ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിലെ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമർശനവുമായി വീണ്ടും കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ ഭീരുത്വമാണ് ഇന്ത്യൻ മണ്ണ് ചൈന കൈയേറാൻ ഇടയാക്കിയതെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു.

പ്രധാനമന്ത്രി ഒഴിച്ച് ബാക്കി എല്ലാവരും ഇന്ത്യൻ സൈന്യത്തിന്റെ പ്രാപ്തിയിലും ശൗര്യത്തിലും വിശ്വസിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഭീരുത്വം നമ്മുടെ ഭൂമി കൈയടക്കാൻ ചൈനയെ അനുവദിച്ചു. അദ്ദേഹം കള്ളങ്ങൾ കൊണ്ട് ചൈനയെ പിന്താങ്ങുകയാണെന്നും രാഹുൽ വ്യക്തമാക്കി.

രാജ്യത്തിന്റെ 74-ാം സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ സംസാരിക്കവെ ചൈനയെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. ലഡാക്കിലെ ഇന്ത്യൻ ശക്തി ലോകം കണ്ടുവെന്നും വെട്ടിപ്പിടിക്കൽ നയത്തെ ഇന്ത്യ എന്നും എതിർത്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് വീണ്ടും വിമർശനവുമായി രാഹുൽ എത്തുന്നത്.