ണ്ണടച്ചു തുറക്കുന്ന വേഗത്തിൽ കയത്തിലാണ്ടതുപോലെ ഒന്നുമില്ലായ്മയിലേയ്ക്കാണവർ ഓടിപ്പോയത്. സമൃദ്ധിയുടെ ജീവിത പരിസരത്തു നിന്ന് ജീവൻ മാത്രം കയ്യിൽ പിടിച്ച് ഓടിയെത്തിയത് വംശീയതയുടെ വിറങ്ങലിപ്പിക്കുന്ന അന്ധകാരത്തിലേക്കാണ്.

ഐക്യരാഷ്ട്ര സംഘടന പോലും പരാജയപ്പെട്ടപ്പോൾ മരണത്തിലേക്ക് എടുത്തെറിയപ്പെട്ടത് ഒരു കൂട്ടം പുരുഷന്മാരും ആൺകുട്ടികളുമാണ്. ഒരു കാൽ നൂറ്റാണ്ടിനപ്പുറം നടന്ന വംശീയ ശുദ്ധികലശത്തെ ഓരോ മനുഷ്യരുടെയും നെഞ്ചകത്തെ വിങ്ങലാക്കി മാറ്റിയ 'ഖ്വ വാഡിസ് ഐഡ' എന്ന ചിത്രം കഎഎഗ യുടെ ഉദ്ഘാടനചലച്ചിത്രമായി പ്രദർശിപ്പിച്ചത് എന്തുകൊണ്ടും പ്രസക്തമായി.ജാസ്മില സെബാനിക് എഴുതി സംവിധാനം ചെയ്ത ഈ ചിത്രം കപട ദേശീയ-മത- വംശീയ വെറികളുടെ പരിണതഫലം മാനവികതയുടെ നാശമാണെന്ന തിരിച്ചറിവ് നൽകാൻ ഉതകുന്നതാണ്.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ കൂട്ടക്കുരുതിയാണ് 1995-ൽ സ്രെബ്രെഹ്നീറ്റ്‌സയിൽ നടന്നത്. വംശീയ ശുദ്ധികലശം എന്ന പേരിൽ ഏഴായിരത്തിലധികം മുസ്ലിം പുരുഷന്മാരാണ് ഈ കൂട്ടക്കൊലയിൽ വധിക്കപ്പെട്ടത്. ബോസ്‌നിയ ഹെർസഗോവിനയുടെ കിഴക്കൻ പ്രദേശത്തെ ഒരു ചെറുപട്ടണമാണ് സ്രെബ്രെഹ്നീറ്റ്‌സ.

ഇരുപതിനായിരത്തിലധികം വരുന്ന സാധാരണക്കാർ ഈ പ്രദേശത്തു നിന്നും പൂർണ്ണമായും കുടിയൊഴിപ്പിക്കപ്പെട്ടു.മനസ്സിലേറ്റ മുറിവുണക്കാൻ കഴിയാതെ അതിജീവനത്തിന്റെ ശിഷ്ടകാലം ഉരുകിത്തീരാനായിരുന്നു രക്ഷപ്പെട്ടവരുടെ വിധി. വംശീയതയും ദേശീയതയും അധികാരത്തിന് വളമാകുമ്പോൾ സ്തംഭിച്ചു പോകുന്നത് നിസ്സഹായരായ മനുഷ്യരാണെന്ന് ഈ സംഭവം മനുഷ്യരാശിയെ ഒന്നാകെ പഠിപ്പിക്കുന്നു.

അദ്ധ്യാപികയായും പിന്നീട് യു എന്നിന്റെ ഡച്ച് സമാധാന സേനയുടെ ദ്വിഭാഷിയായും പ്രവർത്തിച്ച ഐഡ എന്ന സ്ത്രീയിലൂടെയാണ് ഈ സിനിമ മുന്നോട്ട് പോകുന്നത്. സമാധാനസേനയോടൊപ്പം പ്രവർത്തിക്കുമ്പോഴും വംശവെറിയന്മാരായ ബോസ്‌നിയൻ സേനയിൽ നിന്നും ഭർത്താവിനെയും ആൺമക്കളെയും രക്ഷിക്കാനുള്ള തീവ്രശ്രമവും അവർ നടത്തുന്നു.

മനുഷ്യജീവൻ രക്ഷിക്കാൻ തനിക്ക് ചെയ്യാനാകുന്നതും അതിനുമപ്പുറത്തേയ്ക്കും ക്രിയാത്മകമായും സന്ദർഭോചിതമായും പ്രവർത്തിക്കാൻ ഒരു സ്ത്രീ എന്ന നിലയിൽ അവർക്ക് സാധിക്കുന്നു.യാസ്‌ന ജ്യൂറിചിച്ച് ആണ് ഐഡ എന്ന കഥാപാത്രത്തെ അഭ്രപാളികളിൽ ഉജ്ജ്വലമാക്കിയത്. അഭിനയത്തിൽ അദ്ധ്യാപികയായ ഈ 55 കാരിക്ക് 2014 ൽ സെർബിയയുടെ 'ലൈഫ് അച്ചീവ്‌മെന്റ് അവാർഡും' ലഭിച്ചിട്ടുണ്ട്.

ഏറ്റവും നല്ല സിനിമയ്ക്കുള്ള 2020ലെ ഇന്റർനാഷണൽ ഫീച്ചർ ഫിലിം അവാർഡടക്കം ആറ് അവാർഡുകളും മൂന്ന് നോമിനേഷനുകളും ഇതിനോടകം തന്നെ ഈ ചിത്രത്തിന് ലഭിച്ചു കഴിഞ്ഞു.ജാസ്മില സെബാനിക് എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഖ്വ വാഡിസ് ഐഡ.ഒരു വിഭജനത്തിന്റെ ബാക്കിപത്രമായി സംഭവിച്ച ഈ കൂട്ടക്കൊലയേയും അതിജീവിച്ചവർ അനുഭവിക്കുന്ന മാനസികവിഷമതകളേയും സ്ത്രീപക്ഷത്തു നിന്നു കൂടി അവതരിപ്പിക്കുകയാണ് എഴുത്തുകാരിയും സംവിധായികയുമായ ജാസ്മില സെബാനിക്.

71-ആം ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഔദ്യോഗിക ജൂറി അംഗം കൂടിയാണ് ജാസ്മില.കപട ദേശീയതയും വംശീയതയും എങ്ങനെ മനുഷ്യരാശിയെ ബാധിക്കുന്നുവെന്ന് കൂട്ടക്കൊലയുടെ ചരിത്രാവിഷ്‌കാരത്തിലൂടെ സംവിധായിക മനോഹരമായി വരച്ചുകാട്ടുന്നു. സംശയ അധിക്ഷേപങ്ങളും വർണ്ണവെറിയും കൊണ്ടുനടക്കുന്നവരറിയണം അമ്മമാരുടെയും മക്കളുടെയും കണ്ണീരു മാത്രമേ അതിന്റെ ഫലമായുണ്ടാകൂ എന്ന്.. ഒരു കുഞ്ഞൻ വൈറസിനു പോലും മുട്ടുകുത്തിക്കാനാവുന്നത്ര അഹങ്കാരമേ മനുഷ്യനിലുള്ളൂ എന്ന് ഇനിയെങ്കിലും തിരിച്ചറിയണം.. നൽകാം ഒരിത്തിരി പ്രാധാന്യം മനുഷ്യത്വത്തിനും, സ്‌നേഹത്തിനും, സാഹോദര്യത്തിനും.