയാണ് താൻ ആഫ്രിക്കയിലാണെന്ന് പറഞ്ഞ് സ്വന്തംഫേസ്‌ബുക്ക് പേജിലൂടെ രംഗത്തുവന്നതെന്നും നിലമ്പൂർ, വഴിക്കടവ്, അമരമ്പലം മണ്ഡലം ഭാരവാഹികൾ മലപ്പുറത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.

അൻവർ അടുത്ത തെരഞ്ഞെടുപ്പ് പ്രചരണത്തിനു പണം പിരിക്കാനും കള്ളപ്പണ ഇടപാടുകൾക്കും പോയതാണ്. എംഎ‍ൽഎയുടെ ആഫ്രിക്കയിലെ ബിസിനസ്സ് എന്താണെന്ന് സ്വന്തംപാർട്ടിക്കുപോലും അറിയില്ല. എംഎ‍ൽഎയുടെ വിദേശയാത്രകളും കള്ളപ്പണ ഇടപാടും അന്വേഷിക്കണമെന്നും സിപിഎം നിലപാട് വ്യക്തമാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. സുപ്രധാനമായ നിയമസഭാ ബജറ്റ് സമ്മേളനത്തിൽ പോലും പങ്കെടുക്കാതെയാണ് എംഎ‍ൽഎ മുങ്ങിയത്. നിലമ്പൂരിലെ ജനകീയ പ്രശ്‌നങ്ങളിൽ ഒന്നിൽപോലും ഇടപെടാതെ കഴിഞ്ഞ 42 ദിവസത്തിലധികമായി പി.വി അൻവർ എംഎ‍ൽഎ എവിടെയുണ്ടെന്ന് ആർക്കുമറിയാത്ത അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിലാണ് എംഎ‍ൽഎയെ കാണാനില്ലെന്ന് യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകിയത്. ഇതോടെ താൻ ബിസിനസ് ആവശ്യത്തിന് ആഫ്രിക്കയിലാണെന്നാണ് പി.വി അൻവർ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചത്.

രാഷ്ട്രീയ പ്രവർത്തനമല്ല തന്റെ വരുമാനമാർഗമെന്നും നിയമസഭാ അംഗം എന്ന നിലയിൽ ലഭിക്കുന്ന അലവൻസിനേക്കാൾ എത്രയോ അധികം തുക ഓരോ മാസങ്ങളിലും ചിലവഴിക്കുന്നുണ്ടെന്നുമാണ് എംഎ‍ൽഎ വ്യക്തമാക്കിയത്. എന്നാൽ ഈ വിശദീകരണം ദുരൂഹത പടർത്തുകയാണ്. പി.വി അൻവർ പൊന്നാനിയിൽ മത്സരിക്കുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച് ആദായനികുതി കണക്കിൽ 2017-18 സാമ്പത്തിക വർഷം 40,59,083 രൂപയുടെ വരുമാന നഷ്ടമാണ് കാണിച്ചിരിക്കുന്നത്. ഇത്തരത്തിൽ വലിയ കടബാധ്യതയുള്ള പി.വി അൻവർ എംഎ‍ൽഎ എങ്ങിനെയാണ് ആഫ്രിക്കയിൽ ബിസിനസ് നടത്തുകയും വലിയ തുക ചെലവഴിക്കുകയും ചെയ്യുക എന്നത് വ്യക്തമാക്കണം.59 പേരുടെ മരണത്തിനിടയാക്കിയ കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പേരിൽപോലും ഭൂമികച്ചവടം നടത്തിയ മനുഷ്യത്വമില്ലാത്ത ക്രൂരനായ കച്ചവടക്കാരനാണ് പി.വി അൻവർ. പ്രളയദുരിതബാധിതർക്ക് സുമനസുകൾ സൗജന്യമായി നൽകിയ സ്ഥലം സർക്കാരിനെകൊണ്ട് ഏറ്റെടുപ്പിക്കാൻ എംഎ‍ൽഎ സമ്മർദ്ദം ചെലുത്തിയെന്ന് തുറന്നു പറഞ്ഞത് മലപ്പുറം കളക്ടറാണ്.

പ്രളയ പുനരധിവാസത്തിനു വേണ്ടി റീബിൽഡ് നിലമ്പൂരെന്ന പേരിൽ സ്വന്തം അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ പിരിച്ചെടുത്തിട്ടും നയാപൈസപോലും ചെലവഴിക്കാത്ത തട്ടിപ്പുകാരനാണ് അൻവർ. വയനാടിനും ഇടുക്കിക്കും പ്രളയ പുനരധിവാസത്തിന് സർക്കാർ പ്രത്യേക പാക്കേജ് അവതരിപ്പിച്ചിട്ടും രണ്ടു പ്രളയങ്ങൾ ഏറ്റുവാങ്ങിയ നിലമ്പൂരിന് ഒരു സ്പെഷൽ പാക്കേജ് പോലും കൊണ്ടുവരാൻ കഴിയാത്ത കഴിവുകെട്ട പൂർണപരാജയമായ ജനപ്രതിനിധിയാണ് പി.വി അൻവർ.

