ദോഹ: ഖത്തറിലേക്ക് ഇന്നു മുതൽ വരുന്നവർക്ക് നെഗറ്റീവ് കോവിഡ് പി.സി.ആർ പരിശോധനാ ഫലം നിർബന്ധം. അംഗീകൃത ലബോറട്ടറിയിൽ നിന്നും യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെ നടത്തിയ പരിശോധനാ ഫലമാണ് ഹാജരാക്കേണ്ടത്. വാക്‌സിൻ എടുത്തവർ ഉൾപ്പെടെ ഖത്തറിലെത്തുന്ന എല്ലാവർക്കും പരിശോധനാ ഫലം നിർബന്ധമാണ്.

ഖത്തറിൽ നിന്ന് ആറ് മാസത്തിനിടെ വാക്‌സിനെടുത്തവർ രാജ്യത്തുനിന്ന് പുറത്തുപോയി തിരികെ വരികയാണെങ്കിൽ ക്വാറന്റീൻ ഇളവ് ലഭിക്കും. ഇന്ത്യയിലെ കൊവിഷീൽഡ് വാക്‌സിന് കഴിഞ്ഞ ദിവസം ഖത്തർ അംഗീകാരം നൽകിയതിനാൽ കൊവിഷീൽഡിന്റെ രണ്ട് ഡോസും നാട്ടിൽ വെച്ച് എടുത്ത ശേഷം 14 ദിവസത്തെ കാലാവധി പൂർത്തിയായവർക്കും ക്വാറന്റീൻ ഇളവ് ലഭിക്കും. വാക്‌സിനെടുത്തവർക്ക് ആറ് മാസം വരെയാണ് ഈ ഇളവ്. ആറ് മാസത്തിനിടെ കോവിഡ് പോസിറ്റീവായിരുന്നവർക്കും ക്വാറന്റീൻ ഇളവുണ്ടാകും. ഇതിനുള്ള രേഖ ഹാജരാക്കണം.