മനാമ: കോവിഡ് മഹാമാരിയിൽ പ്രതിസന്ധിയിലായ ഇന്ത്യക്ക് മെഡിക്കൽ സഹായവുമായി ഖത്തർ. അടിയന്തര സഹായം എത്തിക്കാൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉത്തരവിട്ടു. കഴിഞ്ഞ ദിവസം അമീറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചിരുന്നു. ഖത്തർ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. അഹ്മദ് ബിൻ ഹസൻ അൽ ഹമാദിയുമായി ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലും കൂടിക്കാഴ്ച നടത്തി.ഖത്തർ പെട്രോളിയത്തിന്റെ അനുബന്ധ കമ്പനിയായ ഗസാൽ ക്യുഎസ്സി ഇന്ത്യക്ക് 60 മെട്രിക് ടൺ ലിക്വിഡ് ഓക്‌സിജൻ കൈമാറും.

പ്രത്യേക ഐഎസ്ഒ ടാങ്കുകൾ ഫ്രാൻസിൽനിന്ന് എത്തിച്ച് ഇന്ത്യയിലേക്ക് ഓക്‌സിജൻ അയക്കാനുള്ള നടപടികളിലാണ് കമ്പനി.ഓക്‌സിജൻ കാനിസ്റ്ററുകൾ, പിപിഇ കിറ്റ്, മറ്റ് മെഡിക്കൽ വസ്തുക്കൾ തുടങ്ങി 300 ടൺ കാർഗോ ഇന്ത്യയിലേക്ക് സൗജന്യമായി എത്തിക്കുമെന്ന് ഖത്തർ എയർവേസ് അറിയിച്ചു. തിങ്കളാഴ്ച മൂന്ന് വിമാനങ്ങളിലായി ഇവ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ എത്തിക്കും.

വ്യക്തികളും സ്ഥാപനങ്ങളും വിതരണക്കാരും സംഭാവന ചെയ്ത സാധനങ്ങൾ കാർഗോയിൽ ഉണ്ടാകും. ഇന്ത്യയുമായി തങ്ങൾക്ക് ദീർഘകാലത്തെയും ആഴത്തിലുമുള്ള ബന്ധമാണുള്ളതെന്ന് ഗ്രൂപ് സിഇഒ അക്‌ബർ അൽ ബാകിർ പറഞ്ഞു. കോവിഡ് ഭീഷണി തുടങ്ങിയശേഷം ഇതുവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി 2 കോടി ഡോസ് വാക്‌സിനാണ് ഖത്തർ എയർവേസ് എത്തിച്ചത്.

ബഹ്‌റൈനിൽനിന്നും 40 ടൺ ലിക്വിഡ് ഓക്‌സിജനുമായി ഇന്ത്യയുടെ ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് തൽവാർ എന്നീ പുറപ്പെട്ടു. മൂന്ന് ദിവസത്തെ യാത്രക്കൊടുവിൽ കപ്പലുകൾ ഇന്ത്യയിലെത്തും.