അഞ്ച് വർഷം കൊണ്ട് വികസനമില്ലാതെ നിലമ്പൂർ തകർന്നടിഞ്ഞപ്പോൾ പി.വി അൻവർ എംഎ‍ൽഎയാണ് വികസിച്ച് വളർന്നത്. 2016ൽ നിലമ്പൂരിൽ എംഎ‍ൽഎയായി മത്സരിക്കുമ്പോൾ 14.38 കോടി രൂപയായിരുന്നു പി.വി അൻവറിന്റെ ആസ്തി. 2019തിൽ പൊന്നാനിയിൽ മത്സരിക്കുമ്പോൾ ആസ്തി 49.95 കോടിയായി കുത്തനെ വർധിച്ചു. ആദായനികുതി അടയ്ക്കാത്ത പി.വി അൻവർ 49.95 കോടിയുടെ സ്വത്തുക്കൾ ആർജ്ജിച്ചതെങ്ങനെ എന്ന് വ്യക്തമാക്കണം.സ്വർണക്കടത്തും മയക്കുമരുന്ന് ഇടപാടും ഖനനവുമാണ് പല ആഫ്രിക്കൻ രാജ്യങ്ങളിലേയും മാഫിയാ ബിസിനസ്. ഇത്തരം ബിസിനസിനാണോ എംഎ‍ൽഎ ആഫ്രിക്കയിൽ പോയതെന്ന ആശങ്കയുണ്ട്. പി.വി അൻവർ എംഎ‍ൽഎയുടെ വിദേശയാത്രകളും ബിസിനസുകളും കള്ളപ്പണ ഇടപാടുകളെയുംകുറിച്ച് സർക്കാർ സമഗ്ര അന്വേഷണം നടത്തണം.

നിലമ്പൂരിൽ എംഎ‍ൽഎയായ ഉടൻ പൂക്കോട്ടുംപാടത്തെ റീഗൾ എസ്റ്റേറ്റ് ഗുണ്ടാസംഘത്തെ ഉപയോഗിച്ച് പിടിച്ചെടുക്കാൻ ശ്രമിച്ച കേസിൽ പ്രതിയാവുകയായിരുന്നു എംഎ‍ൽഎ. മംഗലാപുരത്ത് ക്രഷറിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് സിപിഎം സഹയാത്രികനായ മലപ്പുറം നടുത്തൊടി സലീമിൽ നിന്നും 50 ലക്ഷം തട്ടിയെടുത്ത വഞ്ചനാകേസിലെ പ്രതിയാണ് പി.വി അൻവർ. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പി.വി അൻവറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുകയാണ്. നാടിന്റെ വികസനമല്ല തട്ടിപ്പും വെട്ടിപ്പും ഭൂമിപിടുത്തവും നടത്തി സ്വന്തം സമ്പത്ത് വികസിപ്പിക്കുകയാണ് പി.വി അൻവർ.

നിലമ്പൂർ നിയോജകമണ്ഡലമെന്നാൽ നിലമ്പൂർ നഗരസഭ മാത്രമല്ലെന്ന് പി.വി അൻവർ എംഎ‍ൽഎയെ ഓർമ്മിപ്പിക്കുന്നു. നിലമ്പൂർ നിയോജകമണ്ഡലത്തിൽ ഏഴു പഞ്ചായത്തുകളിൽ 5 പഞ്ചായത്തിലും യു.ഡി.എഫാണ് ഭരിക്കുന്നത്. സിപിഎം ഭരിച്ചിരുന്ന വഴിക്കടവ്, മൂത്തേടം, കരുളായി പഞ്ചായത്തുകൾ യു.ഡി.എഫ് പിടിച്ചെടുക്കുകയും ചുങ്കത്തറ, എടക്കര പഞ്ചായത്തുകളിൽ ഭരണം നിലനിർ്ത്തുകയും ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ നിയോജകമണ്ഡലത്തിൽ ഭൂരിപക്ഷം യു.ഡി.എഫിനാണ്. കള്ളപ്പണമൊഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള പി.വി അൻവർ എംഎ‍ൽഎയുടെ നീക്കത്തിന് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് നിലമ്പൂരിൽ യു.ഡി.എഫിന്റെ മുന്നേറ്റം.

അൻവറിന്റെ കള്ള കച്ചവടം ഇനി നടക്കില്ലെന്ന് പറയാനുള്ള ആർജ്ജവമെങ്കിലും സിപിഎം നേതൃത്വം കാണിക്കണമെന്നും യൂത്ത്കോൺഗ്രസ് നിലമ്പൂർ മൂൻസിപ്പൽ പ്രസിഡന്റ് മൂർഖൻ ഷംസുദ്ദീൻ എന്ന മാനു, വഴിക്കടവ് മണ്ഡലം പ്രസിഡന്റ് റിഫാൻ വഴിക്കടവ്, അമരമ്പലം മണ്ഡലം പ്രസിഡന്റ് പി.അമീർ, വഴിക്കടവ് മുൻ പ്രസിഡന്റ ജൂഡി തോമസ് എന്നിവർ മലപ്പുറത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.