തെന്നിന്ത്യൻ താരം പ്രഭാസ് അഭിനയിക്കുന്ന പ്രണയചിത്രം രാധേശ്യാം ജൂലൈ 30 ന് തിയറ്ററുകളിൽ എത്തും. പ്രണയദിനത്തിൽ പുറത്തുവിട്ട ടീസറിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപനം അണിയറപ്രവർത്തകർ നടത്തിയത്. വനമേഖലയിലൂടെ ചീറിപ്പാഞ്ഞ് വരുന്ന തീവണ്ടിയുടെ ദൃശ്യത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. തിരക്കേറിയ റെയിൽവേ സ്‌റ്റേഷനിൽ വെച്ച് പ്രേക്ഷകർക്ക് കൗതുകമുണർത്തി ഇറ്റാലിയൻ ഭാഷയിൽ പൂജയോട് പ്രഭാസ് സല്ലപിക്കുന്ന ദൃശ്യവും വീഡിയോയിൽ കാണാം. നീയാര് റോമിയോ ആണന്നാണോ കരുതിയിരിക്കുന്ന് എന്ന പൂജയുടെ ചോദ്യത്തിന് അവൻ പ്രേമത്തിന് വേണ്ടി മരിച്ചവനാണെന്നും ഞാൻ ആ ടൈപ്പല്ലെന്ന് പ്രഭാസ് പറയുന്നതും വീഡിയോയിൽ കാണാം. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നട, മലയാളം എന്നീ നാല് ഭാഷകളിലാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്.

വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ പ്രേരണയെയാണ് പൂജ ഹെഗ്‌ഡെ ചിത്രത്തിൽവേഷമിടുന്നത്. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം റൊമാന്റിക് ഹീറോയായി പ്രഭാസ് തിരശീലയിലെത്തുന്ന ഖ്യാതിയും ചിത്രത്തിനുണ്ട്. 2010 ൽ പുറത്തിറങ്ങിയ ഡാർലിങ് ചിത്രത്തിലായിരുന്നു താരം അവസാനമായി റൊമാന്റിക് വേഷം കൈകാര്യം ചെയ്തിരുന്നത്.പ്രണയദിനത്തിൽ പുറത്തിറങ്ങിയ ടീസറിന് സോഷ്യൽ മീഡിയയിൽ വൻ സ്വീകരണമാണ് ലഭിച്ചത്. ഇരുവരും താരജോഡികളായി എത്തുന്ന പ്രണയ ചിത്രം ഒരുക്കുന്നത് രാധാകൃഷ്ണകുമാറാണ്. യുവി ക്രിയേഷന്റെ ബാനറിൽ ഭൂഷൺ കുമാർ, വാംസി, പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സച്ചിൻ ഖേദേക്കർ, ഭാഗ്യശ്രീ, പ്രിയദർശി, മുരളി ശർമ, സാശാ ചേത്രി, കുനാൽ റോയ് കപൂർ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.

ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരനാണ്.ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിങ്: കോട്ടഗിരി വെങ്കിടേശ്വര റാവു,ആക്ഷൻ: നിക്ക് പവൽ,ശബ്ദ രൂപകൽപ്പന: റസൂൽ പൂക്കുട്ടി,നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനർ: തോട്ട വിജയഭാസ്‌കർ,ഇഖ ലഖാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ. സന്ദീപ്.