ലണ്ടൻ: പ്രായാധിക്യത്തിലും രാജ്യത്തെ എല്ലാ പ്രധാന ചടങ്ങുകളിലും നിറഞ്ഞു നിന്ന എലിസബത്ത് രാജ്ഞി രോഗക്കിടക്കയിലേക്ക്. രാജ്ഞിയുടെ മിക്ക പൊതുപരിപാടികളും റദ്ദാവുകയാണ്. ആരോഗ്യ പ്രശ്നങ്ങളാൽ ഇന്നലെ നടന്ന റിമമ്പറൻസ് ഡേയിലും രാജ്ഞി പങ്കെടുത്തില്ല. രാജ്ഞിയുടെ ആരോഗ്യ നിലയിൽ എങ്ങും ആശങ്ക ഉണർന്നു. അതേസമയം രാജ്ഞി സുഖമായി ഇരിക്കുന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി.

റിമമ്പറൻസ് ഡേ സെറിമണിയിൽ പങ്കെടുക്കണമെന്ന് രാജ്ഞിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും അനാരോഗ്യം മൂലം റദ്ദാക്കുക ആയിരുന്നെന്ന് ബക്കിങ് ഹാം പാലസ് വ്യക്തമാക്കി. അതേസമയം ലണ്ടൻ സെറിമണിയിൽ രാജ്ഞി പങ്കെടുക്കുമെന്നും കൊട്ടാരം ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇന്നലത്തെ റിമമ്പറൻസ് ഡേ സെറിമണിയിൽ രാജ്ഞി പങ്കെടുക്കുമെന്ന് തന്നെയാണ് അറിയിച്ചത്. എന്നാൽ പരിപാടി തുടങ്ങുന്നതിന് രണ്ട് മണിക്കൂറുകൾക്ക് മുൻപ് രാജ്ഞി ക്ഷീണിതയാണെന്നും പരിപാടിയിൽ പങ്കെടുക്കാൻ ആവില്ലെന്നും അറിയിക്കുക ആയിരുന്നു. അടുത്തിടെ ആശുപത്രിയിലായതുമായി ഈ പരിപാടി റദ്ദ് ചെയ്തതിന് ബന്ധമില്ലെന്നും വ്യക്തമാക്കി.

അസേയമം വിൻസറിലെ കൊട്ടാരത്തിലിരുന്ന് രാജ്ഞി പരിപാടി വീക്ഷിക്കുമെന്നും അധികൃതർ വിവരിച്ചു. അതേസമയം ഡച്ചസ് ഓഫ് കോൺവാൾ, ദ ഡ്യൂക്ക് ആൻഡ് ഡച്ചസ് ഓഫ് കേംബ്രിഡ്ജ് ദി, ഏൾ ആൻഡ് കൗണ്ടസ് ഓഫ് വെസക്സ് തുടങ്ങിയവർ റിമമ്പറൻസ് ഡേ ചടങ്ങിൽ പങ്കെടുത്തു. അതേസമയം രാജ്ഞി പങ്കെടുക്കാത്തത് ചടങ്ങിലെത്തിയ പലരേയും നിരാശപ്പെടുത്തി. രാജ്ഞി സുഖമായി ഇരിക്കുന്നതായും താൻ രാജ്ഞിയടൊപ്പം പല വേദികളും പങ്കിട്ടിരുന്നെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി.

റിമമ്പറൻസ് ഡേ പരിപാടിക്ക് പുറമേ രാജ്ഞി മറ്റനേകം പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. മൂന്നാഴ്ചത്തെ പരിപാടികളെല്ലാം തന്നെ റദ്ദ് ചെയ്തതായാണ് വിവരം. വലിയ പരിപാടികളിൽ പങ്കെടുക്കാവുന്ന അവസ്ഥയിലല്ലാ രാജ്ഞി എന്നാണ് സൂചന. രണ്ടാം ലോക മഹായുദ്ധക്കാലത്ത് കൗമാരക്കാരിയായിരുന്ന രാജ്ഞി സ്‌കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ച് ഓക്സിലറി ടെറിട്ടോറിയൽ സർവീസിൽ ജൂനിയർ കമാൻഡറായി മാറി. അതുകൊണ്ട് തന്നെ റിമമ്പറൻസ് ഡേയിൽ രാജ്ഞിയുടെ അഭാവം മറ്റുള്ളവരിൽ സങ്കടം ഉളവാക്കുന്നതായിരുന്നു.