ടോക്യോ: ടോക്യോ ഒളിംപിക്‌സ് ബാഡ്മിന്റൻ സെമിയിൽ തോറ്റതിൽ സങ്കടമുണ്ടെങ്കിലും കഴിവിന്റെ പരമാവധി ശ്രമിച്ചുവെന്നും അവസാനം വരെ പൊരുതിയെന്നും ഇന്ന് തന്റെ ദിവസമായിരുന്നില്ലെന്നും ഇന്ത്യൻ താരം പി വി സിന്ധു.

ലോക ഒന്നാം നമ്പർ താരമായ ചൈനീസ് തായ്പേയിയുടെ തായ് സു യിംഗിനെ നേരിടാൻ നല്ല രീതിയിൽ തയ്യാറെടുത്തിരുന്നു. സെമി പോരാട്ടം എളുപ്പമാകില്ലെന്ന് അറിയാമായിരുന്നു. കാരണം ലോക ഒന്നാം നമ്പർ താരമായ യിംഗിനെതിരെ അനായാസം പോയന്റുകൾ കിട്ടുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും സിന്ധു പറഞ്ഞു.

ജയിക്കാനാവാത്തതിലും ഫൈനലിലെത്താൻ കഴിയാത്തതിലും വിഷമമുണ്ട്. രാജ്യത്തെ ജനങ്ങൾ നൽകിയ സ്‌നേഹത്തിനും പിന്തുണക്കും നന്ദിയുണ്ട്. ഇന്ന് എന്റെ ദിവസമായിരുന്നില്ല എന്ന് മാത്രമെ പറയാനുള്ളു. വെങ്കല മെഡലിനായുള്ള മത്സരത്തിൽ മികച്ച പോരാട്ടം കാഴ്ചവെക്കുമെന്നും സിന്ധു പറഞ്ഞു.

ഒളിംപിക്‌സ് സെമിയിൽ ചൈനീസ് തായ്പേയിയുടെ തായ് സു യിംഗിനെതിരെ നേരിട്ടുള്ള ഗെയിമുകളിലാണ് സിന്ധു അടിയറവ് പറഞ്ഞത്. ആദ്യ ഗെയിമിൽ ഒപ്പത്തിനൊപ്പം നിന്ന സിന്ധുവിന് പക്ഷെ രണ്ടാം ഗെയിമിൽ അവസരമൊന്നും നൽകാതെയാണ് തായ് സു യിങ് ജയിച്ചുകയറിയത്. 

ആദ്യ ഗെയിമിൽ തുടകത്തിൽ തിന്നെ 5-2ന് ലീഡ് നേടാൻ സിന്ധുവിനായിരുന്നു. എന്നാൽ പിന്നിൽ നിന്ന് പൊരുതി കയറിയ തായ് 11-11ന് ഒപ്പമെത്തി. പിന്നീട് ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു. സ്‌കോർ 16-16ലെത്തിക്കാനും പിന്നീട് 18-18 വരേയും ഇരുവരും ഒപ്പമായിരുന്നു. തുടർന്നുള്ള മൂന്ന് പോയിന്റുകൾ സിന്ധുവിന് വിട്ടുകൊടുക്കേണ്ടി വന്നു. ഇതോടെ ഗെയിം തായ് സ്വന്തമാക്കി.

രണ്ടാം ഗെയിമിലും നന്നായിട്ടാണ് സിന്ധു തുടങ്ങിയത്. തുടക്കത്തിൽ 3-4ൽ മുന്നിലെത്തുകയും ചെയ്തു. എന്നാൽ തിരച്ചെത്തിയ എതിർ താരം 8-4ലേക്കും പിന്നീട് 7-11ലേക്കും ലീഡുയർത്തി. തുടർന്ന് മത്സരം സിന്ധുവിന് നഷ്ടമാകുന്നതാണ് കണ്ടത്. ലീഡ് 9-17 ലേക്ക് ഉയർത്താനും പിന്നാലെ ഗെയിം സ്വന്തമാക്കാനും തായ് സു-യിംഗിന് അനായാസം സാധിച്ചു.