ഭോപാൽ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ഒരേ സമയം ആയിരം പേർക്ക് ക്വാറന്റൈൻ സൗകര്യം നൽകാൻ കഴിയുന്ന താൽക്കാലിക കോവിഡ് സെന്റർ തയാറാക്കി മധ്യപ്രദേശ് സർക്കാർ. മാധവ് സേവാ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മോത്തിലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് സെന്റർ തയാറാക്കിയത്.

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും ചേർന്നാണ് സെന്റർ ഉദ്ഘാടനം ചെയ്തത്. വൻ സജ്ജീകരണങ്ങളാണു ക്വാറന്റൈൻ സെന്ററിൽ ഒരുക്കിയിരിക്കുന്നത്.

ദിവസവും യോഗ ചെയ്യാനുള്ള സൗകര്യവും ഇക്കൂട്ടത്തിലുണ്ട്. വലിയ സ്‌ക്രീനുകളിൽ രാമായണം, മഹാഭാരതം എപ്പിസോഡുകൾ പ്രദർശിപ്പിക്കും. മഹാമൃത്യുഞ്ജയ മന്ത്രം, ഗായത്രീ മന്ത്രം തുടങ്ങിയവ എപ്പോഴും കേൾക്കാം.

എല്ലാ കിടക്കകളോടും ചേർന്ന് മൊബൈൽ ഫോൺ ചാർജ് ചെയ്യാനുള്ള സൗകര്യമുണ്ട്. മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്ര ബോസ്, എ.പി.ജെ. അബ്ദുൽ കലാം തുടങ്ങിയവരുടെ പേരിൽ പല വാർഡുകളായി തിരിച്ചാണ് പ്രവർത്തനം. ഓക്‌സിജൻ അടക്കമുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.