കോതമംഗലം: സുരക്ഷിത താമസൗകര്യം ലഭിക്കണമെന്ന ആദിവാസികളുടെ ആവശ്യം കണക്കിലെടുത്ത്, സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ സുരക്ഷ ഉദ്യോഗസ്ഥരുടെ വിലക്കും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് മന്ത്രിയുടെ വനയാത്ര.

മന്ത്രി കെ രാധാകൃഷ്ണനാണ് ഇന്ന് രാവിലെ 7.45 ഓടെ ഇടമലയാറിൽ നിന്നും വനമധ്യത്തിലെ അറാക്കപ്പ് ആദിവാസി ഊരിലേയ്ക്ക് പുറപ്പെട്ടിട്ടുള്ളത്.ഏകദേശം ഒന്നര മണിക്കൂറോളം ബോട്ടിൽ യാത്ര ചെയ്ത്, കീലോമീറ്ററുകളോളം വാനപാതകളിലൂടെ സഞ്ചരിച്ചുവേണം ഊരിലെത്താൻ.

രാവിലെ മഴപെയ്യുന്നുണ്ടായിരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷവും കൂടിയായതോടെ മന്ത്രി യാത്ര മാറ്റിവയ്ക്കുമെന്നായിരുന്നു ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥ സംഘത്തിൽ ഏറെപ്പേരും വിശ്വസിച്ചിരുന്നത്. കാലവസ്ഥ അനുകൂലമല്ലന്നുള്ള വിവരം കൂടെയുണ്ടായിരുന്ന സുരക്ഷ ഉദ്യഗസ്ഥരിൽ ചിലർ മന്ത്രിയോട് സൂചിപ്പിച്ചെങ്കിലും യാത്ര മാറ്റിവയ്ക്കാൻ മന്ത്രി തയ്യാറായില്ല.

ഭൂതത്താൻകെട്ട് ഐ ബിയിലായിരുന്നു മന്ത്രി ഇന്നലെ താമസിച്ചത്. ഇവിടെ നിന്നും 7.45 -ഓടെ മന്ത്രി ഇടമലയാർ ജലാശയതീരത്തെത്തി. അപ്പോഴേയ്ക്കും ബോട്ടുമായി ഡ്രൈവർ ജോബി റെഡി. മിനിട്ടുകൾക്കുള്ളിൽ ബോട്ട് കപ്പായം ലക്ഷ്യമാക്കി യാത്ര തിരിച്ചു. അറാക്കപ്പ് ഊരിലേയ്ക്ക് എത്തണമെങ്കിൽ ഇവിടെ നിന്നും വീണ്ടും കിലോമാറ്റുകൾ പിന്നിടണം.

മഴയും കാറ്റുമുള്ള കാലാവസ്ഥയിൽ ജലാശയത്തിൽ ശക്തമായ തിരയിളക്കമുണ്ടാവുന്നതിന് സാധ്യതയുണ്ട്. ഈ ഘട്ടത്തിൽ ബോട്ട് മുന്നോട്ടുകൊണ്ടുപോകുക ഏറെ ശ്രമകരമായ ദൗത്യമാണ്. ഇതുനുപറമെ അറാക്കപ്പിൽ ഉരുൾപൊട്ടൽ ഭീഷിണിയും നിലനിൽക്കുന്നു. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് സുരക്ഷ ഉദ്യോഗസ്ഥർ മന്ത്രിയെ യാത്രയിൽ നിന്നും പിൻതിരിപ്പിക്കാൻ ശ്രമിച്ചത്.

ഊരുൾപൊട്ടലും വന്യമൃഗ ശല്യവും മൂലം ഊരിൽ താമസിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് വെളിപ്പെടുത്തി 11 കുടുംബങ്ങൾ മാസങ്ങൾക്ക് മുമ്പ് കോളനി വിട്ടിരുന്നു. ഇവരിപ്പോൾ ഇടമലയാറിലെ ട്രൈബൽ സ്‌കൂൾ ഹോസ്റ്റലിലാണ് താമസിച്ചുവരുന്നത്.സുരക്ഷിതമായ താമസസൗകര്യം ലഭിക്കാതെ ഇവിടെ നിന്നും ഇറങ്ങില്ലന്നാണ് ഇവരുടെ നിലപാട്.

ഈ സാഹചര്യത്തിൽ മന്ത്രി പ്രശ്നത്തിൽ ഇടപെടുകയും അറാക്കപ്പിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി ,മെച്ചപ്പെട്ട താമസ സൗകര്യം ഒരുക്കാൻ ധാരണയാവുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ട്രൈബൽ ഹോസ്റ്റലിൽ താമസിക്കുന്നവരെ കോതമംഗലം തഹസിൽദാർ നോട്ടീസ് നൽകി വിളിച്ചുവരുത്തി വിവരങ്ങൾ ധരിപ്പിച്ചു.

എന്നാൽ ഹോസ്റ്റലിൽ താമസിക്കുന്നവർ കോളനിലിലേയ്ക്ക് മടങ്ങില്ല എന്ന നിലപാട് വ്യക്തമാക്കി സ്ഥലം വിടുകയായിരുന്നു.ഹോസ്റ്റലിൽ നിന്നും ബലം പ്രയോഗിച്ച് ഇറക്കിവിട്ടാൽ കൂട്ട ആത്മഹത്യയ്ക്കും മടിക്കില്ലന്ന് താമസക്കാർ മാധ്യമങ്ങൾ മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിയുടെ അറാക്കപ്പ് ഊര് സന്ദർശനം.

മന്ത്രി തിരിച്ചെത്തുമ്പോൾ തങ്ങളെ കാണുമെന്നും ദുരവസ്ഥപരിഹരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നുമാണ് ഹോസ്റ്റലിൽ കഴിയുന്ന ഊരുനിവാസികളുടെ പ്രതീക്ഷ.