തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത സംഭവത്തിൽ വിശദീകരണവുമായി മന്ത്രി ആർ. ബിന്ദു. വരന്റെ വീട്ടിലെ റിസപ്ഷനാണ് പോയതെന്നും വരൻ തന്റെ വിദ്യാർത്ഥിയായിരുന്നെന്നും ആർ ബിന്ദു പറഞ്ഞു. വരന്റെ അമ്മ ദീർഘകാലമായി മഹിളാ അസോസിയേഷൻ നേതാവാണെന്നും ഇത് അനാവശ്യ വിവാദം ഉണ്ടാക്കാനുള്ള ശ്രമമാണെന്നും മന്ത്രി പറഞ്ഞു.

'ഞാൻ വരന്റെ വീട്ടിൽ കല്യാണ റിസപ്ഷനാണ് പോയത്. വരന്റെ അമ്മ ലത ചന്ദ്രൻ സിപിഐ.എമ്മിന്റെ ഏരിയാ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷന്റെ ദീർഘകാലമായിട്ടുള്ള നേതാവുമാണ്. ഞങ്ങളൊരുമിച്ച് ഇരുപതുകൊല്ലത്തോളമായി പ്രവർത്തിക്കുന്നതാണ്. അവർ ഈ കേസിൽ പ്രതിയൊന്നുമല്ല. പിന്നെ ഇത് ഒരു പ്രണയ വിവാഹം കൂടിയാണ്. ഇന്റർ റിലീജിയസ് വിവാഹം കൂടിയാണ്. വരൻ എന്റെ വിദ്യാർത്ഥിയാണ്. ഇത് അനാവശ്യ വിവാദം ഉണ്ടാക്കാനുള്ള ശ്രമമാണ്. വധുവിന്റെ വീട്ടിലല്ല ഞാൻ കല്യാണത്തിന് പോയത്. പിന്നെ കുട്ടികൾ പ്രണയിച്ചാണ് കല്യാണം കഴിച്ചത്. കുട്ടികൾ ഡിവൈ.എഫ്.ഐയിൽ ഒക്കെ ഉള്ളവരാണ്,' ആർ. ബിന്ദു ഓൺ ലൈൻ പോർട്ടലിനോട് പ്രതികരിച്ചു.

കരുവന്നൂർ തട്ടിപ്പ് കേസിൽ, പിടികൂടാനുള്ള മൂന്ന് പ്രതികളിൽ ഒരാളായ മുൻ ഭരണ സമിതി അംഗം അമ്പിളി മഹേഷിന്റെ മകളുടെ വിവാഹ സൽക്കാരത്തിലാണ് കരുവന്നൂർ ഉൾപ്പെടുന്ന ഇരിങ്ങാലക്കുട മണ്ഡലത്തിൽനിന്നുള്ള എംഎൽഎയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയുടെ ഭാര്യയുമായ ഡോ. ആർ. ബിന്ദു പങ്കെടുത്തത്. വരന്റെ മുരിയാടിലെ വീട്ടിലെ സൽക്കാര ചടങ്ങിലാണ് മന്ത്രി പങ്കെടുത്തത്.

പ്രതിയുടെ മകളോട് ചേർന്നിരുന്ന് ഭക്ഷണവും കഴിച്ചാണ് മന്ത്രി മടങ്ങിയത്. കരുവന്നൂർ തട്ടിപ്പിൽ പാർട്ടി നിലപാടുകളോട് ഇടഞ്ഞു നിൽക്കുന്ന വിഭാഗം മന്ത്രി പങ്കെടുത്തത് വിവാദമാക്കിയിട്ടുണ്ട്. പാർട്ടിയെ അപമാനിച്ചും നിക്ഷേപകരെ പ്രതിസന്ധിയിലാക്കിയ തട്ടിപ്പുകാരോട് ഇപ്പോഴും പാർട്ടി നേതാക്കൾ പിന്തുണ നൽകുന്നതായി പ്രവർത്തകർ ആരോപിക്കുന്നു.

അതേസമയ പാർട്ടി പ്രവർത്തകരായ വരന്റെ കുടുംബത്തിന്റെ ക്ഷണപ്രകാരമാണ് പോയതെന്നാണ് വിശദീകരണം. സ്വന്തം മണ്ഡലത്തിനുള്ളിൽ നടന്ന വിവാഹമായതിനാലാണ് മന്ത്രി ആർ ബിന്ദു ചടങ്ങിൽ പങ്കെടുത്തതെന്ന വിശദീകരണങ്ങളാണ് പാർട്ടി വൃത്തങ്ങൾ അനൗദ്യോഗികമായി പറയുന്നത്.

ബാങ്കിൽ തട്ടിപ്പിന് കൂട്ടുനിന്നെന്ന് കണ്ടെത്തിയാണ് അമ്പിളി മഹേഷ് ഉൾപ്പടെ 11 ഭരണസമിതിയംഗങ്ങളെ പ്രതി ചേർത്തത്. ഇവരിൽ അമ്പിളി മഹേഷ് ഉൾപ്പടെ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്യാനുള്ളത്. കേസിൽ ഇനി പിടികൂടാനുള്ള മൂന്ന് പ്രതികളിൽ ഒരാളായ അമ്പിളി മഹേഷ് കരുവന്നൂർ സഹകരണ ബാങ്കിലെ ഭരണസമിതി അംഗമായിരുന്നു. കേസിൽ അമ്പിളി മഹേഷ് ഉൾപ്പെടെ രണ്ട് ഭരണസമിതി അംഗങ്ങളേയും മുഖ്യപ്രതിയായ കിരണിനേയുമാണ് ഇനി പിടികൂടാനുള്ളത്. തട്ടിപ്പിൽ പങ്കുള്ള ബാങ്ക് സെക്രട്ടറിയും പ്രസിഡന്റും ഉൾപ്പെടെയുള്ളവർ നേരത്തെ അറസ്റ്റിലായിരുന്നു.

അമ്പിളി മഹേഷ് ഉൾപ്പെടെയുള്ള മൂന്ന് പ്രതികൾ ഒളിവിലായതിനാണ് ഇവരെ പിടികൂടാൻ സാധിക്കാത്തതെന്നാണ് നേരത്തെ പൊലീസ് അറിയിച്ചിരുന്നത്. ഇതിനിടെയാണ് അമ്പിളി മഹേഷിന്റെ മകളുടെ വിവാഹം ഇരിങ്ങാലക്കുടയിൽ വിപുലമായ രീതിയിൽ നടന്നതും, മന്ത്രി ഉൾപ്പെടെ പങ്കെടുത്തതും.